image

14 Nov 2022 10:59 AM GMT

Technology

ഡെബിറ്റ് കാര്‍ഡ് നമ്പറില്ലേ ? ആധാര്‍ നമ്പറിൽ യുപിഐ ആക്ടിവേഷന്‍ സാധ്യമാക്കി ഫോണ്‍പേ

MyFin Desk

phonepe new features
X

phonepe new features



ഡെബിറ്റ് കാര്‍ഡ് നമ്പര്‍ നല്‍കിയാല്‍ മാത്രമായിരുന്നു മുന്‍പ് ഗൂഗിള്‍പേ, ഫോണ്‍പേ പോലുള്ള ആപ്പുകളില്‍ യുപിഐ ആക്ടിവേഷന്‍ സാധിച്ചിരുന്നത്. ഡെബിറ്റ് കാര്‍ഡ് കൊണ്ടു നടക്കാത്ത ആളുകളില്‍ ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. എന്നാലിനി ആധാര്‍ കാര്‍ഡിന്റെ നമ്പര്‍ നല്‍കിയാല്‍ ഫോണ്‍പേ ആപ്പില്‍ യുപിഐ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്‌തെടുക്കാന്‍ സാധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. ബാങ്ക് അക്കൗണ്ടും ആധാറും തമ്മില്‍ ലിങ്ക് ചെയ്തിരിക്കണം.

മാത്രമല്ല ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോണ്‍ നമ്പര്‍ നല്‍കുകയും വേണം. ഇതിലേക്ക് വരുന്ന ഒടിപി കൂടി ഫോണ്‍പേ ആപ്പില്‍ നല്‍കുന്നതോടെ ആക്ടിവേഷന്‍ പ്രക്രിയ പൂര്‍ത്തിയാകും. യുപിഐ ആക്ടിവേറ്റ് ചെയ്യാന്‍ ആധാര്‍ കാര്‍ഡിന്റെ അവസാന ആറ് അക്കം നല്‍കിയാല്‍ മതി. രാജ്യത്ത് യുപിഐ സേവനം ലഭ്യമാകാത്ത ആളുകളില്‍ ഇത് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചുവടുവെപ്പെന്നും ഫോണ്‍പേ പേയ്‌മെന്റ്‌സ് വിഭാഗം മേധാവി ദീപ് അഗര്‍വാള്‍ പറഞ്ഞു.

യുപിഐ ലൈറ്റും പ്രയോജനപ്പെടുത്താം

ഫോണില്‍ ഇന്റര്‍നെറ്റ് ഇല്ലെങ്കിലും 'ചെറിയ' ഇ-പേയ്മെന്റുകള്‍ ലളിതമായി നടത്താനുള്ള 'യുപിഐ ലൈറ്റ്' ഗവര്‍ണര്‍ ശക്തികാന്തദാസ് ഏതാനും ആഴ്ച്ച മുന്‍പാണ് ലോഞ്ച് ചെയ്തത്. യുപിഐ പേയ്മെന്റ് വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആര്‍ബിഐ ഇത് അവതരിപ്പിച്ചത്. ഇതോടെ യുപിഐ ലൈറ്റ് എന്ന ഓണ്‍ഡിവൈസ് വാലറ്റ് സേവനത്തിലൂടെ 200 രൂപ വരെയുള്ള ചെറു പേയ്മെന്റുകള്‍ പിന്‍ ഇല്ലാതെ തന്നെ നടത്താന്‍ സാധിക്കും.

ടെലികോം നെറ്റ് വര്‍ക്കുകളെ അധികം ആശ്രയിക്കാതെ തന്നെ ഇടപാടുകള്‍ സുഗമമായി നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ വാലറ്റ് ഇറക്കിയത്. സാധാരണ യുപിഐ ആപ്പ് പോലെ ഒന്നിലധികം സെര്‍വറുകളിലൂടെ ഇടപാട് സന്ദേശത്തിന് സഞ്ചരിക്കേണ്ടി വരില്ല എന്നതും ആപ്പിന്റെ പ്രത്യേകതയാണ്. ചെറിയ തുകയുടെ കൈമാറ്റം ഏറെ നടക്കുന്ന രാജ്യമായതിനാല്‍ ഇത് മികച്ചൊരു മുന്നേറ്റം സൃഷ്ടിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

യുപിഐ ലൈറ്റ് എന്നത് ഒരു ഓണ്‍ഡിവൈസ് വാലറ്റാണ്. ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈ വാലറ്റിലേക്ക്് പണം നിക്ഷേപിക്കുവാന്‍ സാധിക്കും. യുപിഐ ലൈറ്റ് വാലറ്റ് വഴി പേയ്മെന്റ് നടത്തുന്നതിന് ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല. പരമാവധി 200 രൂപയുടെ പേയ്മെന്റ് വരെയാണ് ഇതുവഴി നടത്താന്‍ സാധിക്കുന്നതെങ്കിലും 2000 രൂപ വരെ ബാലന്‍സ് ഇതില്‍ സൂക്ഷിക്കുവാന്‍ പറ്റും. ചുരുക്കി പറഞ്ഞാല്‍ ഓഫ്ലൈനായി പ്രവര്‍ത്തിക്കുന്ന ഒരു ഇ-വാലറ്റാകും ഇത്. എന്നാല്‍ വാലറ്റിലേക്ക് പണം ഇടണമെങ്കില്‍ അത് ഓണ്‍ലൈനായി മാത്രമേ സാധിക്കൂ.