Summary
- ഏഷ്യയിലെ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡെപ്പോസിറ്ററിയാണ് സിഡിഎസ്എൽ
- സി ഡി എസ് എൽ 1999 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ചു.
മുംബൈ : രാജ്യത്തെ പ്രമുഖ ഡെപ്പോസിറ്ററിയായ സെൻട്രൽ ഡെപ്പോസിറ്ററി സർവീസ് ലിമിറ്റഡിൽ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം വർധിക്കുന്നുണ്ടെന്നും , പ്ലാറ്റ്ഫോമിൽ നിലവിൽ പ്രവർത്തനക്ഷമമായ ഡീമാറ്റ് അക്കൗണ്ടുകൾ 8 കോടിയിലധികമായെന്നും റിപ്പോർട്ട്.
ഇതോടെ ഏഷ്യയിലെ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യത്തെ ഡെപ്പോസിറ്ററിയായ സിഡിഎസ്എൽ രാജ്യത്തെ ഏറ്റവും വലിയ ഡെപ്പോസിറ്ററിയായി മാറി.
എട്ടു കോടിയിലധികം വരുന്ന ഡീമാറ്റ് അക്കൗണ്ടുകളുടെ നിയന്ത്രണത്തിന് റെഗുലേറ്ററിയുടെ കൃത്യമായ മാർഗ നിർദേശവും, മാർക്കറ്റ് ഇൻഫ്രാസ്ട്രച്ചർ സ്ഥാപനങ്ങളുടെയും, മറ്റു ഇടനിലക്കാരുടെയും ക്ര്യത്യമായ പിന്തുണയും അനിവാര്യമാണെന്ന് സി ഡി എസ്എൽ മാനേജിങ് ഡയറക്ടർ നിഹാൽ വോറൽ അഭിപ്രായപ്പെട്ടു.
1999 ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച സി ഡി എസ് എൽ സ്റ്റോക്ക് എക്സ്ചേയ്ഞ്ചുകളിൽ നടക്കുന്ന വ്യാപാരങ്ങളുടെ പണമിടപാട് സുഗമമാക്കുകയും, ഇലക്ട്രോണിക് രൂപത്തിൽ സെക്യുരിറ്റികൾ കൈവശം വയ്ക്കുകയും ചെയ്യുന്നു. ബി എസ് ഇ, സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്, പിപിഎഫ്എഎസ് മ്യൂച്ചൽ ഫണ്ട്, എൽഐസി, കനറാ ബാങ്ക് എന്നിവരാണ് സിഡിഎസ്എല്ലിന്റെ ഓഹരികൾ പ്രധാനമായും കൈവശം വച്ചിരിക്കുന്നത്.
സിഡിഎസ്എല്ലിന്റെ ഉപസ്ഥാപനമായ സിഡിഎസ്എൽ വെഞ്ച്വർസ് ആദ്യത്തെ ഏറ്റവും വലിയ കെ വൈ സി രജിസ്‌ട്രേഷൻ ഏജൻസിയാണ്. 2008 മുതൽ പ്രവർത്തനമാരംഭിച്ച കമ്പനിക്ക് 4.5 കോടിയിലധികം റെക്കോർഡ് റിപ്പോർട്ട് രേഖപെടുത്തിയിട്ടുണ്ട്.
സിഡിഎസ്എൽ ഇൻഷുറൻസ് റെപ്പോസിറ്ററി, സിഡിഎസ്എൽ കമ്മോഡിറ്റി റെപ്പോസിറ്ററി മുതലായവയാണ് മറ്റു ഉപസ്ഥാപനങ്ങൾ.