image

6 Jan 2023 9:39 AM GMT

Banking

കെവൈസി പുതുക്കാൻ ബാങ്കിൽ പോകേണ്ടതില്ല; ആര്‍ബിഐ

MyFin Desk

കെവൈസി പുതുക്കാൻ ബാങ്കിൽ പോകേണ്ടതില്ല; ആര്‍ബിഐ
X


ഡെല്‍ഹി: ബാങ്ക് അക്കൗണ്ട് തുറക്കാനും, ബാങ്കുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കുമെല്ലാം നോ യുവര്‍ കസ്റ്റമര്‍ (കെവൈസി) രേഖ നിര്‍ബന്ധമായും നല്‍കണം. കെവൈസി വിവരങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ അത് കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യുകയും വേണം. കെവൈസി വിവരങ്ങള്‍ ബാങ്കുകളുമായി പങ്കുവെയ്ക്കാന്‍ ബാങ്ക് സന്ദര്‍ശിക്കാതെയും സാധിക്കുമെന്നാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം.

വീഡിയോ ബേസ്ഡ് കസ്റ്റമര്‍ ഐഡന്റിഫിക്കേഷന്‍ പ്രോസസ് (V-CIP) വഴി ഉപഭോക്താക്കള്‍ക്ക് കെവൈസി വിവരങ്ങള്‍ നല്‍കാമെന്നാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശം. അല്ലെങ്കില്‍ ബാങ്കിന്റെ ശാഖ സന്ദര്‍ശിച്ച് വിവരങ്ങള്‍ നല്‍കാം. പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, ആധാര്‍ നമ്പര്‍, ഐഡന്റിറ്റി കാര്‍ഡ്, എന്‍ആര്‍ജിഇഎ തൊഴില്‍ കാര്‍ഡ്, ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഇഷ്യു ചെയ്യുന്ന കത്ത് എന്നിങ്ങനെയുള്ള രേഖകളാണ് കെവൈസി വിവരങ്ങള്‍ക്കായി ബാങ്കില്‍ നല്‍കേണ്ടത്. ഈ രേഖകള്‍ ബാങ്കിന്റെ കൈവശമില്ലെങ്കില്‍ പുതിയ കെവൈസി നടപടിക്രമങ്ങള്‍ ആവശ്യമാണ്. അല്ലെങ്കില്‍ നിലവില്‍ നല്‍കിയിരിക്കുന്ന കൈവൈസി രേഖകള്‍ കാലഹരണപ്പെട്ടാലും പുതിയതായി കൈവൈസി വിവരങ്ങള്‍ നല്‍കുന്ന അതേ നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ടെന്നും ആര്‍ബിഐ വ്യക്തമാക്കുന്നു.

നേരത്തെ നല്‍കിയ കെവൈസി വിവരങ്ങളില്‍ മാറ്റമൊന്നുമില്ലാത്ത സാഹചര്യമാണെങ്കില്‍, ഉപഭോക്താവ് ഇക്കാര്യം സാക്ഷ്യപ്പെടുത്തിയ രേഖ ബാങ്കിനു നല്‍കിയാല്‍ ബാങ്കുകള്‍ക്ക് ഉപഭോക്താക്കളെ കാണാതെ തന്നെ അതിന് സാധുത നല്‍കാം. ബാങ്കില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍, കത്തുകള്‍ എന്നിവ വഴി കെവൈസിയില്‍ മാറ്റമൊന്നുമില്ലെന്ന് ഉപഭോക്താക്കള്‍ക്ക് ബാങ്കിനെ അറിയിക്കാം.


കെവൈസി വിവരങ്ങളില്‍ അഡ്രസില്‍ മാത്രമാണ് മാറ്റമെങ്കില്‍ പുതിയ അഡ്രസ് ബാങ്കില്‍ നല്‍കിയിരിക്കുന്ന ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍, എടിഎം, ഓണ്‍ലൈന്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ബാങ്കിനെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളുടെ സാധുത ബാങ്കുകള്‍ രണ്ട മാസത്തിനുള്ളില്‍ പരിശോധിച്ച് ഉറപ്പു വരുത്തും.