സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ...
സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിലൂടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ ഇന്ത്യാ ഗവൺമെന്റിന്റെ സ്ഥാപനമാണ് നീതി ആയോഗ്. വിവിധ സർക്കാർ നയങ്ങൾ താഴെത്തട്ടിൽ പ്രവർത്തിപ്പിച്ചുകൊണ്ട് സാമ്പത്തിക വികസനം നേടുകയെന്നതാണ് നീതി ആയോഗ് ലക്ഷ്യമിടുന്നത്. നീതി ആയോഗ് പ്രാരംഭ കാലങ്ങളിൽ 15 വർഷത്തെ ലക്ഷ്യങ്ങളായിരുന്നു ഉന്നമിട്ടത്. 7 വർഷത്തെ കർമ്മ പദ്ധതി, അമൃത്, ഡിജിറ്റൽ ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ, മെഡിക്കൽ വിദ്യാഭ്യാസ പരിഷ്‌കരണം, കാർഷിക പരിഷ്‌കരണങ്ങൾ (മോഡൽ ലാൻഡ് ലീസിങ് നിയമം, കാർഷികോത്പന്നങ്ങളുടെ പരിഷ്‌കാരങ്ങൾ) എന്നിവ ഇതിൽ ഉൾപ്പെടുന്നു.
മാർക്കറ്റിങ് കമ്മിറ്റി ആക്ട്, അഗ്രികൾച്ചറൽ മാർക്കറ്റിങ്, കർഷക സൗഹൃദ പരിഷ്‌കരണ സൂചിക, ആരോഗ്യം, വിദ്യാഭ്യാസം, ജല മാനേജ്‌മെന്റ് എന്നിവയിൽ സംസ്ഥാനങ്ങളുടെ പ്രകടനം അളക്കുക, കേന്ദ്രാവിഷ്‌കൃത പദ്ധതികൾ മെച്ചപ്പെട്ടതാക്കുന്നതിന് മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ്, സ്വച്ഛ് ഭാരത് അഭിയാൻ വിഷയത്തിൽ മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ്, നൈപുണ്യ വികസനം സംബന്ധിച്ച മുഖ്യമന്ത്രിമാരുടെ ഉപഗ്രൂപ്പ്, കൃഷി, ദാരിദ്ര്യം എന്നിവയെക്കുറിച്ചുള്ള ടാസ്‌ക് ഫോഴ്സ്, ട്രാൻസ്ഫോർമിങ് ഇന്ത്യ പ്രഭാഷണ പരമ്പര എന്നിവയെല്ലാം നീതി ആയോഗിന്റെ കീഴിൽ വരുന്നു.
ആസൂത്രണ കമ്മിഷന് ബദലായി 2015 ൽ എൻഡിഎ സർക്കാരാണ് നീതി ആയോഗ് എന്ന ആശയം മുന്നോട്ട് വച്ചത്. നീതി ആയോഗ് കൗൺസിലിൽ എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരും, ഡൽഹി, പുതുച്ചേരി മുഖ്യമന്ത്രിമാർ, എല്ലാ കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ലഫ്റ്റനന്റ് ഗവർണർമാർ, പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്യുന്ന ഒരു വൈസ് ചെയർമാൻ എന്നിവരും ഉൾപ്പെടുന്നു. കൂടാതെ, പ്രമുഖ സർവകലാശാലകളിൽ നിന്നും ഗവേഷണ സ്ഥാപനങ്ങളിൽ നിന്നും താൽക്കാലിക അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. ഈ അംഗങ്ങളിൽ ഒരു ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, നാല് മുൻ ഉദ്യോഗസ്ഥർ, രണ്ട് പാർട്ട് ടൈം അംഗങ്ങൾ എന്നിവർ ഉൾപ്പെടുന്നു.
2014 മെയ് 29 ന്, ഇന്റിപെന്റന്റ് ഇവാലുവേഷൻ ഓഫീസ്, ആസൂത്രണ കമ്മീഷനെ മാറ്റി 'കൺട്രോൾ കമ്മീഷൻ' എന്ന ശുപാർശയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിച്ചു. 2015 ജനുവരി 1 ന്, ആസൂത്രണ കമ്മീഷനു പകരം പുതുതായി രൂപീകരിച്ച നീതി ആയോഗ് സ്ഥാപിക്കുന്നതിനുള്ള ഒരു കാബിനറ്റ് പ്രമേയം പാസാക്കി. 2015 ജനുവരി 1 ന് കേന്ദ്ര സർക്കാർ നീതി ആയോഗ് രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു. നീതി ആയോഗിന്റെ ആദ്യ യോഗം 2015 ഫെബ്രുവരി 8 ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു.