കമ്പനികള്‍ അവയുടെ വോട്ടവകാശവും, ലാഭവും വ്യത്യസ്ത രീതിയില്‍ സമന്വയിപ്പിച്ച് പുറത്തിറക്കുന്ന ഓഹരികളെയാണ് class A/ class B ഷെയറുകള്‍ എന്നു പറയുന്നത്....
കമ്പനികള്‍ അവയുടെ വോട്ടവകാശവും, ലാഭവും വ്യത്യസ്ത രീതിയില്‍ സമന്വയിപ്പിച്ച് പുറത്തിറക്കുന്ന ഓഹരികളെയാണ് class A/ class B ഷെയറുകള്‍ എന്നു പറയുന്നത്. ഓഹരികളെ പൊതുവായി രണ്ടായി തിരിക്കാം. വോട്ടവകാശം കൂടുതലും, ലാഭം കുറവും ഉള്ള ഓഹരികള്‍. അല്ലെങ്കില്‍ വോട്ടവകാശം കുറവും, ലാഭം കൂടുതലുമുള്ള ഓഹരികള്‍. ഇവയില്‍ class A/ class B എന്നിവ ഏതെന്ന് കമ്പനികള്‍ തീരുമാനിക്കും. ഇവ എല്ലാ കമ്പനികളിലും ഒരുപോലെ ആയിരിക്കില്ല. ചില കമ്പനികള്‍ class C, class D എന്നീ വിഭാഗങ്ങളിലും ഓഹരികള്‍ പുറത്തിറക്കാറുണ്ട്. ഇവയെ പൊതുവായി differential voting rights (DVR) എന്നും വിളിക്കുന്നു.
കമ്പനികളുടെ സ്ഥാപകാംഗങ്ങള്‍ സാധാരണയായി വോട്ടവകാശം കൂടുതലും, ലാഭം കുറഞ്ഞതുമായ ഓഹരികളാവും കൈവശം വെയ്ക്കുക. അവര്‍ക്ക് കമ്പനികളുടെ നിയന്ത്രണം നഷ്ടപ്പെടാതിരിക്കാനാണിത്. ലാഭം കൂടുതലുള്ളതും, വോട്ടവകാശം കുറഞ്ഞതുമായ ഓഹരികളാണ് സാധാരണയായി പൊതുജനങ്ങള്‍ക്കായി പുറത്തിറക്കുന്നത്. സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ലാഭമാണ് പ്രധാനം, കമ്പനിയുടെ നിയന്ത്രണാധികാരമല്ല. കമ്പനികളുടെ പ്രമോട്ടര്‍മാരെ സംബന്ധിച്ച് അവയുടെ നിയന്ത്രണമാണ് മുഖ്യം, ലാഭമല്ല.
കമ്പനികളുടെ പ്രവര്‍ത്തന മൂലധന സമാഹരണത്തിനായി അവര്‍ പൊതുജനങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ അവയുടെ നിയന്ത്രണം വിട്ടുകൊടുക്കാന്‍ താല്‍പര്യമില്ല. ഇത് ടെക്-സ്റ്റാര്‍ട്ടപ്പുകളില്‍ സാധാരണയായി കണ്ടുവരുന്ന രീതിയാണ്. അവയുടെ പ്രവര്‍ത്തന വിപുലീകരണത്തിനും, ഗവേഷണങ്ങള്‍ക്കും ധാരാളം പണം ആവശ്യമായി വന്നേക്കാം. അതിനായി വോട്ടവകാശം കുറഞ്ഞ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് നല്‍കി പണം സമാഹരിക്കുന്നു. ഇത്തരം ഓഹരികള്‍ പലപ്പോഴും (വോട്ടവകാശം കൂടിയ ഓഹരികളെക്കാള്‍) ഡിസ്‌കൗണ്ട് റേറ്റിലാവും വില്‍ക്കപ്പെടുക. കമ്പനിയുടെ ലക്ഷ്യം തെറ്റിയാല്‍ അതിനെ തിരുത്താനുള്ള അധികാരം വോട്ടവകാശം കുറഞ്ഞ ഓഹരികള്‍ വാങ്ങിയിട്ടുള്ള നിക്ഷേപകര്‍ക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ന്യൂനത. ഇന്ത്യയില്‍ DVR പുറത്തിറക്കി വിജയിച്ച പ്രധാന കമ്പനി ടാറ്റാ മോട്ടോഴ്സ് ആണ്.