അടിസ്ഥാന സൗകര്യ വികസനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആസൂത്രണ കമ്മിഷന്‍ ഊന്നല്‍ നല്‍കി. ഇതിന്റെ ഫലമായി വിദ്യാഭ്യാസം, ഊര്‍ജം,...
അടിസ്ഥാന സൗകര്യ വികസനത്തിനും ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആസൂത്രണ കമ്മിഷന്‍ ഊന്നല്‍ നല്‍കി. ഇതിന്റെ ഫലമായി വിദ്യാഭ്യാസം, ഊര്‍ജം, വ്യവസായം, റെയില്‍വേ, ജലസേചനം തുടങ്ങിയ മേഖലകളില്‍ വന്‍ നിക്ഷേപം നടന്നു. ഇന്ത്യ കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും ചരക്ക് കയറ്റിറക്ക്, ഉപഭോക്തൃ മേഖലയിലും വലിയ പുരോഗതി കൈവരിച്ചു.
ദേശസാത്ക്കരണം, ഹരിതവിപ്ലവം തുടങ്ങിയ ശ്രദ്ധേയമായ നിരവധി ആശയങ്ങള്‍ ആസൂത്രണ കമ്മിഷന്‍ അവതരിപ്പിക്കുകയും ഉദാരവല്‍ക്കരണം, സ്വകാര്യവല്‍ക്കരണം തുടങ്ങിയ പുതിയ ആശയങ്ങള്‍ കൊണ്ടുവരികയും ചെയ്തു. സാമൂഹ്യനീതി, ഭരണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജനം, ആരോഗ്യം, നൈപുണ്യ വികസനം എന്നിവയ്ക്ക് ആസൂത്രണ കമ്മീഷന്‍ വലിയ ഊന്നല്‍ നല്‍കി. ഇന്ത്യയെ ദാരിദ്ര്യത്തില്‍ നിന്നും വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയിലേക്ക് മാറ്റിയെടുക്കുവാന്‍ ചിട്ടയായതും ഘട്ടം ഘട്ടമായുള്ളതുമായ രീതി നടപ്പിലാക്കി.
എന്നാല്‍ ഇന്ത്യയില്‍ അവതരിപ്പിച്ച ആസൂത്രണ കമ്മിഷന് നിരവധി പോരായ്മകളുണ്ടായിരുന്നു. ഇവ പരിഹരിച്ചുകൊണ്ട് അല്‍പം കൂടി വിശാലമായ രീതിയിലാണ് നീതി ആയോഗ് നടപ്പാക്കിയത്. പ്രധാനമായും സംസ്ഥാനങ്ങളുമായി സ്ഥിരമായി ഇടപഴകുന്നതിന് ആസൂത്രണ കമ്മിഷന് ഘടനാപരമായ സംവിധാനമില്ലായിരുന്നു. കേന്ദ്രവും സംസ്ഥാനവും തമ്മില്‍, അല്ലെങ്കില്‍ മന്ത്രാലയങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഫലപ്രദമായൊരു ഫോറമില്ലായിരുന്നു. വിദഗ്ദരുടെ അപര്യാപ്തതയും ആ മേഖലയിലുള്ള അജ്ഞതയും പദ്ധതി പരാജയപ്പെടുവാനിടയാക്കി. ആസൂത്രണ കമ്മിഷന്‍ നടപ്പാക്കിയ ആദ്യ പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെട്ട ഭൂപരിഷ്‌കരണം നടപ്പാക്കുന്നതില്‍ സമിതി പരാജയപ്പെട്ടു.
ആസൂത്രണ കമ്മിഷന്‍ ഒരു അപൂര്‍ണമായ ചട്ടക്കൂടിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ലക്ഷ്യങ്ങള്‍ കൈവരിക്കാത്തതിന് കേന്ദ്രത്തെയോ സംസ്ഥാനങ്ങളെയോ ഉത്തരവാദികളാക്കാന്‍ കഴിഞ്ഞില്ല. എല്ലാവര്‍ക്കും ഒരേ രീതിയില്‍ അവതരിപ്പിച്ച പദ്ധതികളായതിനാല്‍ വ്യക്തമായ ഫലങ്ങള്‍ കാണിക്കുന്നതില്‍ പരാജയപ്പെട്ടു. ദുര്‍ബലമായ നടപ്പാക്കലും നിരീക്ഷണവും വിലയിരുത്തലുമായിരുന്നു മറ്റൊരു പോരായ്മ. കേന്ദ്രീകരണത്തേക്കാള്‍ ഫെഡറലിസം പോലുള്ള ആശയങ്ങളാണ് സമകാലിക ലോകത്തെ നിയന്ത്രിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ ഏകദേശം 139 കോടിയായി ഉയര്‍ന്നു, ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലതും യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ വലുതാണ്. ഈ സാഹചര്യത്തില്‍ ആസൂത്രണ കമ്മിഷന്റെ പദ്ധതികള്‍ വേണ്ട വിധത്തില്‍ രാജ്യത്തിന് ഗുണം ചെയ്യില്ല. ആഗോള മത്സര അന്തരീക്ഷത്തില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന സ്ഥാപനങ്ങള്‍ പുതിയ സമ്പദ് വ്യവസ്ഥയ്ക്ക് ആവശ്യമാണ്.
ജിഡിപിയില്‍ കാര്‍ഷികമേഖലയുടെ വിഹിതം ഗണ്യമായി കുറഞ്ഞുവരുമ്പോള്‍ സേവനമേഖലയുടെ വിഹിതം വര്‍ധിച്ചുവരികയാണ്. 1991 മുതല്‍, നമ്മുടെ സമ്പദ് വ്യവസ്ഥ ഉദാരവത്ക്കരിക്കപ്പെട്ടതിനാല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സമ്പദ് വ്യവസ്ഥയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ആധുനിക ഗതാഗതം, മാധ്യമങ്ങള്‍, വാര്‍ത്താവിനിമയം, അന്താരാഷ്ട്ര കമ്പനികള്‍, വിപണികള്‍ എന്നിവയെ തമ്മില്‍ ബന്ധിപ്പിച്ചിരിക്കുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. രാജ്യം വികസനത്തിലെത്തിയതോടെ ജനങ്ങള്‍ അതിജീവനത്തില്‍ നിന്ന് സുരക്ഷിത ജീവിതം കണ്ടെത്തുന്നതിലേക്കും സേവിങ്‌സുകള്‍ മാറ്റിവയ്ക്കുന്നതിനലേക്കും മാറി. അതിനാല്‍ ഭരണസംവിധാനങ്ങളും പദ്ധതികളും അതേപടി നിലനിര്‍ത്താതെ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതുണ്ട്.
സംസ്ഥാനങ്ങള്‍ക്ക് പങ്കാളിത്തവും ഫെഡറല്‍ തത്ത്വങ്ങളില്‍ അധിഷ്ഠിതവുമായ പുതിയ സംവിധാനമാണ് നീതി ആയോഗിലൂടെ നടപ്പാക്കിയത്.