image

4 Feb 2022 4:57 AM GMT

Insurance

ട്രാവല്‍ ഇന്‍ഷുറന്‍സിൽ പരിരക്ഷ ലഭിക്കാത്തവ എന്തൊക്കെ

MyFin Desk

ട്രാവല്‍ ഇന്‍ഷുറന്‍സിൽ പരിരക്ഷ ലഭിക്കാത്തവ എന്തൊക്കെ
X

Summary

ഇന്‍ഷുറന്‍സ് പരിരക്ഷ അവകാശപ്പെടുന്ന സമയത്ത്, ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പോളിസിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കേണ്ടതുണ്ട്


നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി സമ്പൂര്‍ണ്ണ പരിരക്ഷ നല്‍കുമെന്ന് കരുതുന്നുണ്ടോ? ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും ഈ...

നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസി സമ്പൂര്‍ണ്ണ പരിരക്ഷ നല്‍കുമെന്ന് കരുതുന്നുണ്ടോ? ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും ഈ പോളിസികളില്‍ പരിരക്ഷ ലഭിക്കാത്ത ചില കാര്യങ്ങളുമുണ്ട്.
പോളിസി ഡോക്യുമെന്റുകളില്‍ കൃത്യമായി നിബന്ധനകളും മാനദണ്ഡങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇവയെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.ഉദാഹരണമായി ആരോഗ്യപ്രശ്‌നം, പ്രകൃതി ദുരന്തങ്ങള്‍, അല്ലെങ്കില്‍ എയര്‍ലൈസുകളുടെ കാലതാമസം തുടങ്ങിയ കാര്യങ്ങളാല്‍ യാത്ര റദ്ദാക്കിയാല്‍ മാത്രമേ ഈ പരിരക്ഷകള്‍ അവകാശപ്പെടാന്‍ സാധിക്കൂ.
നിലവില്‍ നിങ്ങള്‍ക്കുള്ള രോഗത്തിന് നഷ്ടപരിഹാരം നല്‍കാന്‍ ഈ പോളിസികള്‍ വ്യവസ്ഥ ചെയ്യുന്നില്ല. ചില പോളിസികള്‍ പ്രത്യേക സാഹചര്യങ്ങളില്‍ അധിക ഫീച്ചറുകറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏത് പോളിസിയും എടുക്കുന്നതിന് മുന്‍പ് ഡോകുമെന്റുകള്‍ കൃത്യമായി വായിച്ചു മനസിലാക്കുക.
ഇന്‍ഷുറന്‍സ് ഏജന്റുമായി വാക്കാലുള്ള ആശയവിനിമയം മാത്രം പോര. ഭാവിയില്‍ പൊരുത്തക്കേടുകളും പ്രശ്നങ്ങളും ഇല്ലാതിരിക്കാനും പോളിസി കരാര്‍ കൃത്യമായി പഠിക്കേണ്ടതാണ്. ഏത് പോളിസിയും മുന്നോട്ട് വെക്കുന്ന നിബന്ധനകള്‍ അറിഞ്ഞിരിക്കുക.
ആഭ്യന്തര- രാജ്യാന്തര പോളിസികളില്‍ ലഭ്യമല്ലാത്ത പരിരക്ഷകള്‍
രേഖകൾ ഇല്ലെങ്കിൽ
ഇന്‍ഷുറന്‍സ് പരിരക്ഷ അവകാശപ്പെടുന്ന സമയത്ത്, ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് പോളിസിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം പോളിസി അവകാശപ്പെടാന്‍ സാധിക്കാതെ വരികയും ഒരു പക്ഷെ അത് നഷ്ടപ്പെടുകയും ചെയ്തേക്കാം. നിങ്ങളുടെ പോളിസി ലഭിക്കുന്നതിന് എല്ലാ പേയ്‌മെന്റ് റെക്കോര്‍ഡുകളും സൂക്ഷിക്കേണ്ടതാണ്.
അധിക ആവശ്യങ്ങള്‍ക്ക്
പോളിസി ആനുകൂല്യങ്ങളും പരിധികളും എപ്പോഴും ശ്രദ്ധിക്കണം. പോളിസി ഡോക്യുമെന്റില്‍ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരമുള്ള പരിരക്ഷയെ അവ നല്‍കുകയുള്ളു. നിങ്ങളുടെ ആവശ്യങ്ങള്‍ യാത്രാ പോളിസികളില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ അതിനായി അധിക സാധ്യതകള്‍ ഉണ്ടോയെന്ന് മനസിലാക്കണം.
നിലവിൽ രോഗമുണ്ടെങ്കിൽ
ഒരു യാത്രാ ഇന്‍ഷുറന്‍സും നിലവില്‍ നിങ്ങള്‍ക്കുള്ള രോഗത്തിന്മേല്‍ യാതൊരു പരിരക്ഷയും നല്‍കില്ല. ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് 60-180 ദിവസം മുന്‍പ് മുന്‍ സാഹചര്യം വിലയിരുത്താന്‍ (look back) നല്‍കുന്ന സമയപരിധിയുണ്ട്. ഇക്കാലയളവില്‍ നിങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനിയുമായി നിലവില്‍ നിങ്ങള്‍ക്കുള്ള അസുഖത്തെ കുറിച്ച് അറിയിക്കാം.
നേരത്തെ രോഗനിര്‍ണ്ണയം നടത്തിയതോ, ചികിത്സ തേടിയതോ ആയ അസുഖങ്ങള്‍ക്ക് ഇക്കാലയളവില്‍ കമ്പനി പരിരക്ഷ നല്‍കില്ല. ഇവയ്ക്ക് അധിക പരിരക്ഷ വാങ്ങാമെങ്കിലും പ്ലാനില്‍ പറഞ്ഞ കാര്യങ്ങള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നത്. കൂടാതെ നിങ്ങള്‍ യാത്ര ചെയ്യാനിരിക്കുന്ന രാജ്യം പ്രകൃതി ദുരന്തത്തില്‍ പെടുകയാണെങ്കില്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ വേണം തുടര്‍ യാത്ര നടത്താന്‍.
വൈദ്യ സഹായത്തിനായ യാത്രയ്ക്ക്
ഇന്ത്യയില്‍ ലഭ്യമല്ലാത്ത ചികിത്സക്ക് മാത്രമാണ് പലപ്പോഴും ഇന്‍ഷുറന്‍സ് പോളിസികള്‍ പരിരക്ഷ നല്‍കാറുള്ളു. വൈദ്യ സഹായം തേടിയുള്ള വിദേശയാത്രകളെ ഈ പോളിസികളില്‍ പരിഗണിക്കില്ല. കൂടാതെ നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിക്ക് കീഴിലില്‍ ദന്ത പരിരക്ഷണം അവകാശപ്പെടാന്‍ സാധിക്കില്ല.
എന്നാല്‍ യാത്രാ വേളയിലെ അപകടത്തിന്റെ ഫലമായുണ്ടാകുന്ന ദന്തക്ഷയം, അല്ലെങ്കില്‍ വേദന എന്നിവയ്ക്ക് ഈ പോളിസികളിലൂടെ പരിരക്ഷ നേടാം. അവിടെയും ശ്രദ്ധിക്കേണ്ടതുണ്ട്. യഥാര്‍ത്ഥ പല്ലുകള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍.
മാനസിക വൈകല്യങ്ങളുണ്ടെങ്കിൽ
ഇന്‍ഷുര്‍ ചെയ്ത് വ്യക്തിക്ക് ഉണ്ടാകുന്ന മാനസിക വൈകല്യങ്ങളോ, ആത്മഹത്യാ ശ്രമത്തിനോ പരിരക്ഷയില്ല. വിഷാദ രോഗം, ബൈപോളാര്‍ ഡിസോഡര്‍, മാനസിക ആഘാതം എന്നീ കാരണങ്ങള്‍ മൂലമുണ്ടാകുന്ന ചികിത്സകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ അവകാശപ്പെടാനാകില്ല. എന്നാല്‍ ചില പോളിസികളില്‍ അടിയന്തരമായുണ്ടാകുന്ന ആശുപത്രി വാസങ്ങള്‍ക്ക് പരിരക്ഷ നല്‍കി വരുന്നുണ്ട്.
ഗര്‍ഭധാരണം/പ്രസവം സംബന്ധിച്ച്
നിങ്ങളുടെ യാത്രയ്ക്കിടെ, ഗര്‍ഭധാരണം -പ്രസവം എന്നിവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങള്‍ക്കൊന്നും ഒരു പരിരക്ഷയും നല്‍കുന്നില്ല. മാത്രമല്ല ഗര്‍ഭച്ഛിദ്രം, ഗര്‍ഭം അലസല്‍ തുടങ്ങിയ സങ്കീര്‍ണതകള്‍ മൂലമുള്ള ആശുപത്രി വാസവും ഈ പരിരക്ഷയില്‍ പെടുന്നില്ല.
പ്രകൃതി ദുരന്തമുണ്ടായാൽ
ഭൂകമ്പം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിക്ഷോഭങ്ങള്‍ക്ക് ട്രാവല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നുണ്ട്. എന്നാല്‍ മുന്‍കൂട്ടി പ്രവചിച്ച അഗ്‌നി പര്‍വത സ്ഫോടനം പോലെ സര്‍ക്കാരില്‍ നിന്ന് നേരത്തെ അറിയിപ്പ് ലഭിച്ചിട്ടുള്ളവയില്‍ ഇന്‍ഷുറന്‍സ് അവകാശവാദം നടത്താന്‍ പറ്റില്ല.
സാഹസിക വിനോദങ്ങള്‍ക്ക്
ഒരു ട്രാവല്‍ ഇന്‍ഷുറന്‍സ് കമ്പനികളും ഈ വിഭാഗത്തില്‍ പെടുന്ന ഒന്നിനും തന്നെ പരിരക്ഷ നല്‍കുന്നില്ല. സ്വന്തം ഉത്തരവാദിത്തത്തില്‍ മാത്രം ഇവയെല്ലാം നടത്താം എന്നു ചുരുക്കം. ജീവന്‍ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ലെന്ന് സാരം.
മഴ, കാറ്റ് തുടങ്ങി മോശം കാലാവസ്ഥ മൂലം നിങ്ങള്‍ യാത്ര മാറ്റി വച്ചാല്‍ അവ പരിരക്ഷയ്ക്ക് കീഴില്‍ വരില്ല. മറിച്ച് ഇത്തരം കാലാവസ്ഥ മൂലം യാത്രാ സൗകര്യങ്ങള്‍, എയര്‍ലൈന്‍സ് പോലുള്ളവ റദ്ദാക്കിയാല്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നേടാനാകും.നിങ്ങളുടെ ട്രാവല്‍ ഇന്‍ഷുറന്‍സ് പോളിസിയില്‍ ഉള്‍പ്പെടാത്ത വ്യവസ്ഥകളെക്കുറിച്ച് വ്യക്തത വരുത്തിയാല്‍ ഭാവിയിലെ ആശങ്കകള്‍ ഒഴിവാക്കാം.