image

25 July 2022 4:39 AM GMT

MSME

മൂന്ന് മാസം കൊണ്ട് 42,300 ചെറുകിട വ്യവസായം, ലക്ഷ്യം 1.5 ലക്ഷമെന്ന് പി രാജീവ്

MyFin Desk

മൂന്ന് മാസം കൊണ്ട് 42,300 ചെറുകിട വ്യവസായം, ലക്ഷ്യം 1.5 ലക്ഷമെന്ന് പി രാജീവ്
X

Summary

കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 42,300 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി പി രാജീവ്. ഒരു ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷം എംഎസ്എംഇകളിലേയ്ക്ക് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 17,300 എംഎസ്എംഇകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തത്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ രണ്ടാം ഘട്ട വികസന സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഐടി ഇതര […]


കൊച്ചി: ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 42,300 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ (എംഎസ്എംഇ) കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി പി രാജീവ്. ഒരു ലക്ഷത്തില്‍ നിന്ന് 1.5 ലക്ഷം എംഎസ്എംഇകളിലേയ്ക്ക് ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എത്താനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തില്‍ 17,300 എംഎസ്എംഇകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തത്. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയില്‍ രണ്ടാം ഘട്ട വികസന സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. ഐടി ഇതര സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധ്യമായ എല്ലാ ഇളവുകളും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മൂലം സ്ഥല പരിമിത കുറഞ്ഞ വ്യവസായങ്ങളാണ് കേരളത്തിന് അഭികാമ്യം. അതിനാല്‍ കുറഞ്ഞ ഭൂമി ആവശ്യമുള്ള വ്യാവസായിക പദ്ധതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 10 ഏക്കര്‍ ഭൂമിയുള്ള ഐടി ഇതര ബിസിനസ്സുകള്‍ക്ക് പോലും ചില കിഴിവുകള്‍ നല്‍കാനും മൂന്ന് കോടി രൂപ ഗ്രാന്റുമായി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വ്യവസായം എളുപ്പമാക്കുന്നതിന് 50 കോടി രൂപ വരെ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ച് ആറ് മാസത്തിനുള്ളില്‍ ലൈസന്‍സ് നേടിയാല്‍ മതിയാകും. 50 കോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അപേക്ഷിച്ച് ഏഴ് ദിവസത്തിനകം ലൈസന്‍സ് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.

2030 ഓടെ ആഗോള ഡിജിറ്റല്‍ വാണിജ്യം 4,00,000 കോടി ഡോളറാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം തോമസും ചടങ്ങില്‍ വ്യക്തമാക്കി.