- Home
- /
- Learn & Earn
- /
- Personal Identification
- /
- റേഷന്‍ കാര്‍ഡ് ഇനി...
Summary
റേഷന്‍ കാര്‍ഡ് കൃത്യസമയത്ത് പുതുക്കേണ്ടത് അത്യാവശ്യമാണ്
രാജ്യത്ത് പൊതുവിതരണ കേന്ദ്രത്തിന്റെ അംഗീകൃത ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ്...
രാജ്യത്ത് പൊതുവിതരണ കേന്ദ്രത്തിന്റെ അംഗീകൃത ചില്ലറ വില്‍പ്പനശാലകളില്‍ നിന്നും റേഷന്‍ സാധനങ്ങള്‍ കിട്ടുന്നതിനു വേണ്ട പ്രാഥമിക രേഖയാണ് റേഷന്‍ കാര്‍ഡ്. കുടുംബത്തിന്റെ തിരിച്ചല്‍ രേഖയായും റേഷന്‍ കാര്‍ഡിനെ വിശേഷിപ്പിക്കാം. റേഷന്‍ കാര്‍ഡ് കൃത്യസമയത്ത് പുതുക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇത്തരത്തില്‍ സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ റേഷന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പുതുക്കുന്ന രീതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് അവസാനിപ്പിച്ചു.
റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന സംവിധാനത്തിലൂടെയാകും ഇനി പുതുക്കല്‍. എപ്പോള്‍ വേണമെങ്കിലും റേഷന്‍ കാര്‍ഡ് ഇനി പുതുക്കാനാകും. ഇതുവരെ കാര്‍ഡ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ നേരിട്ടു താലൂക്ക് സപ്ലൈ ഓഫിസുകളിലും റേഷനിങ് ഓഫിസുകളിലും സ്വീകരിക്കുന്നതായിരുന്നു പതിവ് രീതി. എന്നാല്‍ ഇനി ഈ സൗകര്യം ലഭ്യമാകില്ല.
പുതുക്കാം
റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ് റേഷന്‍ കാര്‍ഡ് പുതുക്കുക. റേഷന്‍ കടയിലെ ഡ്രോപ് ബോക്‌സ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ കാര്‍ഡ് പുതുക്കാം. റേഷന്‍ കടയിലെ ഡ്രോപ് ബോക്സ് ഉപയോഗിക്കാന്‍ ഫീസില്ല. എന്നാല്‍ അക്ഷയ കേന്ദ്രങ്ങളില്‍ സേവന ചാര്‍ജ് മാത്രം നല്‍കണം.
കൂടാതെ ecitizen.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ടും പുതുക്കാം. കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍ റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. ഏതെങ്കിലും കാരണത്താല്‍ ആധാര്‍ എടുക്കാന്‍ കഴിയാത്ത വ്യക്തിയാണെങ്കില്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവു ലഭിക്കും. പ്രവാസികളുടെ കാര്‍ഡിനും ഇളവുണ്ട്.
തെളിമ പദ്ധതി
റേഷന്‍ കാര്‍ഡ് പുതുക്കാനുള്ള 'തെളിമ പദ്ധതി' പ്രകാരം അംഗങ്ങളുടെ പേര്, വയസ്സ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍പിജി, വൈദ്യുതി കണക്ഷന്‍ വിവരങ്ങള്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ കഴിയും. കാര്‍ഡ് അടുത്ത വര്‍ഷം സ്മാര്‍ട്ട് ആകുമ്പോഴേക്കും എല്ലാ തരത്തിലുള്ള തിരുത്തലുകളും പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചിരിക്കുന്നത്. അതിനായാണ് തെളിമ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ 2017 ലാണ് റേഷന്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പുതുക്കിയത്. എന്നാല്‍ ഇത് ഏറെ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചതോടെയാണ് പുതുരീതിയിലേക്ക് മാറിയത്. സാധാരണക്കാര്‍ക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് റേഷന്‍ കാര്‍ഡ്. ഇത് പുതുക്കുന്നതിനുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കിക്കൊണ്ട് സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ റേഷന്‍ കാര്‍ഡ് ഇനി പുതുക്കാനാകും.