25 May 2022 5:25 AM GMT
Summary
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വമ്പൻ കമ്പനിയാണ് ഐടിസി ലിമിറ്റഡ്.
കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു വമ്പൻ കമ്പനിയാണ് ഐടിസി ലിമിറ്റഡ്. ഫാസ്റ്റ് മൂവിങ് കോൺസുമെർ ഗുഡ്സ് (എഫ്എംസിജി), ഹോട്ടൽസ്, പാക്കേജിങ്, പേപ്പർബോർഡ്സ് , സ്പെഷ്യലിറ്റി പേപ്പേഴ്സ്, അഗ്രി ബിസിനസ് എന്നിവയിലെല്ലാം ഐടിസി-യുടെ സാന്നിധ്യമുണ്ട്.
ഐടിസി അവരുടെ ഉത്പന്നങ്ങൾ 90 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയുന്നു. 6 ദശലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങളിൽ അവരുടെ ഉത്പന്നങ്ങൾ ലഭ്യമാണ്. 1910 ൽ ഇമ്പിരിയൽ ടുബാക്കോ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ സ്ഥാപിതമായ ഈ കമ്പനി 1970-ൽ ദി ഇന്ത്യ ടുബാക്കോ കമ്പനി ലിമിറ്റഡ് എന്ന പേരിലും പിന്നീട് 1974 ൽ ഐടിസി ലിമിറ്റഡ് എന്ന പേരിലും പുനർനാമകരണം ചെയ്യപ്പെട്ടു.
കൊൽക്കത്തയിൽ രജിസ്റ്റർ ചെയ്ത ബ്രിട്ടീഷ് കമ്പനിയായ ഡബ്ല്യൂ. ഡി. & എച്. ഓ.വിൽസ് എന്ന കമ്പനിയാണ് പിന്നീട് ഇമ്പിരിയൽ ടുബാക്കോ കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ അറിയപ്പെട്ടത്. ഐടിസി 1975 ൽ ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവേശിച്ചു വെൽക്കം ഗ്രൂപ്പ് ഹോട്ടൽ എന്ന പേരിൽ മദ്രാസിൽ പ്രവർത്തനമാരംഭിച്ചു. നിഫ്റ്റിയിൽ ഐ ടി സി ക്ക് 2.54 ശതമാനം വെയ്റ്റേജ് ഉണ്ട്.
മൂന്നാം പാദ ഫലം
ഡിസംബർ പാദത്തിൽ നികുതി കിഴിച്ചുള്ള ഏകീകൃത ലാഭം വർഷാടിസ്ഥാനത്തിൽ 14 .81 ശതമാനം വർധിച്ചു 4 ,118 .80 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 3 ,587 കോടി രൂപയായിരുന്നു. കമ്പനിയുടെ ഏകീകൃത വരുമാനം 30 ശതമാനം വർധിച്ചു 18 ,366 കോടി രൂപയായി. കഴിഞ്ഞ വർഷത്തിൽ ഇതേ കാലയളവിൽ ഇത് 14,124 കോടി രൂപയായിരുന്നു. പാദാനുപാദം നോക്കിയാലും വരുമാനവും ലാഭവും ഉയർന്നതായിരുന്നു. മുൻ പാദത്തിൽ നികുതി കിഴിച്ചുള്ള ലാഭം 3,764 കോടി രൂപയും പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം14,844 കോടി രൂപയായിരുന്നു.
സിഗരറ്റ് വിഭാഗത്തിൽ നിന്നുള്ള വരുമാനം കഴിഞ്ഞ വർഷം മൂന്നാം പാദത്തിലെ 6091 കോടി രൂപയിൽ നിന്നും ഈ വർഷം 6959 കോടി രൂപയായി ഉയർന്നു. നികുതിക്ക് മുൻപുള്ള വരുമാനം 3659 കോടി രൂപയിൽ നിന്നും 4187 കോടി രൂപയായി.
ശക്തമായ വിതരണ ശൃംഗലയും ചടുലതയുള്ള സർവീസിങ്ങും മൂലം വിപണിയിലുടനീളം ഒരു വീണ്ടെടുക്കൽ ഉണ്ടായതായി കമ്പനി അറിയിച്ചു. എഫ്എംസിജി മേഖലയിൽ നിന്നുള്ള വരുമാനം മുൻ വർഷം ഡിസംബർ പാദത്തിലെ 3,753 കോടി രൂപയിൽ നിന്നും 4,099.47 കോടി രൂപയായി വർധിച്ചു. സൗകര്യ പ്രദമായ ഭക്ഷണങ്ങളും സ്‌നാക്‌സ്, ഫ്രോസൺ സ്‌നാക്‌സ്, പാനീയങ്ങൾ എന്നിവ ഉൾപ്പെട്ട ഈ മേഖലയിൽ ഉണ്ടായ വലിയ പുരോഗതിയാണ് ഇതിനു കാരണം. എന്നാൽ, അവശ്യ സാധനങ്ങളിലും മറ്റു ഭക്ഷണ പദാര്ഥങ്ങളിലും വലിയ നേട്ടം കാണപ്പെട്ടില്ല.
അസംസ്കൃത സാധനങ്ങളുടെ വില വർധന തന്ത്രപരമായ വില നിയന്ത്രിത പ്രോഗ്രാമുകളിലൂടെയും അധികമൂല്യമുള്ള സാധനങ്ങളിലൂടെയും ന്യായമായ വിലനിർണ്ണയ നടപടികളിലൂടെയും സാമ്പത്തിക പ്രോത്സാഹങ്ങളിലൂടെയും നിയന്ത്രിക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്.
ഗ്രാമീണ വിപണികളിൽ ബ്രാൻഡഡ് പാക്കേജ്ഡ് ഭക്ഷണ പദാർത്ഥങ്ങളുടെ ബിസിനസ് വളരെ മുന്നിലാണ്. ഇ - കൊമേഴ്‌സ് വില്പന 2020 സാമ്പത്തിക വർഷത്തേക്കാൾ മൂന്നിരട്ടിയായാണ് വർധിച്ചത്. നികുതിക്ക് മുൻപുള്ള ലാഭം എഫ്എംസിജി വിഭാഗത്തിൽ 246 കോടി രൂപയായി ഉയർന്നു. ഇത് കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 243 കോടി രൂപയായിരുന്നു.
ഐടിസി യുടെ അഗ്രി ബിസിനസ് കുത്തനെയുള്ള വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ 2,694 കോടി രൂപയിൽ നിന്നും ഈ വർഷം കമ്പനിയുടെ വരുമാനം 5,157 രൂപയായി വർധിച്ചു. ഗോതമ്പ്, അരി, സുഗന്ധവ്യഞ്ജനങ്ങൾ, പുകയില കയറ്റുമതി എന്നിവയെല്ലാം അഗ്രി ബിസിനസ് വിഭാഗത്തിന്റെ വളർച്ചക്ക് സഹായകമായി. ഈ വിഭാഗത്തിൽ നികുതിക്ക് മുൻപുള്ള ലാഭം കഴിഞ്ഞ വർഷം ഈ പാദത്തിൽ 284 കോടി രൂപയായിരുന്നു. എന്നാൽ ഈ വർഷം ഇത് 349 കോടി രൂപയായി.
ഹോട്ടലുകൾ കോവിഡിന് മുൻപുണ്ടായിരുന്ന ലാഭത്തിലേക്ക് തിരിച്ചുവന്നു. ശരാശരി മുറി വാടക (എആർആർ) വളരെ ശക്തമായി പുരോഗമിച്ചുവെങ്കിലും കോവിഡിന് മുൻപുണ്ടായിരുന്ന നിലയിൽ നിന്നും ഇപ്പോഴും താഴെയാണ്. ഈ വിഭാഗത്തിൽ നിന്നുള്ള വരുമാനം 496 കോടി രൂപയായി. ഇതേ പാദത്തിൽ കഴിഞ്ഞ വർഷം കമ്പനിക്കുണ്ടായ നികുതിക് മുൻപുള്ള നഷ്ട്ടം താരതമ്യം ചെയ്യുമ്പോൾ ഈ വർഷം നികുതിക്ക് മുൻപുള്ള ലാഭം 53 കോടി രൂപയാണ്.
പേപ്പർ ബോർഡ്, പേപ്പർ & പാക്കേജിങ് വിഭാഗത്തിൽ വലിയൊരു ഉയർച്ചയാണ് കാണാൻ കഴിഞ്ഞത്. ഉപഭോക്താക്കളുടെ ആവശ്യകതയിൽ ഉള്ള വർധനവും കയറ്റുമതി രംഗത്തെ വർധനവും പേപ്പർ ബോർഡിൻറെ ഉല്പാദനത്തിൽ പുതിയ ഉണർവാണ് ഉണ്ടാക്കിയത്. ഈ വിഭാഗത്തിൽ നിന്നുള്ള വരുമാനം 2,047 കോടി രൂപയും നികുതിക്ക് മുൻപുള്ള ലാഭം 448 കോടി രൂപയുമാണ്.
ബ്രോക്കറേജ് വീക്ഷണം
നിർമൽ ബാംഗ് ഇന്സ്ടിട്യൂട്ടിഷണൽ ഇക്വിറ്റീസ് ബ്രോക്കറേജിന്റെ അഭിപ്രായത്തിൽ സിഗരറ്റ് വില്പന ൮ ശതമാനത്തോളം കൂടുന്നതനുസരിച് വാർഷികാടിസ്ഥാനത്തിൽ വരുമാനം 13.6 ശതമാനം വർധിക്കും. 2020 മൂന്നാം പാദത്തെ അപേക്ഷിച് 2021 ഡിസംബർ പാദത്തിൽ വിൽപന 8.4 ശതമാനം ഉയർന്നിരുന്നു.
നിർമൽ ബാംഗ് ഇക്വിറ്റീസ് 285 രൂപ ലക്ഷ്യ വിലയിൽ ഐടിസി വാങ്ങാമെന്നാണ് ശുപാർശ ചെയ്യുന്നത്. ഇത് ഐടിസി-യുടെ സെപ്തംബര് 2023E EPS-ന്റെ 20x ആണ്.
പരിസ്ഥിതി കാഴ്ചപ്പാട്: എൻവിറോണ്മെന്റ് സോഷ്യൽ ആൻഡ് ഗവെർണൻസ് (ഇ എസ് ജി)
പാരിസ്ഥിതിക ഉന്നമനത്തിനായി കുറഞ്ഞ കാർബൺ വളർച്ചാ തന്ത്രം കമ്പനി സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി മെച്ചപ്പെട്ട, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ ഉപയോഗത്തിലും അതുപോലെ തന്നെ കുറഞ്ഞ ഊർജ്ജ ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജല ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി കമ്പനി തങ്ങളുടെ യൂണിറ്റുകളിൽ മഴവെള്ള സംഭരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ഐടിസി അതിന്റെ എല്ലാ ശാഖകളിലും ഹരിതവും സുരക്ഷിതവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.