image

12 July 2023 12:41 PM GMT

Mutual Fund

റിസ്‌കും റിവാര്‍ഡും ബാലന്‍സ് ചെയ്യുന്ന ബാലന്‍സ്ഡ് ഫണ്ട്; നേട്ടങ്ങളറിഞ്ഞ് നിക്ഷേപിക്കാം

MyFin Desk

റിസ്‌കും റിവാര്‍ഡും ബാലന്‍സ് ചെയ്യുന്ന ബാലന്‍സ്ഡ് ഫണ്ട്;  നേട്ടങ്ങളറിഞ്ഞ് നിക്ഷേപിക്കാം
X

ഒരൊറ്റ പോര്‍ട്ട്‌ഫോളിയോയില്‍ ഒരു പ്രത്യേക അനുപാതത്തില്‍ ഡെറ്റ് നിക്ഷേപവും ഇക്വിറ്റി നിക്ഷേപവും ചേരുന്ന തരം മ്യൂച്വല്‍ ഫണ്ടുകളുടെ ഒരു വിഭാഗമാണ് ബാലന്‍സ്ഡ് ഫണ്ടുകള്‍. രണ്ട് അസറ്റ് ക്ലാസുകളും ചേരുന്നതിനാല്‍ ഹൈബ്രിഡ് ഫണ്ടുകള്‍ എന്നും ഇവ അറിയപ്പെടുന്നു. ഇക്വിറ്റി, ഡെറ്റ് തുടങ്ങിയ അസറ്റ് ക്ലാസുകളില്‍ നിക്ഷേപിച്ച് നിക്ഷേപകരെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാന്‍ സഹായിക്കുന്നവയാണ് ഇവ. കുറഞ്ഞ റിസ്‌കും മാന്യമായ റിവാര്‍ഡും ലഭിക്കും. രണ്ട് തരം ബാലന്‍സ് ഫണ്ടുകളുണ്ട്.

ഇക്വിറ്റി ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍

ഈ ഹൈബ്രിഡ് ഫണ്ടുകള്‍ കോര്‍പ്പസിന്റെ 65 ശതമാനമെങ്കിലും ഇക്വിറ്റിയിലും ഇക്വിറ്റിയുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിക്കണം. ബാക്കി നിക്ഷേപം ഇക്വിറ്റി വിപണിയിലെ അസ്ഥിര ഘട്ടങ്ങളില്‍ ഫണ്ടിന് സ്ഥിരത നല്‍കുന്നതിനായി ഡെറ്റ് ഇന്‍സ്ട്രുമെന്റുകളിലോ മണി മാര്‍ക്കറ്റ് ഉപകരണങ്ങളിലോ നിക്ഷേപിക്കും.

ഡെറ്റ് ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍

ഡെറ്റ് ഓറിയന്റഡ് ബാലന്‍സ്ഡ് ഫണ്ടുകള്‍ മൊത്തം കോര്‍പ്പസിന്റെ 65 ശതമാനമെങ്കിലും ഡെറ്റ് സെക്യൂരിറ്റികളിലാണ് നിക്ഷേപിക്കുന്നത്. ട്രഷറി ബില്ലുകള്‍, കടപ്പത്രങ്ങള്‍, ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ മുതലായ ഫിക്‌സഡ് ഇന്‍കം നിക്ഷേപങ്ങളായിരിക്കും പോര്‍ട്ട്‌ഫോളിയോയുടെ ഭൂരിഭാഗവും.

ഇവയിലെ നിക്ഷേപം കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ ഇവയാണ്,

സ്ഥിര വരുമാനം ബാലന്‍സ്ഡ് ഫണ്ടുകള്‍ പലിശ ലഭിക്കുന്ന ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നത് കാരണം നിക്ഷേപകര്‍ക്ക് സ്ഥിരമായ വരുമാനം ഉണ്ടാക്കാന്‍ കഴിയും. അതേസമയം, ഇക്വിറ്റിയിലെ നിക്ഷേപം മൂലധന വര്‍ധനവിനുള്ള സാധ്യത നല്‍കുന്നു. ഇത് റിസ്‌കും റിട്ടേണും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ സഹായിക്കും. വിരമിച്ചവര്‍ക്കുള്ള നല്ലൊരു തിരഞ്ഞെടുപ്പാണ് ഇത്.

സ്ഥിരത ഉയര്‍ന്ന അപകടസാധ്യതയുള്ള ഇക്വിറ്റി നിക്ഷേപങ്ങളുടെയും ഇടത്തരം മുതല്‍ കുറഞ്ഞ അപകടസാധ്യതയുള്ള ഡെറ്റ് ഉപകരണങ്ങളുടെയും സംയോജിക്കുന്നൊരു പോര്‍ട്ട്‌ഫോളിയോ സ്ഥിരത നല്‍കും. ഇക്വിറ്റിഡെറ്റ് മിശ്രിതം വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ അപകടസാധ്യത ലഘൂകരിക്കുകയും ഉയര്‍ന്ന മാര്‍ക്കറ്റ് നഷ്ടങ്ങളില്‍ നിന്ന് നിക്ഷേപത്തെ സുരക്ഷിതമാക്കുകയും ചെയ്യുന്നു.

ദീര്‍ഘകാല സമ്പത്ത് ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള സാധ്യതയും ബാലന്‍സ്ഡ് ഫണ്ടുകള്‍ നല്‍കുന്നു. നീണ്ട നിക്ഷേപ കാലയളവില്‍ റിസ്‌ക് മാനേജ് ചെയ്ത് ബാലന്‍സ്ഡ് ഫണ്ടുകള്‍ മൂലധന നേട്ടം നല്‍കുന്നു.

വിപണി ചാഞ്ചാട്ടം വിപണി ഉയര്‍ച്ചയുടെ ഘട്ടത്തില്‍ ബാലന്‍സ്ഡ് ഫണ്ടുകള്‍ നിക്ഷേപകര്‍ക്ക് മാര്‍ക്കറ്റ് റാലിയുടെ നേട്ടം നല്‍കുന്നു. വിപണി ഉയരത്തില്‍ നിന്ന് ഇക്വിറ്റി വഴി നേട്ടമുണ്ടാക്കുമ്പോള്‍ ചാഞ്ചാട്ട സമയത്ത് ഡെറ്റ് നിക്ഷേപങ്ങള്‍ സ്ഥിരത പ്രദാനം ചെയ്യുന്നു.

നേട്ടങ്ങള്‍

1. ബാലന്‍സ്ഡ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നത് വഴി പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരണം സാധ്യമാകുന്നു.

2. ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ ഡെറ്റ്, ഇക്വിറ്റി നിക്ഷേപങ്ങളില്‍ തിരഞ്ഞെടുത്ത റേഷ്യോയില്‍ നിക്ഷേപം നടത്തുന്നു. അതുവഴി നിക്ഷേപകന്റെ റിസ്‌ക് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നു.

3. വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാലന്‍സ്ഡ് ഫണ്ടിന്റെ പോര്‍ട്ട്‌ഫോളിയോ ക്രമീകരിക്കാന്‍ ഫണ്ട് മാനേജര്‍ക്ക് അനുവാദമുണ്ട്.

4. സാധാരണ ഇക്വിറ്റി ഫണ്ടുകളെ അപേക്ഷിച്ച് ബാലന്‍സ്ഡ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് റിസ്‌ക് കുറവാണ്.

5. വിപണിയിലെ ഏറ്റക്കുറച്ചിലുകളുടെ സാഹചര്യത്തില്‍ ഒരു നിക്ഷേപകന്റെ പോര്‍ട്ട്‌ഫോളിയോ സ്വയമേവ ബാലന്‍സ് ചെയ്യുന്ന തരത്തിലാണ് ബാലന്‍സ്ഡ് ഫണ്ടുകളുടെ അസറ്റ് ക്രമീകരണം. റീബാലന്‍സിങ് വഴി ഫണ്ടിന്റെ പ്രകടനം നിലനിര്‍ത്തുന്നതിന് ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ വില്‍ക്കാനും ഫണ്ട് മാനേജര്‍മാര്‍ക്ക് അധികാരമുണ്ട്.