10 May 2023 10:30 AM GMT
Summary
- പാദങ്ങള്‍ക്ക് അനുസരിച്ച് വളരും
- 8 മാസം കൊണ്ട് 80 ലക്ഷം
- പേറ്റന്റും സ്വന്തം
ഒരു ബിസിനസ് ആരംഭിച്ചാല്‍ അത് വളരെ യൂണിക് ആയിരിക്കണം. അങ്ങിനെയൊരു ബിസിനസ് പച്ചപിടിച്ചാല്‍ അതിന്റെ വളര്‍ച്ച ആര്‍ക്കും തടയാന്‍ സാധിക്കില്ല. വ്യത്യസ്തത അത്രയ്ക്ക് പ്രധാനമാണ് ബിസിനസില്‍. ആരും തുടങ്ങിയിട്ടില്ലാത്ത അത്തരമൊരു ബിസിനസ് തുടങ്ങി അതിവേഗം വളര്‍ച്ച പ്രാപിക്കുന്ന ഒരു സംരംഭത്തിന്റെ ഉടമയായി മാറുകയാണ് സത്യജിത്ത് എന്ന യുവാവ്. എംഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ ബിരുദധാരിയായ സത്യജിത്ത് മിത്തല്‍ കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക ഷൂസ് നിര്‍മിച്ചാണ് തന്റെ സംരംഭക ജീവിതം ആരംഭിച്ചത്. എട്ട് മാസം കൊണ്ട് 80 ലക്ഷം വരുമാനം നേടി ആരെയും അമ്പരപ്പിക്കുകയാണ് അദ്ദേഹത്തിന്റെ പാദരക്ഷാ ബ്രാന്‍ഡായ 'അരെറ്റോ'.
എംഐടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിലെ വിദ്യാര്‍ത്ഥിയായിരുന്നു സത്യജിത്ത്. പഠന ശേഷം ഇന്ത്യന്‍ ടോയ്ലറ്റുകള്‍ ഉപയോഗിക്കാന്‍ എളുപ്പമാക്കുന്ന സ്‌ക്വാറ്റ് ഈസ് എന്ന ബ്രാന്‍ഡിന് അദ്ദേഹം രൂപം നല്‍കി. ഈ സംരംഭം അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം വരെ നേടിക്കൊടുത്തു. ഇതിനിടെയാണ് കുട്ടികളുടെ പാദരക്ഷകള്‍ സംബന്ധിച്ച് ഒരു ബ്രാന്‍ഡ് തുടങ്ങുന്നതിനെ കുറിച്ച് അദ്ദേഹം ആലോചിക്കുന്നത്.
കുട്ടികള്‍ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഒരു ചെരുപ്പോ ഷൂസോ വാങ്ങിയാല്‍ ഏതാനും മാസങ്ങള്‍ കഴിയുംമുമ്പ് തന്നെ അത് ഉപേക്ഷിച്ച് പുതിയത് വാങ്ങേണ്ടി വരും. തന്റെ ചെറുപ്പക്കാലത്ത് ചേട്ടന്റെ പഴയ ഷൂസുകളായിരുന്നു പലപ്പോഴും ഉപയോഗിച്ചിരുന്നത്. ഇതാണ് തന്നെ വ്യത്യസ്തമായ ഒരു ഉല്‍പ്പന്നത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറയുന്നു. പല രക്ഷിതാക്കളും സ്വന്തം കുഞ്ഞുങ്ങള്‍ക്ക് വേണ്ടി വാങ്ങുന്ന ഷൂസുകള്‍ ഒരിക്കലും യോജിക്കാറില്ല. ഒപ്പിക്കാറാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഒരു കുട്ടിയ്ക്ക് വേണ്ടി വാങ്ങുന്ന ഷൂസ് അവന്റെ കാല്‍ വളരുന്നതിന് അനുസരിച്ച് മാറേണ്ടതുണ്ട്. പെട്ടെന്ന് തന്നെ ഉപേക്ഷിച്ച് പുതിയത് വാങ്ങാനായി പോകുന്ന പതിവ് ഇല്ലാതാകേണ്ടതുണ്ട്. ഈ ചിന്തയെ തുടര്‍ന്നാണ് അദ്ദേഹം സ്വന്തമായി ഒരു ബ്രാന്‍ഡ് വികസിപ്പിക്കാന്‍ തീരുമാനിച്ചത്. മാസങ്ങളോളമുള്ള പഠനവും ഗവേഷണവുമൊക്കെയായി . കുട്ടികളുടെ പാദങ്ങള്‍ മുതിര്‍ന്നവരില്‍ നിന്ന് വ്യത്യസ്തമാണെന്നും അവര്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഷൂസ് ആവശ്യമാണെന്നും മനസിലാക്കി.
'ഈ അറിവ് ഉപയോഗിച്ച്, കുട്ടി വളരുന്നതിനനുസരിച്ച് വികസിക്കുന്ന ഒരു വിപ്ലവകരമായ ഷൂ സൃഷ്ടിക്കാന്‍ ഞാന്‍ രണ്ട് വര്‍ഷം ചെലവഴിച്ചുവെന്ന് സത്യജിത്ത് പറയുന്നു. അവസാനം മാജിക് ഷൂസ് റെഡിയായി. ഒരേ ഉല്‍പ്പന്നം ആവര്‍ത്തിച്ച് വാങ്ങാതിരിക്കാന്‍ ഈ ഉല്‍പ്പന്നം സഹായിക്കും. ഇത് ദശലക്ഷക്കണക്കിന് ഇടത്തരം കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി മാറുകയാണ് ഈ ഷൂസ്. 'ഞങ്ങളുടെ അതുല്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിക്കുന്ന ഷൂസ് മൂന്ന് വലുപ്പത്തില്‍ വികസിപ്പിക്കാന്‍ സാധിക്കും. കുട്ടികളുടെ പാദങ്ങളുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് അഡ്ജസ്റ്റാകുന്ന ഈ ഷൂസ് യഥാര്‍ത്ഥത്തില്‍ ഇടത്തരം കുടുംബങ്ങളിലുള്ള രക്ഷിതാക്കളുടെ പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നുവെന്ന് സത്യജിത്ത് പറയുന്നു.
സംരംഭം പിറക്കുന്നു
പൂനെയില്‍ ഡല്‍ഹി പബ്ലിക് സ്‌കൂളിലുണ്ടായിരുന്ന സഹപാഠി കൃതിക ലാല്‍ കൂടി സത്യജിത്തിന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി. മാര്‍ക്കറ്റിങ് മേഖലയില്‍ അനുഭവ സമ്പത്തുള്ള കൃതിക കൂടി വന്നതോടെ അങ്ങിനെ മാജിക് ഷൂസിന് വേണ്ടി അരാട്ടൊ എന്ന ബ്രാന്‍ഡ് പിറന്നു. 75 ലക്ഷം രൂപ മുതല്‍മുടക്കിയാണ് സംരംഭം തുടങ്ങിയത്. വിപണിയില്‍ ഇതുപോലെ ഒരു പ്രൊഡക്ട് കാണുക അസാധ്യമാണ്. അതുകൊണ്ട് തന്നെ ഇതിന്റെ യൂണിക്‌നെസ് കണക്കിലെടുത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് പേറ്റന്റും സ്വന്തമാക്കി. വെറും എട്ട് മാസങ്ങള്‍ കൊണ്ട് ആറായിരം യൂനിറ്റുകളാണ് വിറ്റഴിക്കാന്‍ സാധിച്ചത്. ഇതുവഴി 80 ലക്ഷം രൂപയാണ് കമ്പനി വരുമാനമായി നേടിയതെന്ന് സത്യജിത്ത് പറയുന്നു.സൂപ്പര്‍ഗ്രൂവ്‌സ്, സ്‌ക്വിഷി ഫോം, ഇന്‍ഫിക്‌നിറ്റ് ഫാബ്രിക് എന്നിവ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാണ് ഷൂ നിര്‍മിക്കുന്നത്.കുട്ടികളുടെ പാദങ്ങളുടെ മില്ലിമെട്രിക് വളര്‍ച്ചയുമായി പൊരുത്തപ്പെടാന്‍ ഞങ്ങളുടെ ഷൂസുകളെ സൂപ്പര്‍ഗ്രൂവ്‌സ് സഹായിക്കുന്നു, അതേസമയം അരാട്ടൊ സ്‌ക്വാഷിഫോം സമ്മര്‍ദ്ദം കുറയ്ക്കുകയും സുഖസൗകര്യം ഉറപ്പാക്കുകയും ചെയ്യുന്നു. ഞങ്ങളുടെ ഷൂസുകളും ഇന്‍ഫിക്‌നിറ്റ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് ഇത് ഫ്‌ലെക്‌സിബിലിറ്റി നല്‍കുന്നുവെന്ന് സത്യജിത്ത് പറയുന്നു.
എന്തായാലും ഇത്തരത്തില്‍ ഒരു ഉല്‍പ്പന്നം ഇല്ലാത്ത വിപണിയില്‍ വ്യത്യസ്തത കൊണ്ടുതന്നെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ അരാട്ടൊയ്ക്ക് സാധിച്ചു. ഇനി വിദേശ രാജ്യങ്ങളില്‍ കൂടി പേറ്റന്റ് ലഭ്യമാക്കാനുള്ള ആലോചനയിലാണ് തങ്ങളെന്ന് ഈ സംരംഭകന്‍ പറയുന്നു.