image

19 Jan 2023 5:26 AM GMT

Technology

ടാറ്റ ടെക്നോളജീസ് ഐപിഒ യ്ക്ക്, ലക്ഷ്യം 3500-4000 കോടി

MyFin Desk

tata techonologies ipo ahead
X


ടാറ്റ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റ ടെക്‌നോളജീസ് പ്രാരംഭ ഓഹരി വില്‍പനക്കായി ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ടാറ്റ മോട്ടോഴ്‌സിന്റെ ഉപസ്ഥാപനമായ കമ്പനി ഐ പി ഒയ്ക്കായുള്ള രേഖകള്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്. പ്രാരംഭ ഓഹരി വില്പനയിലൂടെ 3500 -4000 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.

2022 ഡിസംബര്‍ 22 നാണ് ടാറ്റ മോട്ടോഴ്‌സ് ടാറ്റ ടെക്‌നോളജീസിന്റെ ഓഹരികള്‍ ഐപിഒ യിലൂടെ ഭാഗികമായി വിറ്റഴിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയത്. ഉചിതമായ സമയത്ത് ഐപിഒയിലൂടെ തുക സമാഹരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെ സമാഹരിക്കുന്ന തുക ടാറ്റ മോട്ടോഴ്‌സിന്റെ നിലവിലുള്ള നഷ്ടം നികത്തുന്നതിന് വിനിയോഗിക്കും. കഴിഞ്ഞ ഏഴു പാദങ്ങളിലും ടാറ്റ മോട്ടോഴ്‌സ് തുടര്‍ച്ചയായി നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഓട്ടോമോട്ടീവ്, എയ്റോസ്പേസ് ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും അവരുടെ വിതരണക്കാര്‍ക്കും എന്‍ജിനീയറിങ്, ഡിസൈന്‍, പ്രൊഡക്റ്റ് ലൈഫ് സൈക്കിള്‍ മാനേജ്മെന്റ്, ഉത്പ്പന്ന വികസനം , ഐടി സര്‍വീസ് മാനേജ്മെന്റ് എന്നിവയില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് ടാറ്റ ടെക്നോളജീസ്. നോര്‍ത്ത് അമേരിക്ക, യൂറോപ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ പസിഫിക്ക് എന്നി മേഖലകളിലും കമ്പനിയുടെ സേവനം വ്യാപിച്ചു കിടക്കുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസ്ഥിരമായ വളര്‍ച്ചയാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

2020 -21 സാമ്പത്തിക വര്‍ഷത്തില്‍ ടാറ്റ ടെക്നോളജീസിന്റെ ലാഭം 16 ശതമാനത്തോളം ഇടിഞ്ഞിരുന്നു. വാര്‍ഷികാടിസ്ഥാനത്തില്‍ കമ്പനിയുടെ വരുമാനം 47.4 വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തിരുന്നു.