- Home
- /
- Market
- /
- Mutual Funds
- /
- വിപണിയില്‍ ഹലാലായൊരു...
വിപണിയില്‍ ഹലാലായൊരു നിക്ഷേപമാര്‍ഗം: അറിയാം ശരീഅത്ത് മ്യൂച്വല്‍ ഫണ്ടിനെപ്പറ്റി
MyFin Bureau
Summary
- ഇസ്‌ലാം മത വിശ്വാസികള്‍ക്കായി ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായാണ് ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് സെബി രൂപം നല്‍കിയത്
- ഒരു കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 3 ശതമാനത്തില്‍ താഴെ മാത്രമാണ് പലിശയില്‍നിന്നുള്ള വരുമാനമെങ്കില്‍ അത്തരം കമ്പനികളിലെ നിക്ഷേപം നിഷിദ്ധമാവില്ല.
- പുകയില, മദ്യം, പന്നിയിറച്ചി എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍, നിശാക്ലബ് പ്രവര്‍ത്തനങ്ങള്‍, ചൂതാട്ടം, അശ്ലീലം മുതലായവയില്‍ ഏര്‍പ്പെടുന്ന കമ്പനികളിൽ ഈ ഫണ്ടുകൾക്ക് നിക്ഷേപിക്കാനാവില്ല.
ജീവിതത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് മിക്കവരും ഓഹരി വിപണിയിലെ റിസ്‌ക് കുറഞ്ഞ...
ജീവിതത്തിലെ ഏതെങ്കിലും പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനാണ് മിക്കവരും ഓഹരി വിപണിയിലെ റിസ്‌ക് കുറഞ്ഞ നിക്ഷേപമാര്‍ഗമായ മ്യൂച്വല്‍ ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നത്. ഈയടുത്തായി മ്യൂച്വല്‍ ഫണ്ട് നിക്ഷേപ രംഗത്ത് പുതുതായി എത്തുന്നവരുടെ എണ്ണവും ഉയര്‍ന്നിട്ടുണ്ട്. ജാതിമത ഭേദമന്യേ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് ഏവരും താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും മുസ്ലിം മതവിശ്വാസികളില്‍ വലിയൊരു വിഭാഗവും അന്വേഷിക്കുന്നത് ഇതിലെ ശരീഅത്ത് വശങ്ങളെ കുറിച്ചാണ്. മദ്യം, ലോട്ടറി, പലിശ, ബാങ്ക് തുടങ്ങി തങ്ങള്‍ക്ക് വിശ്വാസപരമായി നിഷിദ്ധമാക്കപ്പെട്ട മേഖലകളെ ഒഴിച്ചുനിര്‍ത്തിയുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ ചോദിച്ചറിഞ്ഞെത്തുന്നവരും കുറവല്ല. ഇത്തരത്തില്‍ ഇസ്‌ലാം മതവിശ്വാസികള്‍ക്കായി ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായാണ് മാര്‍ക്കറ്റ് റെഗുലേറ്ററായ സെബി, ശരീഅത്ത് അഥവാ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് രൂപം നല്‍കിയത്.
ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകള്‍ ഏതൊക്കെ?
പ്രധാനമായും രണ്ട് ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകള്‍ക്കാണ് സെബി അനുമതി നല്‍കിയിട്ടുള്ളത്. ടാറ്റ മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ടാറ്റ എത്തിക്കല്‍ ഫണ്ടും ടോറസ് മ്യൂച്വല്‍ ഫണ്ട് കമ്പനിയുടെ ടോറസ് എത്തിക്കല്‍ ഫണ്ടും. ശരീഅത്ത് നിയമനങ്ങള്‍ക്കനുസൃതമായി വൈവിധ്യമാര്‍ന്ന ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോകളിലാണ് ഈ രണ്ട് മ്യൂച്വല്‍ഫണ്ടുകളും നിക്ഷേപിക്കുന്നത്. ഓഹരികളിലും അതുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിച്ച് ഇടത്തര, ദീര്‍ഘകാല മൂലധന നേട്ടം നല്‍കുക എന്നതാണ് ഈ സ്‌കീമുകളുടെ നിക്ഷേപ ലക്ഷ്യം.
ടാറ്റ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ട്
ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകളില്‍ തന്നെ ഏറെ സവിശേഷമായ ടാറ്റ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടിന് 1996 ലാണ് ടാറ്റ മ്യൂച്വല്‍ ഫണ്ട് കമ്പനി തുടക്കമിട്ടത്. ഒരു യൂണിറ്റിന് 10 രൂപ വിലയിലുണ്ടായിരുന്ന ടാറ്റ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ടിന്റെ എന്‍എവി (നെറ്റ് അസറ്റ് വാല്യു) ഇന്ന് 282.5 രൂപയാണ്. 1463 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ടിന്റെ എയുഎം (അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ്). കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കാര്യമായ റിട്ടേണ്‍ ടാറ്റ എത്തിക്കല്‍ മ്യൂച്വല്‍ ഫണ്ട് നല്‍കിയിട്ടില്ലെങ്കിലും രണ്ട് വര്‍ഷത്തിനിടെ 55 ശതമാനത്തിന്റെയും അഞ്ച് വര്‍ഷത്തിനിടെ 81 ശതമാനത്തിന്റെയും നേട്ടം സമ്മാനിച്ചിട്ടുണ്ട്. പത്ത് വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ 295 ശതമാനത്തിന്റെയും തുടക്കകാലം തൊട്ട് താരതമ്യം ചെയ്യുമ്പോള്‍ ഇതുവരെ 3046 ശതമാനത്തിന്റെ വളര്‍ച്ചയുമാണ് ഈ ഫണ്ട് നല്‍കിയത്.
ടോറസ് എത്തിക്കല്‍ ഫണ്ട്
സമാനമായി ശരീഅത്ത് നിയമത്തിന് അനുസൃതമായി ഓഹരികളിലും ഇതുമായി ബന്ധപ്പെട്ട സെക്യൂരിറ്റികളിലും നിക്ഷേപിക്കുന്ന മറ്റൊരു മ്യൂച്വല്‍ ഫണ്ടാണ് ടോറസ് എത്തിക്കല്‍ ഫണ്ട്. 2009ലാണ് ടോറസ് എത്തിക്കല്‍ ഫണ്ടിന് തുടക്കമിട്ടത്. യൂണിറ്റിന് 10 രൂപ എന്ന നിലയില്‍ ആരംഭിച്ച ടോറസ് എത്തിക്കല്‍ ഫണ്ടിന്റെ ഇപ്പോഴത്തെ എന്‍എവി 87.59 രൂപയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 40 ശതമാനത്തിന്റെ നേട്ടമാണ് ഈ ഫണ്ട് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ടോറസ് എത്തിക്കല്‍ ഫണ്ട് ആരംഭിച്ചത് മുതല്‍ 776 ശതമാനത്തിന്റെ ആദായവും ഈ മ്യൂച്വല്‍ ഫണ്ട് രേഖപ്പെടുത്തി. പ്രധാനമായും കണ്‍സ്യൂമര്‍ ഡ്യൂറബ്ള്‍സ് (17.06%), ഇന്‍ഡസ്ട്രിയല്‍ പ്രോഡക്ട്‌സ് (15.38%) ഐടി - സോഫ്‌റ്റ്വെയര്‍ (10.16%) എന്നീ മേഖലകളിലാണ് ടോറസ് എത്തിക്കല്‍ ഫണ്ടിന്റെ നിക്ഷേപം.
നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ശരീഅ ബീസ്
ഇവ രണ്ടു കൂടാതെ ശരീഅത്ത് നിയമമനുസരിച്ച് നിക്ഷേപിക്കാവുന്ന ഒരു ഇടിഎഫ് (എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട്) കൂടിയുണ്ട്, നിപ്പോണ്‍ ഇന്ത്യ ഇടിഎഫ് ശരീഅ ബീസ്. 2009ല്‍ ആരംഭിച്ച ഇന്‍ഡക്‌സ് ഫണ്ടിന്റെ തുടക്കത്തിലെ എന്‍എവി 100 രൂപയായിരുന്നു. ഇപ്പോള്‍ 423.80 രൂപയാണ് എന്‍എവി. 99.3 ശതമാനം നിക്ഷേപവും ആഭ്യന്തര ഓഹരിയിലാണ്. 88.03 ശതമാനം ലാര്‍ജ് ക്യാപ് സ്‌റ്റോക്കുകളിലും 7.8 ശതമാനം മിഡ് ക്യാപ് ഓഹരികളിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നെഗറ്റീവ് വളര്‍ച്ചയാണെങ്കിലും മൂന്ന് വര്‍ഷത്തിനിടെ 66 ശതമാനത്തിന്റെയും 10 വര്‍ഷത്തിനിടെ 257 ശതമാനത്തിന്റെയും ആദായം ഈ ഫണ്ട് നല്‍കിയിട്ടുണ്ട്. ഫണ്ട് ആരംഭിച്ചത് മുതല്‍ ഇതുവരെയായി 329 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
നിയന്ത്രിക്കുന്നതാര്?
തഖ്‌വ അഡൈ്വസറി ആന്റ് ശരീഅ ഇന്‍വെസ്റ്റ്‌മെന്റ് സൊലൂഷനാണ് ശരീഅ മ്യൂച്വല്‍ ഫണ്ടുകള്‍ക്കായി നിയമങ്ങളും നിയന്ത്രണങ്ങളും വ്യക്തമാക്കിയത്. ഫണ്ടുകളുടെ ഓഡിറ്റിംഗും ശരീഅത്ത് നിയമം അനുസരിച്ചാണോ നിക്ഷേപമെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നതും ശരീഅത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും ഈ സ്ഥാപനമാണ്.
പ്രധാനമായും മൂന്ന് കാര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ശരീഅത്ത് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപം.
* ഇന്നത്തെ കാലത്ത് പലിശരഹിത വരുമാനമുള്ള കമ്പനികളെ നിക്ഷേപത്തിന് കണ്ടെത്താന്‍ സാധിക്കണമെന്നില്ല. അതിനാല്‍ തന്നെ ഒരു കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 3 ശതമാനത്തില്‍ താഴെ മാത്രമാണ് പലിശയില്‍നിന്നുള്ള വരുമാനമെങ്കില്‍ അത്തരം കമ്പനികളിലെ നിക്ഷേപം നിഷിദ്ധമാവില്ല.
* കമ്പനിയുടെ മൊത്തം കടം മൊത്തം ആസ്തിയുടെ നാലിലൊന്നോ അതിലധികമോ ആണെങ്കില്‍ ശരീഅത്ത് ഫണ്ടുകള്‍ക്ക് നിക്ഷേപിക്കാനാവില്ല.
* ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍ തുടങ്ങിയ സാമ്പത്തിക സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികളും ഈ മ്യൂച്വല്‍ ഫണ്ടുകള്‍ വാങ്ങില്ല. കൂടാതെ, പുകയില, മദ്യം, പന്നിയിറച്ചി എന്നിവ നിര്‍മിക്കുന്ന കമ്പനികള്‍, നിശാക്ലബ് പ്രവര്‍ത്തനങ്ങള്‍, ചൂതാട്ടം, അശ്ലീലം മുതലായവയില്‍ ഏര്‍പ്പെടുന്ന കമ്പനികള്‍ എന്നിവയിലും നിക്ഷേപിക്കാനാവില്ല.