ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെറിയ ബാങ്ക് വായ്പകളെങ്കിലും എടുക്കാത്തവര്‍ കുറവായിരിക്കും. വീട്,...
ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ചെറിയ ബാങ്ക് വായ്പകളെങ്കിലും എടുക്കാത്തവര്‍ കുറവായിരിക്കും. വീട്, വാഹനം, വിദ്യാഭ്യാസം, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ ഒറ്റയടിക്ക് താങ്ങാന്‍ വയ്യാതെ വന്നാല്‍ വായ്പയെയാണ് ആദ്യം ആശ്രയിക്കുന്നത്. തവണകളായി പണം അടയ്ക്കുന്നത് സാമ്പത്തിക ഞെരുക്കത്തില്‍ ലഭിക്കുന്ന ഒരു കൈത്താങ്ങ് തന്നെയാണ്.
എന്നാല്‍ ഇങ്ങനെയെടുക്കുന്ന വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാൽ എന്താണ് ഉണ്ടാവുക? അക്കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.
വായ്പയെടുത്തയാള്‍ക്ക് കാലാവധിക്കുള്ളില്‍ തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വരികയോ, മനപ്പൂര്‍വ്വം തിരിച്ചടയ്ക്കാതിരിക്കുകയോ ചെയ്യുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടാൽ അയാള്‍ ബാങ്ക് ഡിഫോള്‍ട്ടറാകുന്നു. ഒരാള്‍ ബാങ്ക് ഡിഫോള്‍ട്ടറായി മാറിയാല്‍ വായ്പാ തിരിച്ചടവ് ശേഷിയില്ലാത്തവനായി മുദ്രകുത്തപ്പെടും. ഭാവിയില്‍ ഇത് മറ്റു വായ്പകൾ ലഭിക്കുന്നതിന് വിലങ്ങ് തടിയാകും.
ഇത്തരം സാഹചര്യങ്ങളില്‍ എന്തു ചെയ്യണം?
1. ഇ എം ഐ വളരെ കൂടുതലാണെങ്കില്‍, വായ്പയുടെ കാലാവധി വര്‍ധിപ്പിക്കുന്നതിന് ബാങ്കുകളുമായി ചര്‍ച്ച നടത്തുക. ഭവന വായ്പകളിലും ഈ രീതി പരീക്ഷിക്കാവുന്നതാണ്.
2. ഇ എം ഐ പേയ്‌മെന്റ് മാറ്റി വയ്ക്കല്‍: ജോലി നഷ്ടപ്പെടല്‍ പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഒരു നിശ്ചിത സമയത്തേക്ക് ഇ എം ഐ പേയ്‌മെന്റുകള്‍ മാറ്റിവയ്ക്കാന്‍ നിങ്ങള്‍ക്ക് ബാങ്കുകളുമായി ചര്‍ച്ച നടത്താം. സാധാരണഗതിയില്‍, ബാങ്കുകള്‍ യഥാര്‍ത്ഥ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിരസിക്കുകയില്ല. എന്നാല്‍ അത്തരം വ്യവസ്ഥകളില്‍ നിങ്ങള്‍ ചില ഡിഫര്‍മെന്റ് ചാര്‍ജുകള്‍ നല്‍കേണ്ടതുണ്ട്.
3. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി പി എഫ്) അല്ലെങ്കില്‍ ഫിക്‌സ്ഡ് ഡെപ്പോസിറ്റ് എന്നിവ ഈടായി നൽകിക്കൊണ്ട് വായ്പ എടുക്കാം. ഇ എം ഐ വഴി അടയ്‌ക്കേണ്ട തുകയില്‍ ഇത് ഇളവു നല്‍കുന്നു. കൂടാതെ, പി പി എഫ്/എഫ് ഡി വഴി എടുക്കുന്ന വായ്പയുടെ പലിശനിരക്ക് താരതമ്യേന കുറവായിരിക്കും.