1 Jun 2022 9:19 AM GMT
Summary
ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ബാങ്കും സാമ്പത്തിക സേവന കമ്പനിയുമാണ് ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്
ഗുജറാത്തിലെ വഡോദര ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ബാങ്കും സാമ്പത്തിക സേവന കമ്പനിയുമാണ് ഐസിഐസിഐ ബാങ്ക് ലിമിറ്റഡ്.
നിക്ഷേപം, ബാങ്കിംഗ്, ലൈഫ്, നോൺ-ലൈഫ് ഇൻഷുറൻസ്, വെഞ്ച്വർ ക്യാപിറ്റൽ, അസറ്റ് മാനേജ്‌മെന്റ് എന്നീ മേഖലകളിലായി വിവിധ രീതിയിൽ വൻകിട,ചില്ലറ ഉപഭോക്താക്കൾക്കായി വിപുലമായ ബാങ്കിംഗ് ഉൽപ്പന്നങ്ങളും സാമ്പത്തിക സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലുടനീളം 5,275 ശാഖകളും 15,589 എടിഎമ്മുകളുടേയും ശൃംഖലയുള്ള ബാങ്കിന് 17 രാജ്യങ്ങളിൽ സാന്നിധ്യമുണ്ട്.
യുണൈറ്റഡ് കിംഗ്ഡത്തിലും കാനഡയിലും ബാങ്കിന് ഉപസ്ഥാപനങ്ങളുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, ബഹ്റൈൻ, ഹോങ്കോംഗ്, ഖത്തർ, ഒമാൻ, ദുബായ് ഇന്റർനാഷണൽ ഫിനാൻസ് സെന്റർ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി ശാഖകളും യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബംഗ്ലാദേശ്, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിൽ പ്രതിനിധി ഓഫീസുകളും നിലവിലുണ്ട്. കമ്പനിയുടെ യുകെ അനുബന്ധ സ്ഥാപനം ബെൽജിയത്തിലും ജർമ്മനിയിലും ശാഖകൾ സ്ഥാപിച്ചിട്ടുണ്ട്. നിഫ്റ്റി-50 സൂചികയിൽ ഐസിഐസിഐ ബാങ്കിന്റെ വെയിറ്റേജ് 7.23% ആണ്.
കമ്പനി ചരിത്രം
ഇന്ത്യൻ സാമ്പത്തിക സ്ഥാപനമായ ഇൻഡസ്ട്രിയൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ഐസിഐസിഐ) ആണ് ഐസിഐസിഐ ബാങ്ക് സ്ഥാപിച്ചത്. 1994 ൽ വഡോദരയിൽ കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ഉപസ്ഥാപനമായാണ് സ്ഥാപനം ആരംഭിച്ചത്. 1990 കളിൽ, ഐസിഐസിഐ ഫിനാൻസ് മാത്രം കൈകാര്യം ചെയ്യുന്ന ധനകാര്യ സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഒരുപാട് സേവനങ്ങളും ഉൽപ്പന്നങ്ങളും നേരിട്ടും അല്ലാതയും എത്തിക്കുന്ന വൈവിധ്യവൽക്കരിച്ച സാമ്പത്തിക സേവന ഗ്രൂപ്പായി മാറി. ഒപ്പം ഐസിഐസിഐ ബാങ്ക് പോലെയുള്ള നിരവധി അനുബന്ധ സ്ഥാപനങ്ങൾ വഴിയും സേവനങ്ങൾ പ്രാവർത്തികമാക്കി.
1999 ൽ എൻവൈഎസ്ഇ (NYSE) യിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഏഷ്യയിൽ നിന്നുള്ള ജപ്പാനേതര ആദ്യത്തെ ഇന്ത്യൻ കമ്പനിയും ആദ്യത്തെ ബാങ്കോ ധനകാര്യ സ്ഥാപനമോ ആയി ഐസിഐസിഐ മാറി. ഐസിഐസിഐ, ഐസിഐസിഐ ബാങ്ക്, ഐസിഐസിഐ അനുബന്ധ സ്ഥാപനങ്ങളായ ഐസിഐസിഐ പേഴ്സണൽ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, ഐസിഐസിഐ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ് എന്നിവ 2002-ൽ പബ്ലിക്ക് കമ്പനിയായി മാറി (reverse merger).
അനുബന്ധ സ്ഥാപനങ്ങൾ
- ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
- ഐസിഐസിഐ ലൊംബാർഡ്
- ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട്
- ഐസിഐസിഐ ഡയറക്റ്റ്
- ഐസിഐസിഐ ബാങ്ക് കാനഡ
- ഐസിഐസിഐ ബാങ്ക് യുകെ പിഎൽസി
ഓഹരി ഘടന
ഐസിഐസിഐ ബാങ്കിന്റെ ഓഹരി ഘടന സ്ഥാപകർ, എഫ്‌ഐഐ, ഡിഐഐ, പൊതുജനങ്ങൾ എന്നിങ്ങനെയാണ്.
2021-22 ലെ മൂന്നാംപാദ ഫലം
ഐസിഐസിഐ ബാങ്കിന്റെ ഒക്‌ടോബർ-ഡിസംബർ പാദത്തിലെ വാർഷിക ലാഭം 25 ശതമാനമാണ്. അതായത് 6,194 കോടി രൂപയുടെ ലാഭം. അതേസമയം അറ്റ പലിശ വരുമാനം 2022 ലെ മൂന്നാം പാദത്തിൽ 23 ശതമാനം വർധിച്ച് 12,236 കോടി രൂപയായി. 2021 സാമ്പത്തിക വർഷത്തിലിത് 9,912 കോടി രൂപയായിരുന്നു.
പലിശ ഇതര വരുമാനവും മറ്റ് വരുമാനങ്ങളും കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 3,921 കോടി രൂപയിൽ നിന്ന് പ്രസ്തുത പാദത്തിൽ 25 ശതമാനം വർധിച്ച് 4,899 കോടി രൂപയായി. ഐസിഐസിഐ ബാങ്കിന്റെ പ്രധാന പ്രവർത്തന ലാഭം (വ്യവസ്ഥകൾക്കും നികുതികൾക്കും ഏർപ്പെടുത്തുന്നതിനു മുമ്പുള്ള ലാഭം, ട്രഷറി വരുമാനം ഒഴിച്ച്) 2021 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ 25 ശതമാനം വർധിച്ച് 10,060 കോടി രൂപയായെന്ന് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ 3.67 ശതമാനവും, 2021 സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിലെ 4 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ, 2022 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ മാർജിൻ 3.96 ശതമാനമായിരുന്നു.
ഒക്‌ടോബർ-ഡിസംബർ പാദത്തിലെ ഐസിഐസിഐ യുടെ അറ്റ എൻ പി എ അനുപാതം 2021 സെപ്റ്റംബർ 30-ന് 0.99 ശതമാനത്തിൽ നിന്ന് 2021 ഡിസംബർ 31-ന് 0.85 ശതമാനമായി കുറഞ്ഞു. 2014 മാർച്ച് 31-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ് ഇത്. ICICI ബാങ്കിന്റെ മൊത്തം മൂലധന പര്യാപ്തതാ അനുപാതം 19.79 ശതമാനം ആയിരുന്നു. 2021 ഡിസംബർ 31-ന് ബാങ്കിനു മാത്രം ടയർ-1 അടിസ്ഥാനത്തിൽ 18.81 ശതമാനമായിരുന്നു മൂലധന പര്യാപ്തത അനുപാതം. ബാങ്കിന്റെ പ്രൊവിഷനുകളിലും (നികുതിക്കുള്ള വ്യവസ്ഥ ഒഴികെ) വലിയ മാറ്റമാണ് കാണാൻ സാധിക്കുന്നത്. 2021 മൂന്നാം പാദത്തിലിത് 2,742 കോടി ആയിരുന്നത് 2022 സമാന പാദത്തിലെത്തിയപ്പോഴേക്കും 27 ശതമാനം കുറഞ്ഞ് 2,007 കോടി രൂപയായി.
2021 ഡിസംബർ 31 വരെയുള്ള സാമ്പത്തിക വർഷത്തിൽ, ICICI ബാങ്കിന്റെ നികുതിയാനന്തര ലാഭം (PAT) 38 ശതമാനം വർധിച്ച് മുൻ വർഷം ഇതേ കാലയളവിലെ 11,790 കോടി രൂപയിൽ നിന്ന് 16,321 കോടി രൂപയായി. ഏകീകൃത അടിസ്ഥാനത്തിൽ ഐസിഐസിഐ ബാങ്കിന്റെ നികുതിക്ക് ശേഷമുള്ള ലാഭം 2021 ലെ മൂന്നാം പാദത്തിൽ നിന്നും 19 ശതമാനം വർദ്ധിച്ച് 5,498 കോടി രൂപയിൽ നിന്ന് 2022ലെ മൂന്നാം പാദമെത്തുമ്പോഴേക്കും 6,536 കോടി രൂപയായിരിക്കുകയാണ്.
ഡിജിറ്റൽ, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലെ വളർച്ച
2021 ഡിസംബർ അവസാനം വരെ ഐസിഐസിഐ ഇതര ബാങ്ക് അക്കൗണ്ട് ഉടമകളിൽ നിന്ന് 53 ലക്ഷം ഇടപാടുകൾ ഉണ്ടായതായി ഐസിഐസിഐ ബാങ്ക് അറിയിച്ചു. “ഐസിഐസിഐ ഇതര ബാങ്ക് അക്കൗണ്ട് ഉടമകളുടെ ഇടപാടുകളുടെ മൂല്യം 2022 ലെ മൂന്നാം പാദത്തിൽ തുടർച്ചയായി 73 ശതമാനം വർദ്ധിച്ചു,” ബാങ്ക് കൂട്ടിച്ചേർത്തു. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മുഖേനയുള്ള ഇടപാടുകളുടെ മൂല്യം 2021 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിലെ ഇടപാടുകളുടെ മൂല്യത്തിന്റെ 2.2 മടങ്ങായിരുന്നു. മൊബൈൽ ബാങ്കിംഗ് ഇടപാടുകളുടെ മൂല്യം വർഷം തോറും 50 ശതമാനം വർധിച്ച് 4,55,326 കോടി രൂപയായി.
ക്രെഡിറ്റ് വളർച്ച
ഐസിഐസിഐ ബാങ്കിന്റെ റീട്ടെയിൽ ലോൺ പരിശോധിച്ചാൽ വർഷം തോറും 19 ശതമാനവും തുടർച്ചയായി 5 ശതമാനവും വളർച്ച കൈവരിച്ചിട്ടുണ്ട്. ഇത് 2021 ഡിസംബർ 31 വരെ മൊത്തം ലോൺ പോർട്ട്‌ഫോളിയോയുടെ 61.3 ശതമാനമാണ്. നോൺ-ഫണ്ട് കുടിശ്ശിക ഉൾപ്പെടെ, റീട്ടെയിൽ ലോൺ പോർട്ട്‌ഫോളിയോ 2021 ഡിസംബർ 31-ന് മൊത്തം പോർട്ട്‌ഫോളിയോയുടെ 51.3 ശതമാനമായിരുന്നുവെന്ന് ബാങ്ക് അറിയിച്ചു. 2022 മൂന്നാം പാദം വരെ ഉപയോഗിച്ച ക്രെഡിറ്റ് കാർഡ് ചെലവിന്റെ മൂല്യം 2021 ൽ ഉപയോഗിച്ചതിനേക്കാളും 2.2 മടങ്ങ് വർദ്ധിച്ചു. അതായത് തുടർച്ചയായ 27 ശതമാനത്തിന്റെ വർദ്ധന.
2021 ഡിസംബർ 31 നു വരെ മൊത്തം നിക്ഷേപത്തിൽ വർഷം തോറും 16 ശതമാനത്തിന്റെ വളർച്ചയും തുടർച്ചയായ 4 ശതമാനത്തിന്റെ വർധനവുമാണ് ഉണ്ടായത്. ഇത് 10,17,467 കോടി രൂപയായി. ശരാശരി കറന്റ് അക്കൗണ്ട് നിക്ഷേപത്തിൽ വർഷം തോറും 34 ശതമാനമാണ് വർദ്ധനവ്. ബാങ്കിന്റെ ശരാശരി സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തിൽ വർഷം തോറും 25 ശതമാനത്തിന്റെ വർധനവും ഉണ്ടായി.
ആസ്തി നിലവാരം
അറ്റ നിഷ്‌ക്രിയ ആസ്തി 2021 സെപ്റ്റംബർ 30-ലെ ₹8,161 കോടിയിൽ നിന്ന് 10 ശതമാനം കുറഞ്ഞ് 2021 ഡിസംബർ 31-ന് 7,344 കോടി രൂപയായി . അറ്റ എൻപിഎ അനുപാതം 2021 സെപ്റ്റംബർ 30ലെ 0.99 ശതമാനത്തിൽ നിന്ന് 2021 ഡിസംബർ 31ന് ആയപ്പോഴേക്കും 0.85 ശതമാനമായി കുറഞ്ഞു.
ബ്രോക്കറേജ് വീക്ഷണം
എൽ കെ പി അതിന്റെ ലോൺ ബുക്ക് സാങ്കേതിക സംരംഭങ്ങളുടെ നേതൃത്വത്തിൽ FY21-23E-നേക്കാൾ 19% CAGR വളരുമെന്ന് പ്രതീക്ഷിക്കുന്നു. ക്രെഡിറ്റ് കോസ്റ്റ് നോർമലൈസേഷനാണ് ഇവിടെ നടക്കുന്നത്. എൽ കെ പി ബ്രോക്കറേജ് FY22E ൽ ROA/ROE റിട്ടേൺ അനുപാതം 1.9%, 15.8% എന്നിങ്ങനെയാണ് കണക്കാക്കുന്നത്. 3.3xFY23E BVPS (₹278), സബ്‌സിഡിയറികളിലെയും ജെ വി കളിലെയും നിക്ഷേപം (ഓരോ ഷെയറിനും ₹127) എന്നതിലും ആണുള്ളത്. ഞങ്ങൾ ₹1,045 എന്ന പുതുക്കിയ ടാർഗെറ്റ് വിലയിൽ എത്തിച്ചേർന്നിട്ടുണ്ട്. 30% ത്തിനു മുകളിൽ ഉയർന്നാൽ വാങ്ങലിനു എൽ കെ പി ശുപാർശ ചെയ്യുന്നു.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവർണൻസ് (ഇ എസ് ജി)
ഐസിഐസിഐ ബാങ്കിൽ, ഞങ്ങളുടെ ബിസിനസ്സിന്റെ നടത്തിപ്പിൽ കോർപ്പറേറ്റ് ഭരണത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം പാലിക്കുകയും പരിസ്ഥിതി സൗഹൃദമായ രീതിയിൽ പ്രവർത്തനങ്ങൾ നിർവഹിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ദരിദ്രരായ ഇന്ത്യക്കാരെ അവരുടെ ജീവിതം പരിവർത്തനം ചെയ്യുന്നതിനും സുസ്ഥിരമായ ഉപജീവനമാർഗങ്ങൾ നേടുന്നതിനും ശാക്തീകരിക്കുന്നതിനായി ഐസിഐസിഐ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്യുകയും നടപ്പിലാക്കുകയും ചെയ്യുന്നു. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് മുൻകൈയെടുത്തു. പാരിസ്ഥിതികവും സാമൂഹികവുമായ റിസ്‌ക് മാനേജ്‌മെന്റ് ലക്ഷ്യങ്ങൾ ഉൾപ്പെടുത്തുന്നതിനൊപ്പം സമഗ്രമായ വളർച്ചയും പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നതിനും ഐസിഐസിഐ ഊന്നൽ നൽകുന്നു.