17 Feb 2023 10:55 AM GMT
സ്വന്തമായി തരക്കേടില്ലാത്ത ഒരു ബിസിനസ് എന്നത് പലരുടെയും വലിയ സ്വപ്നമാണ്. ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച് വളര്‍ന്ന് പടര്‍ന്ന് പന്തലിക്കാവുന്ന ഒരു ബിസിനസ് ഏതെന്നാണ് എല്ലാവരും ആലോചിക്കുക. അത്തരക്കാര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണ് മിനി സൂപ്പര്‍മാര്‍ക്കറ്റ്. എല്ലാവിധ സൗകര്യങ്ങളുമുള്ള വലിയൊരു സൂപ്പര്‍മാര്‍ക്കറ്റ് എന്നത് കോടികള്‍ നിക്ഷേപം വേണ്ട സംഗതിയാണ്. എന്നാല്‍ കുറഞ്ഞ മുതല്‍മുടക്കില്‍ ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കാം. ഗ്രാമങ്ങളില്‍ പോലും കടകളില്‍ നിന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിലേക്ക് ഉപഭോക്താക്കള്‍ ചുവടുമാറുന്ന സമയമാണിത്. അതുകൊണ്ട് ഈ ബിസിനസിലേക്ക് കാലെടുത്തുവെക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വരില്ല. ഉടമസ്ഥനെ കൂടാതെ ഒരാള്‍ മാത്രമാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ തുടക്കത്തില്‍ ആവശ്യം വരുന്നുള്ളൂ. പ്രതിമാസം കുറഞ്ഞത് അരലക്ഷം രൂപയോളം ലാഭം തരുന്ന ബിസിനസാണിത്. പലചരക്ക്, പഴം, പച്ചക്കറി, ഐസ്‌ക്രീം, കൂള്‍ഡ്രിങ്ക്സ് തുടങ്ങി എല്ലാ വിധ സാധനങ്ങളും സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാക്കിയിരിക്കണം. മിനി സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങുന്നത് എങ്ങിനെയായിരിക്കണമെന്ന് താഴെ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങാന്‍ ചില ഉപകരണങ്ങള്‍ ആവശ്യമാണ്.
റഫ്രിജറേറ്ററും ഫ്രീസറും
ചെറിയൊരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് തുടക്കത്തില്‍ രണ്ട് റഫ്രിജറേറ്ററുകള്‍ മതിയാകും. ഒന്ന് ഐസ്,ഐസ്‌ക്രീം ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഫ്രീസറായി ഉപയോഗിക്കാം. കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്താണ് സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതെങ്കില്‍ ഐസ്‌ക്രീം കമ്പനികള്‍ തന്നെ റഫ്രിജറേറ്റര്‍ ഫ്രീയായി തരും.കൂള്‍ഡ്രിങ്ക്സ് പോലുള്ള ഉല്‍പ്പന്നങ്ങളും പാലും തൈരും ചീസുമൊക്കെ സൂക്ഷിക്കാനാണ് രണ്ടാമതൊരു റഫ്രിജറേറ്റര്‍ ഉപയോഗിക്കേണ്ടത്.
ബേക്കറിയും ക്യാഷ് കൗണ്ടറും
ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കായി ഗ്ലാസ് ഷെല്‍ഫ് ആവശ്യമാണ്. ഇത് ക്യാഷ് കൗണ്ടറിന് സമീപമാണ് വെക്കേണ്ടത്. ഇതിനോട് ചേര്‍ന്ന് തന്നെ ക്യാഷ് കൗണ്ടര്‍ സെറ്റ് ചെയ്യുന്നതാണ് കച്ചവടം പുരോഗമിക്കാന്‍ നല്ലത്.
ഗ്രോസറി ഷെല്‍ഫ്
ഗ്രോസറി സൂക്ഷിക്കാനുള്ള ചെറിയൊരു ഷെല്‍ഫിന് വേണ്ടിയാണ് അടുത്തതായി പണം നീക്കിവെക്കേണ്ടത്. ബ്രാന്റഡ് ഉല്‍പ്പന്നങ്ങള്‍ക്കും പഴം ,പച്ചക്കറിയ്ക്കും വേണ്ടി പ്രത്യേകം ഷെല്‍ഫ് വാങ്ങേണ്ടതുണ്ട്. പ്ലൈവുഡോ ചെറിയ മരങ്ങളോ ഉപയോഗിച്ച് വളരെ കുറഞ്ഞ തുകയ്ക്ക് ഈ ഷെല്‍ഫുകള്‍ നിര്‍മിക്കാവുന്നതാണ്.
വെയിങ് മെഷീന്‍
ഏറ്റവും പ്രധാനപ്പെട്ട ഉപകരണമാണ് വെയിങ് മെഷീന്‍. മുപ്പത് കിലോഗ്രാം വരെയുള്ള മൂന്ന് മെഷീനുകളെങ്കിലും വേണ്ടിവരും. വിലയും ഉല്‍പ്പന്നപ്പട്ടികയും സെറ്റ് ചെയ്തിട്ടുള്ള ബില്ലിങ് വെയിങ് മെഷീന്‍ വാങ്ങാന്‍ ശ്രദ്ധിക്കാം. ഐസ്ഐ സര്‍ട്ടിഫിക്കേഷന്‍ ഉറപ്പുവരുത്തണം.
സിസിടിവിയും മറ്റുള്ളവയും
മിനി സൂപ്പര്‍മാര്‍ക്കറ്റ് ആണെങ്കിലും സിസിടിവി നിര്‍ബന്ധമായും സ്ഥാപിച്ചിരിക്കണം. ക്യാഷ് കൗണ്ടറിന്റെ സുരക്ഷിതത്വത്തിനും കൂടുതല്‍ ജോലിക്കാരില്ലാതെ മാനേജ് ചെയ്യാനും ഇത് അത്യാവശ്യമാണ്. മതിയായ ഫര്‍ണീച്ചറും ഇന്‍വെര്‍ട്ടറും സൂപ്പര്‍മാര്‍ക്കറ്റിലുണ്ടായിരിക്കണം. അക്കൗണ്ട്സ് കൈകാര്യം ചെയ്യാന്‍ അക്കൗണ്ടിങ് സോഫ്റ്റ് വെയര്‍ ഉപയോഗിക്കാം. ഇത് നിങ്ങളുടെ ലാഭം കൃത്യമായി വിലയിരുത്താനും ഉപകരിക്കും.
അനുമതികള്‍
മിനി സൂപ്പര്‍മാര്‍ക്കറ്റ് നടത്താന്‍ വെറും പഞ്ചായത്ത് ലൈസന്‍സ് മാത്രമേ വേണ്ടിവരികയുള്ളൂ. ജിഎസ്ടി നിര്‍ബന്ധമല്ല. എന്നാല്‍ വിറ്റുവരവ് 1.5 കോടിയായാല്‍ ജിഎസ്ടി നിര്‍ബന്ധമാണെന്ന കാര്യം മറക്കരുത്. വില്‍പ്പനയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി.
മുതല്‍മുടക്ക്
കെട്ടിട വാടകയും സൂപ്പര്‍മാര്‍ക്കറ്റിന് ആവശ്യമായ ഉപകരണങ്ങളും അടക്കം പത്ത് ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളൂ. ദിവസവും ചരക്ക് എടുക്കാന്‍ മൂലധനത്തിന്റെ നിശ്ചിത ശതമാനം മാറ്റിവെക്കാന്‍ മറക്കരുത്. ഇത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ പല ബാങ്കുകളും വായ്പ അനുവദിക്കുന്നുണ്ട്. പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കി മതിയായ ഈട് സഹിതം അപേക്ഷിച്ചാല്‍ മൂലധനം കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ല.
ലാഭം
സൂപ്പര്‍മാര്‍ക്കറ്റില്‍ ഒരുവിധം എല്ലാ ഉല്‍പ്പന്നങ്ങളും ഉള്ളതിനാല്‍ ലാഭം കണക്കാക്കേണ്ടത് ഇവയുടെ സ്വഭാവം നോക്കിയാണ്. പലചരക്ക് സാധനങ്ങളുടെ വില്‍പ്പനയില്‍ എട്ട് ശതമാനം മുതലാണ് ലാഭം. എന്നാല്‍ പച്ചക്കറി,പഴവര്‍ഗങ്ങള്‍ വിറ്റാല്‍ 30 ശതമാനത്തോളം ലാഭം ലഭിക്കും. പക്ഷെ ഇവ വേഗത്തിൽ തന്നെ പരമാവധി വിറ്റ് തീർക്കാൻ ശ്രമിക്കണം. ഇത്തരം ഉത്പന്നങ്ങൾ വേഗത്തിൽ അഴുകാനും അങ്ങനെ മാർജിൻ കുറയാനും കാരണമാകും.
അരി,പഞ്ചസാര,ഓയില്‍ തുടങ്ങിയവയ്ക്ക് എട്ട് മുതല്‍ പന്ത്രണ്ട് ശതമാനം ലാഭം കിട്ടും. പാക്കിങ് പ്രൊഡക്ടുകള്‍ക്ക് 13% വരെയാണ് പ്രതീക്ഷിക്കാവുന്നത്. അതുപോലെ മില്‍മ, കോള്‍ഗേറ്റ്, ബൂസ്റ്റ് തുടങ്ങിയ ചില ബ്രാ്ന്റുകളുടെ ഉല്‍പ്പന്നങ്ങൾക്ക് മാർജിൻ കുറവായിരിക്കും. പക്ഷേ ഈ ബ്രാന്റുകള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ല എ്ന്ന കാര്യം തിരിച്ചറിയണം.
ചുരുക്കി പറഞ്ഞാല്‍, പതിനായിരം രൂപയുടെ കച്ചവടം നടന്നാല്‍ 2000 രൂപ പ്രതിദിനം ലാഭമായി മാറ്റിവെക്കാം. ഒരു മാസത്തേക്ക് ഏറ്റവും കുറഞ്ഞത് 60,000 രൂപ വരുമാനം നേടാന്‍ മിനി സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസ് സഹായിക്കും. ഹോം ഡെലിവറിയും ഓണ്‍ലൈന്‍ സേവനങ്ങളും ഉറപ്പാക്കിയാല്‍ ഈ ബിസിനസ് കൂടുതൽ വേഗത്തിൽ വളരും.