24 Nov 2022 10:40 AM GMT
തട്ടിപ്പ്കാർക്ക് പണി കിട്ടും, മൂന്ന് ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍ അഴിമതിക്കാരെ പുറത്താക്കി റെയില്‍വെ
MyFin Desk
Summary
ഇവരില്‍ ഒരാള്‍ ഹൈദരാബാദില്‍ 5 ലക്ഷം രൂപ കൈക്കൂലിയുമായി സിബിഐയുടെ പിടിയിലായപ്പോള്‍ മറ്റൊരാള്‍ റാഞ്ചിയില്‍ 3 ലക്ഷം രൂപയുമായി പിടിയിലായതാണ്.
തട്ടിപ്പ് നടത്തിയാല്‍ പണിയാകും,
മൂന്ന് ദിവസത്തില്‍ ഒന്ന് എന്ന കണക്കില്‍
അഴിമതിക്കാരെ പുറത്താക്കി റെയില്‍വെ
വെറുതെ ഇരുന്ന് ശമ്പളം വാങ്ങുന്നവരോടും, അഴിമതി കാണിക്കുന്നവരോടും ഗുഡ് ബൈ പറഞ്ഞ് റയില്‍വേ. പ്രകടനം നടത്താത്തവരെ തുരത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി. കഴിഞ്ഞ 16 മാസത്തിനിടെ ഇത്തരത്തില്‍ ഓരോ മൂന്ന് ദിവസത്തിലും ഒന്ന് എന്ന കണക്കില്‍ റെയില്‍വേ പുറത്താക്കിയത് 177 ഉദ്യോഗസ്ഥരെ. ഇതില്‍ 139 ഉദ്യോഗസ്ഥര്‍ സ്വമേധയാ വിരമിക്കലിനു നിര്‍ബന്ധിതരായി. 38 പേരെ സര്‍വീസില്‍ നിന്നും പുറത്താക്കി.
രണ്ട് സീനിയര്‍ ഗ്രേഡ് ഓഫീസര്‍മാരെ ബുധനാഴ്ച പിരിച്ചു വിട്ടതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരില്‍ ഒരാള്‍ ഹൈദരാബാദില്‍ 5 ലക്ഷം രൂപ കൈക്കൂലിയുമായി സിബിഐയുടെ പിടിയിലായപ്പോള്‍ മറ്റൊരാള്‍ റാഞ്ചിയില്‍ 3 ലക്ഷം രൂപയുമായി പിടിയിലായതാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മുതല്‍ക്കാണ് റയില്‍വേ ഇത്തരത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കുന്നത്.
ഇലക്ട്രിക്കല്‍, സിഗ്‌നലിംഗ്, മെഡിക്കല്‍, സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍, സ്റ്റോറുകള്‍, ട്രാഫിക്, മെക്കാനിക്കല്‍ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സ്വമേധയാ വിരമിക്കാന്‍ നിര്‍ബന്ധിതരാകുകയോ, പിരിച്ചുവിടപ്പെടുകയോ ചെയ്തവരില്‍ ഉള്‍പ്പെടുന്നു. വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം (വിആര്‍എസ്) പ്രകാരം വിരമിക്കുന്ന ഉദ്യോഗസ്ഥന് പ്രതിവര്‍ഷം രണ്ട് മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് നല്‍കുക. എന്നാല്‍ നിര്‍ബന്ധിത വിരമിക്കലില്‍ ഈ ആനുകൂല്യം ലഭ്യമാവില്ല.