9 Aug 2023 11:29 AM GMT
Summary
- എസ്ഐപിയില്‍ ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കാം
ഇന്ത്യയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആരംഭിച്ചശേഷം ഈ മേഖലയില്‍ വന്‍ മാറ്റങ്ങളാണുണ്ടായത്. 1993-ല്‍ ഫ്രാങ്ക്‌ളിന്‍ ടെമ്പിള്‍ടണ്‍ മ്യൂച്വല്‍ ഫണ്ടാണ് ഇന്ത്യക്കാര്‍ക്ക് എസ്‌ഐപി രീതി പരിചയപ്പെടുത്തുന്നത്. ഇന്നത് എത്തി നില്‍ക്കുന്നത് 6.65 കോടി എസ്‌ഐപി അക്കൗണ്ടുകളിലാണ്. ഇതിലൂടെ നിക്ഷേപകര്‍ എല്ലാമാസവും മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപം നടത്തിവരുന്നു. പ്രതിമാസം 5000 കോടി രൂപയിലധികം മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് എത്തിച്ചേരുന്നുണ്ട്.
ഓഹരി മ്യൂച്വല്‍ ഫണ്ടുകളുടെ കണക്കു പരിശോധിച്ചാല്‍ കഴിഞ്ഞ 30 വര്‍ഷക്കാലത്ത് എസ്‌ഐപി വഴി വന്‍തോതില്‍ സമ്പത്ത് വര്‍ധിപ്പിച്ചതായി കാണാം.
നിക്ഷേപകന്റെ ആവശ്യങ്ങളനുസരിച്ച് നിക്ഷേപം നടത്താന്‍ ഇപ്പോള്‍ എസ് ഐ പിയുടെതന്നെ വൈവിധ്യമാര്‍ന്ന രൂപഭേദങ്ങള്‍ ഫണ്ട് ഹൗസുകള്‍ ലഭ്യമാക്കിയിരിക്കുന്നു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) സിസ്റ്റമാറ്റിക്കായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച നിക്ഷേപ ഓപ്ഷനായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് ദീര്‍ഘകാലത്തേക്ക് നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആസൂത്രിതമായും സ്ഥിരമായും നിക്ഷേപം നടത്താന്‍ നിക്ഷേപകരെ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗ്ഗമായി എസ്ഐപി മാറിയിരിക്കുന്നു. ചെറിയ തുകയില്‍ നിക്ഷേപം ആരംഭിക്കാം എന്നുള്ളതാണ് എസ്ഐപിയുടെ നേട്ടം. മിക്ക ഫണ്ടുകളിലും കുറഞ്ഞ പ്രതിമാസ നിക്ഷേപം 500 രൂപയാണ്. വിവിധ എസ്ഐപി രീതികള്‍ പരിശോധിക്കാം.
ഫ്ളെക്സി എസ്ഐപി
ഫ്ളെക്സ് എസ്ഐപി അല്ലെങ്കില്‍ ഫ്ളെക്സി എസ്ഐപി എന്നറിയപ്പെടുന്നു. നിക്ഷേപകന്റെ ധനകാര്യ സ്ഥിതിക്കും വിപണി സാഹചര്യങ്ങള്‍ക്കും അനുസരിച്ച് എസ്ഐപി തുക ക്രമീകരിക്കാം. വിപണി ഉയര്‍ന്നു നില്‍ക്കുമ്പോള്‍ എസ്ഐപി തുക കുറയ്ക്കാനും താഴ്ന്നിരിക്കുമ്പോള്‍ എസ്‌ഐപി തുക കൂട്ടാനും സാധിക്കും. അതുപോലെ നിക്ഷേപകന്റെ സാമ്പത്തിക സ്ഥിതി മോശമാണെങ്കില്‍ നിക്ഷേപത്തുക കുറയ്ക്കാനും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ നിക്ഷേപത്തുക വര്‍ധിപ്പിക്കാനും അവസരമുണ്ട്. ചുരുക്കത്തില്‍ നിക്ഷേപകന് എസ്ഐപി തുക അഡജസ്റ്റ് ചെയ്യാനുള്ള അവസരം ഫ്ളെക്സി എസ്ഐപി ഓപ്ഷനില്‍ ലഭിക്കുന്നു.
സ്റ്റെപ്-അപ് എസ്ഐപി
സ്റ്റെപ്പ്-അപ്പ് അല്ലെങ്കില്‍ ടോപ്പ്-അപ്പ് എസ്ഐപി നിശ്ചിത ഇടവേളകളില്‍ എസ്ഐപി തുക വര്‍ധിപ്പിക്കാന്‍ അനുവദിക്കുന്നു. ഉദാഹരണത്തിന്, നിങ്ങള്‍ക്ക് ഇഷ്ടമുള്ള മ്യൂച്വല്‍ ഫണ്ട് സ്‌കീമില്‍ 10,000 രൂപ എസ്ഐപി നിക്ഷേപം ആരംഭിക്കുകയും ഓരോ ആറുമാസത്തിനും ശേഷം എസ്ഐപി തുക 1,000 രൂപ വര്‍ദ്ധിപ്പിക്കാന്‍ ഫണ്ട് ഹൗസിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്യാം.
നിക്ഷേപകന്റെ നിര്‍ദ്ദേശ പ്രകാരം, പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചിരുന്നിടത്ത് ആദ്യ ആറ് മാസത്തിന് ശേഷം, എസ്ഐപി തുക പ്രതിമാസം 11,000 രൂപയായി ഉയര്‍ത്തും. പതിമൂന്നാം മാസം മുതല്‍ ഇത് വീണ്ടും പ്രതിമാസം 1,000 രൂപ വര്‍ദ്ധിക്കും.
ശമ്പള വരുമാനക്കാര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ജോലിക്കയറ്റം, വര്‍ഷാവര്‍ഷം ലഭിക്കുന്ന ഇന്‍്ക്രിമെന്റ്, ബോണസ് തുടങ്ങി വരുമാനം വര്ധിക്കുന്നതിനനുസരിച്ച് എസ്‌ഐപിത്തുകയില്‍ വര്‍ധന നടത്താന്‍ അനുവദിക്കുന്നതാണ് സ്‌റ്റെപ് അപ് എസ് ഐപി.
റെഗുലര്‍ എസ്ഐപി
പൊതുവേ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിന് തെരഞ്ഞെടുക്കുന്നത് റെഗുലര്‍ എസ്ഐപിയാണ്. ഒരു നിശ്ചിത തുക നിശ്ചിത തീയതിയില്‍ നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കുന്നു. അത് മാസത്തിലോ, മൂന്നുമാസം കൂടുമ്പോഴോ, ആറ് മാസം കൂടുമ്പോഴോ എങ്ങനെ വേണമെങ്കിലും നിക്ഷേപകന് ക്രമീകരിക്കാം. ഏറ്റവും ലളിതമായ എസ്ഐപി നിക്ഷേപ രീതിയാണിത്.
ട്രിഗര്‍ എസ്ഐപി
ട്രിഗര്‍ എസ്ഐപി നിക്ഷേപം നടത്തുന്നത് വിപണിയില്‍ ഒരു എന്തെങ്കിലുമൊരു മാറ്റം സംഭവിക്കുമ്പോള്‍ മാത്രമാണ്. ഇത്തരത്തിലുള്ള എസ്ഐപിയില്‍ നിന്ന് ലാഭം നേടുന്നതിന്, നിക്ഷേപകന് വിപണിയെക്കുറിച്ച് നല്ല ധാരണ ഉണ്ടായിരിക്കണം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന സ്‌കീമിന്റെ നെറ്റ് അസെറ്റ് വാല്യു (എന്‍എവി) ഒരു നിശ്ചിത തുകയിലേക്ക് വരികയാണെങ്കില്‍ മാത്രം നിക്ഷേപം നടത്തി സ്‌കീമിന്റെ യൂണിറ്റുകള്‍ വാങ്ങാന്‍ ബ്രോക്കറേജിന് നിര്‍ദ്ദേശം നല്‍കാം. നിര്‍ദ്ദിഷ്ട തീയതികളും നിഫ്റ്റി അല്ലെങ്കില്‍ സെന്‍സെക്സ് പോലുള്ള സൂചികയുടെ നിലകളും പോലുള്ള ട്രിഗര്‍ ഓപ്ഷനുകള്‍ക്കനുസരിച്ചാണ് നിക്ഷേപം നടത്തുന്നത്. എന്നാല്‍, അത്തരം ട്രിഗറുകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അറിവും പരിചയവുമുള്ള പരിചയസമ്പന്നരായ നിക്ഷേപകര്‍ക്ക് മാത്രമേ ഈ ഓപ്ഷന്‍ കൊണ്ട് നേട്ടമുണ്ടാകു.
പെര്‍പെച്വല്‍ എസ്ഐപി
പെര്‍പെച്വല്‍ എസ്ഐപി സാധാരണ എസ്ഐപിക്ക് സമാനമാണ്, പക്ഷേ നിക്ഷേപത്തിന് നിശ്ചിത കാലാവധിയില്ല. എസ്ഐപി നിര്‍ത്താന്‍ ഫണ്ട് ഹൗസിനോട് അഭ്യര്‍ത്ഥിക്കുന്നത് വരെ നിക്ഷേപം തുടരാം. ദീര്‍ഘകാല നേട്ടമുണ്ടാകാന്‍ ഈ എസ്ഐപി സഹായിക്കും. എപ്പോള്‍ വേണമെങ്കിലും നിക്ഷേപം അവസാനിപ്പിച്ച് പണം തിരികെയെടുക്കാം.
മള്‍ട്ടി എസ്ഐപി
ഒരൊറ്റ എസ്ഐപിയിലൂടെ ഫണ്ട് ഹൗസിന്റെ ഒന്നിലധികം സ്‌കീമുകളില്‍ നിക്ഷേപിക്കാന്‍ മള്‍ട്ടി-എസ്ഐപി അനുവദിക്കും. ഉദാഹരണത്തിന്, 5,000 രൂപയാണ് നിക്ഷേപിക്കാനുദ്ദേശിക്കുന്നതെങ്കില്‍ അത് നാല് സ്‌കീമുകളിലായി 1,250 രൂപ വീതം നിക്ഷേപിക്കാന്‍ അവസരം ലഭിക്കും.