19 Jun 2024 7:12 AM GMT
Summary
- കെ എ ബാബുവിന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു
- ഫെഡറല്‍ ബാങ്കില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന കെ എ ബാബു നിലവില്‍ റിസര്‍വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തില്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ ആണ്
- ബാങ്കിംഗ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ബാങ്ക് ജോലിക്കാര്‍ക്കും ബാങ്ക് ഇടപാടുകാര്‍ക്കുമായാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്
ബാങ്കിംഗ് വിഷയങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന 'പെന്‍സില്‍ കൊണ്ടെഴുതിയ ചെക്ക്' കെ എ ബാബുവിന്റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു. തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സഹൃദയ ഇന്‍സിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നടത്തിയ സ്റ്റുഡന്റസ് കോണ്‍ക്ലേവില്‍ വെച്ച് സാപ്പിഹയര്‍ കോ ഫൗണ്ടര്‍ ദീപു സേവിയര്‍, സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഈ വര്‍ഷം രാജ്യത്ത് നാലാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കുകാരനുമായ സിദ്ധാര്‍ത്ഥ രാംകുമാറിന് നല്‍കി പ്രകാശനം ചെയ്തു.
ഫെഡറല്‍ ബാങ്കില്‍ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന കെ എ ബാബു നിലവില്‍ റിസര്‍വ് ബാങ്കിന്റെ പരാതി പരിഹാര സംവിധാനത്തില്‍ ഇന്റേണല്‍ ഓംബുഡ്‌സ്മാന്‍ ആണ്. തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷനില്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗമായ ബാബു, സ്റ്റുഡന്റ് ചാപ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണും, ബാങ്കിങ് ധനകാര്യ വിദഗ്ദനും എഴുത്തുകാരനുമാണ്.
നാലു പതിറ്റാണ്ടിലധികം കോമേഴ്ഷ്യല്‍ ബാങ്കിംഗ് രംഗത്ത് വിവിധ ജോലികള്‍ ചെയ്ത്, ഇടപാടുകാരെ നേരില്‍ കണ്ട് സംസാരിച്ചും, പഠിച്ചും ബാങ്കിംഗ് രംഗത്ത് പുതിയ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും രൂപം നല്‍കിയും ആര്‍ജിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ നാല്പത് ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ബാങ്കിംഗ് വിഷയങ്ങള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പഠിപ്പിക്കുന്ന അധ്യാപകര്‍ക്കും ബാങ്ക് ജോലിക്കാര്‍ക്കും ബാങ്ക് ഇടപാടുകാര്‍ക്കുമായാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. കറന്റ് ബുക്‌സ് പ്രസാധനം ചെയ്യുന്ന ഈ പുസ്തകം കറന്റ് ബുക്‌സ് ഓണ്‍ലൈനും ആമസോണിലും ലഭ്യമാകും.