ഒരു കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്ന കടത്തിനെ (debt) ഓഹരി മൂലധനത്തിനോട് (equity capital) താരതമ്യപ്പെടുത്തി തയ്യാറാക്കുന്ന...
ഒരു കമ്പനി അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്ന കടത്തിനെ (debt) ഓഹരി മൂലധനത്തിനോട് (equity capital) താരതമ്യപ്പെടുത്തി തയ്യാറാക്കുന്ന അനുപാതമാണ് ഗിയറിംഗ് റേഷ്യോ (gearing ratio). ഇതൊരു സാമ്പത്തിക അനുപാതമാണ് (financial ratio).
ഉയര്‍ന്ന ഗിയറിംഗ് റേഷ്യോ ഉള്ള ഒരു കമ്പനി ഉയര്‍ന്ന കടം എടുത്തിരിക്കുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. അതായത്, അവരുടെ ഡെറ്റ്-ടു-ഇക്യുറ്റി റേഷ്യോ ഉയര്‍ന്നിരിക്കും. ഇത് കമ്പനിയില്‍ കടബാധ്യതകള്‍ കൂടുതലും, ഓഹരിയുടമകളുടെ വിഹിതം കുറവുമാണെന്ന് പറയുന്നു. ഗിയറിംഗ് റേഷ്യോ കണക്കാക്കുന്നത് ലവറേജിനെ അടിസ്ഥാനമാക്കിയാണ്. എത്ര പണം കടം വാങ്ങി കമ്പനിയില്‍ നിക്ഷേപിച്ചിരിക്കുന്നു എന്നതാണ് ലവറേജിനെ
കൊണ്ടര്‍ത്ഥമാക്കുന്നത്. ഇത് ബിസിനസിന്റെ അപകട സാധ്യത വര്‍ധിപ്പിക്കുന്നു.
കടമെടുത്ത പണവും ഓഹരി ഉടമകളില്‍ നിന്ന് ലഭിക്കുന്ന പണവും ഉപയോഗിച്ച് ഒരു കമ്പനി അതിന്റെ പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നു. ഒരേ മേഖലയില്‍
പ്രവര്‍ത്തിക്കുന്ന കമ്പനികളെ താരതമ്യപ്പെടുത്താന്‍ ഈ സൂചകം ഉപയോഗിക്കാം.
വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വ്യത്യസ്ത വളര്‍ച്ചാ നിരക്കുകളാവും.
ഒരു കമ്പനിയുടെ ഉയര്‍ന്ന ഗിയറിംഗ് അനുപാതം സൂചിപ്പിക്കുന്നത് കമ്പനിയ്ക്ക് ഉയര്‍ന്ന ലവറേജ് ഉണ്ടെന്നാണ്. കുറഞ്ഞ ഗിയറിംഗ് റേഷ്യോ ഉള്ള കമ്പനിയെ പൊതുവെ സാമ്പത്തികമായി കൂടുതല്‍ ഭദ്രമായി കണക്കാക്കാം. എന്നാല്‍ ഉയര്‍ന്ന ഗിയറിംഗ് റേഷ്യോ ഉള്ള കമ്പനികള്‍ എല്ലായ്‌പ്പോഴും മോശം സാമ്പത്തികാവസ്ഥയിലാണെന്ന് പറയാനാവില്ല. പകരം അവര്‍ക്ക് കുറഞ്ഞ ഗിയറിംഗ് റേഷ്യോ ഉള്ള കമ്പിനികളെക്കാള്‍ അപകടസാധ്യതയുണ്ട് എന്നു മാത്രം.
നിരവധി ഗിയറിംഗ് അനുപാതങ്ങള്‍ നിലവിലുണ്ട്. ഡെറ്റ്-ടു-ഇക്യുറ്റി റേഷ്യോ,
ഡെറ്റ്-ടു-കാപ്പിറ്റൽ റേഷ്യോ, ഡെറ്റ് സർവീസ് റേഷ്യോ, ഡെറ്റ്-ടു ഷെയർഹോൾഡേഴ്സ് ഫണ്ട് റേഷ്യോ എന്നിവ അറിയപ്പെടുന്ന ഗിയറിംഗ് അനുപാതങ്ങളാണ്.