18 Feb 2023 6:41 AM GMT
Summary
എബിബി ഇന്ത്യ, കനറാ ബാങ്ക്, പേജ് ഇൻഡസ്ട്രീസ്, വരുൺ ബിവറേജസ് എന്നി കമ്പനികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തും
മുംബൈ: അദാനി ഗ്രൂപ്പിന്റെ കമ്പനികളായ അദാനി വിൽമർ, അദാനി പവർ എന്നിവയെ നിഫ്റ്റി സൂചികകളിൽ ഉൾപ്പെടുത്തുമെന്ന് നാഷണൽ സ്റ്റോക്ക് എക്സ്ചേയ്ഞ്ച് പ്രസ്താവിച്ചു. 2023 മാർച്ച് 31 മുതൽക്കാണ് കമ്പനികൾ നിഫ്റ്റി സൂചികളിൽ ഉണ്ടാവുക.
നിഫ്റ്റി നെക്സ്റ്റ് ൫൦ , നിഫ്റ്റി 100 എന്നി സൂചികകളിൽ അദാനി വിൽമറിനെ ഉൾപ്പെടുത്തും. നിഫ്റ്റി 500, നിഫ്റ്റി 200, നിഫ്റ്റി മിഡ് ക്യാപ് 100 , നിഫ്റ്റി മിഡ്ക്യാപ് 150 , നിഫ്റ്റി ലാർജ് മിഡ്ക്യാപ് 250, നിഫ്റ്റി മിഡ് സ്മാൾ ക്യാപ് 400 എന്നിവയിലാണ് അദാനി പവറിനെ ഉൾപെടുത്തുക. സൂചികകളിലെ മാറ്റം മാർച്ച് 31 മുതൽക്ക് പ്രാബല്യത്തിലുണ്ടാകും.
എൻഎസ്ഇ ഇൻഡിസസ് ലിമിറ്റഡ് ആനുകാലിക അവലോകനത്തിന് ഭാഗമായി ഇത്തരത്തിൽ സൂചികകളിലെ ഓഹരികളിൽ മാറ്റം വരുത്താറുണ്ട്.
എന്നാൽ ഇപ്പോൾ നിഫ്റ്റി 50 യിലുള്ള കമ്പനികളിൽ എൻഎസ്ഇ മാറ്റം വരുത്തില്ല.
അദാനി വിൽമറിനെ കൂടാതെ എബിബി ഇന്ത്യ, കനറാ ബാങ്ക്, പേജ് ഇൻഡസ്ട്രീസ്, വരുൺ ബിവറേജസ് എന്നി കമ്പനികളെയും ലിസ്റ്റിൽ ഉൾപ്പെടുത്തും.
ബന്ധൻ ബാങ്ക്, ഗ്ലാൻഡ് ഫാർമ, എംഫസിസ്, വൺ 97 കമ്മ്യൂണിക്കേഷൻസ് എന്നിവയെ നിഫ്റ്റി നെക്സ്റ്റ് 50 സൂചികയിൽ നിന്നും ഒഴിവാക്കും.
ഈ ആഴ്ചയുടെ ആദ്യം മോർഗൻ സ്റ്റാൻലി കാപിറ്റൽ ഇന്റർനാഷണൽ (എംഎസ് സിഐ), അദാനി ഗ്രൂപ് കമ്പനികളായ അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ എന്നിവയുടെ വെയിറ്റേജ് കുറക്കുന്ന നടപടി മാറ്റി വച്ചിരുന്നു. മെയ് മാസത്തിലേക്കാണ് മാറ്റി വച്ചിട്ടുള്ളത്.
ഓഹരി കൃതിമത്വം, അക്കൗണ്ടിംഗ് തട്ടിപ്പ് എന്നി ആരോപണങ്ങൾ ഉന്നയിച്ച് പുറത്തു വിട്ട ഹിൻഡൻ ബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഓഹരികളെല്ലാം കൂപ്പു കുത്തിയിരുന്നു.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.