17 Dec 2022 12:07 PM GMT
Summary
- എന്തെങ്കിലും കാരണവശാല്‍ പ്രീമിയം അടയ്ക്കാനായില്ലെങ്കില്‍ അതിനുള്ള പരിഹാരവും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നുണ്ട്.
ഇന്‍ഷുറന്‍സുകള്‍ എന്നത് വ്യക്തികള്‍ മുതല്‍ സംരംഭങ്ങള്‍ വരെ എന്തിനും അധിക സുരക്ഷയൊരുക്കുന്നതില്‍ മുഖ്യ ഘടകമാണ്. പോളിസി ഉടമ മാത്രമാണ് ഒരു കുടുംബത്തിലെ ഏക വരുമാനമുള്ള വ്യക്തിയെങ്കില്‍ ആശ്രിതര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കുന്നവയാണിത്. പക്ഷേ, കൃത്യ സമയത്ത് പ്രീമിയം അടച്ച് പുതുക്കിയെങ്കില്‍ മാത്രമേ പോളിസിയുടെ നേട്ടം ലഭിക്കൂ.
പ്രീമിയം അടയ്ക്കാന്‍ പോളിസി ഉടമയുടെ സൗകര്യം പോലെ വാര്‍ഷികം, അര്‍ധവാര്‍ഷികം, ത്രൈമാസം, മാസം എന്നിങ്ങനെ ഇഷ്ടമുള്ള കാലാവധി തെരഞ്ഞെടുക്കാം. എന്തെങ്കിലും കാരണവശാല്‍ പ്രീമിയം അടയ്ക്കാനായില്ലെങ്കില്‍ അതിനുള്ള പരിഹാരവും ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്നുണ്ട്. അത് എന്തൊക്കെയാണെന്നു നോക്കാം.
കൃത്യസമയത്ത് പേയ്മെന്റ് നടത്താം
പോളിസി നഷ്ടപ്പെടുത്താതിരിക്കാന്‍ കൃത്യസമയത്ത് പോളിസി പുതുക്കുകയാണ് ചെയ്യേണ്ടത്. എന്തെങ്കിലും കാരണത്താല്‍ പോളിസി പ്രീമിയം അടയ്ക്കാനായില്ലെങ്കില്‍ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുന്ന ഗ്രേസ് പിരീഡ് (കമ്പനി നല്‍കുന്ന അധിക സമയം) പ്രയോജനപ്പെടുത്താം. സാധാരണയായി വാര്‍ഷികം, അര്‍ധ വാര്‍ഷികം, ത്രൈമാസം എന്നിങ്ങനെ പ്രീമിയം അടയ്ക്കുന്നവര്‍ക്ക് 30 ദിവസമാണ് ഗ്രേസ് പിരീഡ് നല്‍കുന്നത്.
പ്രതിമാസം പ്രീമിയം അടയ്ക്കുന്നവരാണെങ്കില്‍ ഗ്രേസ് പിരീഡ് 15 ദിവസമാണ്. ഗ്രേസ് പിരീഡ് പ്രയോജനപ്പെടുത്തിയാല്‍ പോളിസിയുടെ നേട്ടങ്ങളൊന്നും പോളിസി ഉടമയ്ക്ക് നഷ്ടപ്പെടില്ല. എന്നാല്‍, ഗ്രേസ് പിരീഡിലും പ്രീമിയം അടച്ചില്ലെങ്കില്‍ പോളിസി കാലഹരണപ്പെടുകയും, പോളിസിയുടെ നേട്ടങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും.
ഓട്ടോമാറ്റിക് പേയ്മെന്റ്
പ്രീമിയം അടയ്ക്കേണ്ട തീയ്യതികള്‍ മറന്നു പോകാന്‍ സാധ്യതയുണ്ടോ? ഇന്‍ഷുറന്‍സ് കമ്പനികള്‍ കൃത്യമായി ഓര്‍മിപ്പിക്കുമെങ്കിലും എന്തെങ്കിലും കാരണത്താല്‍ കൃത്യമായി പ്രീമിയം അടക്കാന്‍ സാധിക്കാത്തവര്‍ക്ക് ഓട്ടോ പേയ്മെന്റ് സംവിധാനം പ്രയോജനപ്പെടുത്താം. പോളിസി ഉടമ ബാങ്കിന് ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശം നല്‍കിയാല്‍ മതി.
പോളിസി എടുക്കുമ്പോഴോ, പിന്നീടോ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്‍ഷുറന്‍സ് കമ്പനികളും ഇത്തരം സേവനം പ്രയോജനപ്പെടുത്താനുള്ള അവസരം പോളിസി ഉടമകള്‍ക്ക് നല്‍കുന്നുണ്ട്. അതിനായി ഡിജിറ്റല്‍, ഓണ്‍ലൈന്‍ പേയ്മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.
ആവശ്യമായ വിവരങ്ങളെല്ലാം നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക
ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്നും ആവശ്യമായ വിവരങ്ങളെല്ലാം കൃത്യ സമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം എന്നിങ്ങനെയുള്ള വിവരങ്ങള്‍ കൃത്യമായി നല്‍കണം. എങ്കില്‍ മാത്രമേ ഇന്‍ഷുറന്‍സ് കമ്പനിക്ക് വിവരങ്ങള്‍ കൃത്യമായി കൈമാറാന്‍ സാധിക്കൂ. നല്‍കിയിരിക്കുന്ന വിവരങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ അത് കൃത്യസമയത്ത് കമ്പനിയെ അറിയിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
കാലഹരണപ്പെട്ട പോളിസി പുതുക്കാം
ഗ്രേസ് പിരീഡും പ്രയോജനപ്പെടുത്തി പോളിസി പുതുക്കാന്‍ സാധിച്ചില്ലെങ്കിലും കാലഹരണപ്പെട്ട പോളിസി പുതുക്കാം. കാലഹരണപ്പെട്ട പോളിസികള്‍ പ്രീമിയം അടവ് മുടങ്ങിയ തീയ്യതി മുതല്‍ രണ്ട് വര്‍ഷത്തിനുള്ളിലാണ് പുതുക്കേണ്ടത്. മുടങ്ങിയ പ്രീമിയവും, ആ തുകയുടെ പലിശയും നല്‍കണം. ചിലപ്പോള്‍ വീണ്ടും മെഡിക്കല്‍ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടി വന്നേക്കാം.