image

7 March 2022 11:51 PM GMT

Banking

കെവൈസി യുടെ മറവില്‍ തട്ടിപ്പ്? മുന്നറിയിപ്പുമായി എസ്ബിഐ

MyFin Desk

കെവൈസി യുടെ മറവില്‍ തട്ടിപ്പ്? മുന്നറിയിപ്പുമായി എസ്ബിഐ
X

Summary

  ബാങ്കുകളുമായി ബന്ധപ്പെട്ട ഒരുപാട് തട്ടിപ്പുകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ദിവസേനെ വ്യാജന്മാര്‍ക്കെതിരെ മുന്നറിയിപ്പുമായി സന്ദേശങ്ങളും അറിയിപ്പുകളും ബാങ്കുകള്‍ നല്‍കാറുമുണ്ട്. എന്നിരുന്നാലും തട്ടിപ്പില്‍ പെട്ടുപോകുന്നവര്‍ കുറച്ചല്ല. അറിഞ്ഞും അറിയാതെയും തലവച്ചു കൊടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് തുടര്‍ മുന്നറിയിപ്പുമായി എസ്ബി ഐ രംഗത്ത് വരുന്നത്. 'നിങ്ങളുടെ കെവൈസി തടസ്സപ്പെട്ടിരിക്കുകയാണ്, ബാങ്കിടപാടുകള്‍ തുടരാന്‍ താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്ന അറിയിപ്പാണ് ഇപ്പോള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ബാങ്കുകള്‍ അയക്കുന്ന കൂട്ട സന്ദേശങ്ങളില്‍ ഒന്നിലും വ്യക്തിഗത […]


ബാങ്കുകളുമായി ബന്ധപ്പെട്ട ഒരുപാട് തട്ടിപ്പുകള്‍ നമ്മള്‍ കേള്‍ക്കാറുണ്ട്. ദിവസേനെ വ്യാജന്മാര്‍ക്കെതിരെ മുന്നറിയിപ്പുമായി സന്ദേശങ്ങളും അറിയിപ്പുകളും ബാങ്കുകള്‍ നല്‍കാറുമുണ്ട്. എന്നിരുന്നാലും തട്ടിപ്പില്‍ പെട്ടുപോകുന്നവര്‍ കുറച്ചല്ല. അറിഞ്ഞും അറിയാതെയും തലവച്ചു കൊടുക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് തുടര്‍ മുന്നറിയിപ്പുമായി എസ്ബി ഐ രംഗത്ത് വരുന്നത്.

'നിങ്ങളുടെ കെവൈസി തടസ്സപ്പെട്ടിരിക്കുകയാണ്, ബാങ്കിടപാടുകള്‍ തുടരാന്‍ താഴെ നല്‍കിയ ലിങ്കില്‍ ക്ലിക്ക് ചെയ്യുക' എന്ന അറിയിപ്പാണ് ഇപ്പോള്‍ തട്ടിപ്പുകാര്‍ വ്യാപകമായി ഉപയോഗിക്കുന്നത്. ബാങ്കുകള്‍ അയക്കുന്ന കൂട്ട സന്ദേശങ്ങളില്‍ ഒന്നിലും വ്യക്തിഗത നമ്പറുകള്‍ ഉണ്ടാകുകയില്ല. ഏതു ബാങ്കാണോ ആ ബാങ്കിന്റെ പേരു വച്ചു തുടങ്ങുന്ന അക്ഷരങ്ങളില്‍ നിന്നുള്ള ചെറിയ വാക്കുകള്‍ ആയിരിക്കും നമ്പറിനു പകരമുണ്ടാകുന്നത്. തട്ടിപ്പു തിരിച്ചറിയാനുള്ള വഴി ഇതാണ്. സന്ദേശങ്ങളോട് പ്രതികരിക്കുന്നതിന് മുമ്പ് ഏതെങ്കിലും നമ്പറില്‍ നിന്നാണോ ഇവ വന്നതെന്ന് പരിശോധിക്കുക. അങ്ങനെയുള്ളവ പൂര്‍ണമായും അവഗണിക്കുക. തന്നിരിക്കുന്ന ലിങ്കില്‍ അമര്‍ത്തുകയോ, മറുപടി നല്‍കുകയോ ചെയ്യാതിരിക്കുക.

തട്ടിപ്പുകള്‍ ഏങ്ങനെ?

എന്‍ഗ്രോക്ക്, ബിറ്റ്‌ലി, ഗൂഗിള്‍ വ്യൂ ഫോം, സര്‍വേ മങ്കി എന്നിങ്ങനെയുള്ള പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകളേറെയും നടത്തുന്നത്. ഇതിലൂടെ വ്യാജ ലിങ്ക് തട്ടിപ്പുകാര്‍ അയയ്ക്കുന്നു. ആര്‍ബിഐ വെബ്സൈറ്റ് അനുസരിച്ച് ഇത്തരത്തിലുള്ള തട്ടിപ്പിനെ 'വിഷിംഗ്' എന്നാണ് വിളിക്കുന്നത്. കെവൈസി-അപ്ഡേഷന്‍, അക്കൗണ്ട്/സിം-കാര്‍ഡ് അണ്‍ബ്ലോക്ക് ചെയ്യല്‍, വായ്പ് എന്നിവയുടെ പേരില്‍ ഉപഭോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കുന്നു. ബാങ്ക്/ബാങ്ക് ഇതര ഇ-വാലറ്റ് ദാതാക്കള്‍/ടെലികോം സേവന ദാതാക്കള്‍ എന്നിവരേയും ഇത്തരം തട്ടിപ്പുകള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുണ്ട്.

വ്യാജ ഇമെയിലുകളും എസ്എംഎസുകളും ബാങ്കുകളുടെ പേരില്‍ നിന്നയച്ച് ഉപഭോക്താക്കളെ കബളിപ്പിക്കുന്ന മറ്റൊരു രീതിയാണ് ഫിഷിംഗ്. ആളുടെ വിശദാംശങ്ങള്‍ ഊറ്റിയെടുക്കാനുള്ള ലിങ്കുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ടാകും. ആര്‍ബിഐ വെബ്സൈറ്റ് തന്നെ ഈ കാര്യങ്ങള്‍ പലതവണ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

കരുതിയിരിക്കാം

കെവൈസി അപ്ഡേറ്റുമായി ബന്ധപ്പെട്ട് ബാങ്ക് അധികാരികള്‍ ഒരിക്കലും ഇത്തരം സന്ദേശങ്ങള്‍/മെയിലുകള്‍/ കോളുകള്‍ അയയ്ക്കാത്തതിനാല്‍, എസ്ബിഐ അല്ലെങ്കില്‍ മറ്റേതെങ്കിലും അക്കൗണ്ടുകളുടെ കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെടുന്ന സന്ദേശങ്ങളോ കോളുകളോ വിശ്വസിക്കാതിരിക്കുക. കൂടാതെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ ആരോടും വെളിപ്പെടുത്താതിരിക്കുക. പ്രത്യേകിച്ച് നിങ്ങളുടെ രഹസ്യ പിന്‍ അല്ലെങ്കില്‍ വണ്‍ ടൈം പാസ്വേഡ് (OTP) ഒരു കാരണവശാലും നല്‍കാതിരിക്കുക. ചെറിയൊരു സമയത്തെ അശ്രദ്ധ കൊണ്ടു പോകുന്നത് നിങ്ങളുടെ വിലപ്പെട്ട സമ്പാദ്യമായിരിക്കും.