2 Dec 2022 9:46 AM
Summary
നേരത്തെ ടാറ്റാ സ്‌കൈ എന്ന് അറിയപ്പെട്ടിരുന്ന ടാറ്റാ പ്ലേയാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഐപിഒയ്ക്ക് (കോണ്‍ഫിഡന്‍ഷ്യല്‍ പ്രീ ഫയലിംഗ് ഓഫ് ഓഫര്‍ ഡോക്യുമെന്റ്) ഒരുങ്ങുന്നത്.
18 വര്‍ഷങ്ങള്‍ക്ക് ശേഷം ടാറ്റാ ഗ്രൂപ്പില്‍ നിന്നും മറ്റൊരു പ്രാരംഭ ഓഹരി വില്‍പന (ഐപിഒ) കൂടി വരുന്നു. നേരത്തെ ടാറ്റാ സ്‌കൈ എന്ന് അറിയപ്പെട്ടിരുന്ന ടാറ്റാ പ്ലേയാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഐപിഒയ്ക്ക് (കോണ്‍ഫിഡന്‍ഷ്യല്‍ പ്രീ ഫയലിംഗ് ഓഫ് ഓഫര്‍ ഡോക്യുമെന്റ്) ഒരുങ്ങുന്നത്. ഐപിഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചു.
2004ന് ശേഷം ഇതാദ്യമാണ് ടാറ്റാ ഗ്രൂപ്പില്‍ നിന്നും ഒരു ഐപിഒ വരുന്നത്. ഇന്ത്യയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ ഐപിഒയ്‌ക്കൊരുങ്ങുന്ന ആദ്യ കമ്പനി കൂടിയാണ് ടാറ്റാ പ്ലേ. ഐപിഒയിലൂടെ 2500-3000 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. നവംബര്‍ 30 നു ഇതുമായി ബന്ധപ്പെട്ട രേഖകള്‍ സെബി, എന്‍എസ്ഇ, ബിഎസ്ഇ എന്നിവര്‍ക്കു സമര്‍പ്പിച്ചതായി കമ്പനി പത്ര പരസ്യം നല്‍കിയിരുന്നു.
യുകെ,കാനഡ പോലുള്ള രാജ്യങ്ങളില്‍ പ്രചാരത്തിലുള്ള രീതിയാണ് കോണ്‍ഫിഡന്‍ഷ്യല്‍ ഐപിഒ. സമര്‍പ്പിക്കുന്ന രേഖകളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്നതിനാണ് ഇത്തരത്തിലുള്ള ഐപിഒയ്ക്ക് അനുമതി നല്‍കുന്നത്. പൊതുവായ അറിയിപ്പ് ഇറക്കാതെ പ്രീ ഫയലിംഗ് ചെയ്യാന്‍ ഇതുവഴി കമ്പനിയ്ക്ക് സാധിക്കും.
ഐപിഒയ്ക്കായി ലിസ്റ്റ് ചെയുന്ന സമയത്തു മാത്രമാണ് കമ്പനിയുടെ ഇത്തരം വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാവുക. കമ്പനിയുടെ റിപ്പോര്‍ട്ട്, കണക്കുകള്‍ എന്നിവയെല്ലാം രഹസ്യമായിരിക്കും. ഐപിഒ പൊതു ജനങ്ങള്‍ക്കായി അവതരിപ്പിക്കുന്ന സമയത്തു ഏറ്റവും പുതിയ കണക്കുകളും മറ്റുമാണ് അവതരിപ്പിക്കുക.നവംബര്‍ 22 നാണു സെബി ഇത്തരമൊരു സംവിധാനം നിലവില്‍ കൊണ്ടുവരുന്നു എന്ന് പ്രഖ്യാപിച്ചത്.
പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്തും, ഓഫര്‍ ഫോര്‍ സെയിലിലൂടെയുമാണ് ടാറ്റാ പ്ലേ തുക സമാഹരികുക. ടാറ്റ പ്ലെയുടെ 62.2 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന ടാറ്റ ഗ്രൂപ്പ് ഓഹരികള്‍ വിറ്റഴിക്കില്ല. സിംഗപ്പൂര്‍ കമ്പനിയായ ടെമ സെക്ക് ഹോള്‍ഡിങ്സ്, ടാറ്റ ഓപ്പര്‍ച്യുണിറ്റിസ് ഫണ്ട്, വേള്‍ഡ് ഡിസ്നി എന്നിവര്‍ ഓഫര്‍ ഫോര്‍ സൈലില്‍ പങ്കെടുക്കും.
മൂന്ന് കമ്പനികളും ചേര്‍ന്ന് 37.8 ശതമാനം ഓഹരികളാണ് കൈവശം വച്ചിട്ടുള്ളത്. ഇതില്‍ വാള്‍ട്ട് ഡിസ്‌നി മാത്രം 20 ശതമാനം ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ പ്ലെയുടെ വരുമാനം 4,741 കോടി രൂപയും, അറ്റാദായം 69 കോടി രൂപയുമായിരുന്നു.