image

24 Jan 2023 2:00 PM GMT

Gold

സ്വര്‍ണ വില കുതികുതിക്കുമ്പോള്‍; പിന്നിലെന്ത്?

Bureau

decrease the investment in gold etf
X

Summary

  • 42,000 കടന്ന് കുതിക്കുകയാണ് സ്വര്‍ണവില
  • ഇതിന്റെ പിന്നിലെ കാരണമെന്താവും ?
  • 2020 ഓഗസ്റ്റ് ഏഴിനാണ് ഇതിനു മുമ്പ് സ്വര്‍ണവില 42,000 ല്‍ എത്തിയത്


42,000 കടന്ന് കുതിക്കുകയാണ് സ്വര്‍ണവില. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 2020 ഓഗസ്റ്റ് ഏഴിനാണ് ഇതിനു മുമ്പ് സ്വര്‍ണവില 42,000 എന്ന റെക്കോര്‍ഡ് വിലയിലെത്തിയത്. പിന്നീട് ഘട്ടംഘട്ടമായി വില ഇടിഞ്ഞ് 2021 മാര്‍ച്ചില്‍ 32,880 രൂപയിലെത്തി. അവിടെ നിന്നാണ് വീണ്ടും 42,000 കടന്നിരിക്കുന്നത്.

ഇനിയും വില ഉയരുമോ?

മഞ്ഞലോഹത്തിന്റെ വിലയിലെ ഈ കുതിപ്പ് എവിടെ ചെന്ന് നില്‍ക്കുമെന്നറിയണമെങ്കില്‍ ഒരാഴ്ച കഴിയണം. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുക. ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമോ കൂട്ടുമോ എന്നത് സ്വര്‍ണ വിലയെ സാരമായി ബാധിക്കും. അതോടൊപ്പം സ്വര്‍ണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, രത്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് പ്രോത്സാഹനം ലഭിക്കുമോ എന്നതും പ്രധാനമാണ്.

സുരക്ഷിത നിക്ഷേപം

സ്വര്‍ണത്തിന്റെ മൂല്യം നാള്‍ക്കുനാള്‍ ഉയരുകയാണ്. 2008 മുതല്‍, കൃത്യമായി പറഞ്ഞാല്‍ ലോകത്തെ പിടിച്ചുകുലുക്കിയ ആഗോള സാമ്പത്തികമാന്ദ്യത്തിന് ശേഷമാണ് നിക്ഷേപകരുടെ നോട്ടം സ്വര്‍ണത്തില്‍ ഗൗരവമായി പതിഞ്ഞത്. സ്വര്‍ണത്തില്‍ നിക്ഷേപിച്ചാല്‍ നഷ്ടമുണ്ടാകില്ലെന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. സ്വര്‍ണത്തിന്റെ മുന്‍കാല ചരിത്രം പരിശോധിച്ചാല്‍ ഇതു ശരിയാണെന്നും കാണാം. 2007ല്‍ പവന് 10,000 രൂപയുണ്ടായിരുന്ന സ്വര്‍ണത്തിന് ഇന്ന് വില മൂന്നിരട്ടിയിലധികമാണ്.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശംവെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

സ്വര്‍ണവില നിശ്ചയിക്കുന്നതാര്?

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വര്‍ണവില നിശ്ചയിക്കപ്പെടുന്നത്. ഡോളര്‍-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും. ഇതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും.


സ്വര്‍ണം വാങ്ങുമ്പോള്‍ ഓര്‍ക്കുക


നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. ആവശ്യകത അനുസരിച്ച് സ്വര്‍ണത്തിന് വിലകൂട്ടാനും വിലകുറയ്ക്കാനും അസോസിയേഷനുകള്‍ക്ക് കഴിയും. ആവശ്യമായ സാഹചര്യങ്ങളില്‍ ദിവസത്തില്‍ രണ്ടുതവണ വരെ അസോസിയേഷനുകള്‍ വില പുതുക്കാറുണ്ട്. ആഗോള വിപണിയിലെ മുന്നേറ്റമാണ് ഇത്തവണയും രാജ്യത്തെ സ്വര്‍ണവിലയെ സ്വാധീനിച്ചത്. യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്കുവര്‍ധനയില്‍ മൃദുനയം സ്വീകരിച്ചേക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് യു.എസ് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിനു നേട്ടമായി മാറിയത്.

ബജറ്റിലെ പ്രതീക്ഷ

ഈവര്‍ഷത്തെ ബജറ്റില്‍ സ്വര്‍ണ ഇറക്കുമതി തീരുവയില്‍ ഇളവു വരുത്തുമെന്നാണ് ജെംസ് ആന്‍ഡ് ജ്വല്ലറി മേഖല പ്രതീക്ഷിക്കുന്നത്. സ്വര്‍ണ-വജ്രാഭരണ കയറ്റുമതിക്ക് പ്രോത്സാഹനം ലഭിക്കുമെന്നും. കഴിഞ്ഞവര്‍ഷം രാജ്യത്തുനിന്നുള്ള ആഭരണങ്ങളുടെയും രത്നങ്ങളുടെയും കയറ്റുമതി കുറഞ്ഞിരുന്നു.

സ്വര്‍ണത്തിന്റെ പരിശുദ്ധി എങ്ങനെ കണക്കാക്കാം?

കാരറ്റ് അടിസ്ഥാനപ്പെടുത്തിയാണ് സ്വര്‍ണത്തിന്റെ അളവും പരിശുദ്ധിയും കണക്കാക്കുന്നത്. കാരറ്റിന്റെ നിലവാരം കൂടുന്നതിന് അനുസരിച്ച് സ്വര്‍ണത്തിന്റെ പരിശുദ്ധി കൂടും. പ്രധാനമായും 24ഗ, 22ഗ, 18ഗ നിലവാരങ്ങളിലാണ് സ്വര്‍ണം ഇന്ത്യയില്‍ ലഭ്യമാകുന്നത്.

എന്താണ് 24 കാരറ്റ് സ്വര്‍ണം?

പരിശുദ്ധ സ്വര്‍ണം അല്ലെങ്കില്‍ നൂറു ശതമാനം സ്വര്‍ണമെന്ന് 24 കാരറ്റിനെ വിശേഷിപ്പിക്കാം. അതായത് സ്വര്‍ണത്തിന്റെ 24 ഭാഗങ്ങളിലും മറ്റൊരു ലോഹത്തിന്റെയും അംശമുണ്ടായിരിക്കില്ല. 99.9 ശതമാനമായിരിക്കും 24 കാരറ്റിന്റെ പരിശുദ്ധി. 24 കാരറ്റിന് മുകളില്‍ നിലവാരമുള്ള സ്വര്‍ണം വിപണിയിലില്ല. ഇതേസമയം 24 കാരറ്റ് സ്വര്‍ണം സാധാരണ രീതിയിലുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് യോജിച്ചതല്ല. കാരണം 24ഗ സ്വര്‍ണത്തിന് സാന്ദ്രത കുറവായിരിക്കും. ഇവ മൃദുവായിരിക്കും. എളുപ്പം വളഞ്ഞുപോകും. പൊതുവേ സ്വര്‍ണക്കട്ടികളും നാണയങ്ങളുമാണ് 24ഗ നിലവാരത്തിലെത്തുന്നത്.

22 കാരറ്റ് സ്വര്‍ണം

ആഭരണ നിര്‍മാണങ്ങള്‍ക്ക് പൊതുവേ 22 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിക്കാറ്. 22 കാരറ്റ് സ്വര്‍ണത്തില്‍ 91.67 ശതമാനം ശുദ്ധമായ സ്വര്‍ണവും ബാക്കി 8.33 ശതമാനം വെള്ളി, നാകം, ലോഹക്കൂട്ടുകള്‍ മുതലായ മറ്റു അംശങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. മറ്റു ലോഹങ്ങള്‍ ചേരുന്നതിനാല്‍ സ്വര്‍ണത്തിന് കൂടുതല്‍ ദൃഢത ലഭിക്കും. അതുകൊണ്ടാണ് ആഭരണങ്ങളുടെ നിര്‍മാണത്തിന് 22 കാരറ്റ് സ്വര്‍ണം വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. ഇതേസമയം, ഒട്ടനവധി കല്ലുകളും വജ്ര പതിപ്പിച്ചതുമായ ആഭരണങ്ങളില്‍ 22 കാരറ്റ് സ്വര്‍ണം ഉപയോഗിക്കാറില്ല.

18 കാരറ്റ്

18 കാരറ്റ് സ്വര്‍ണത്തില്‍ 75 ശതമാനമായിരിക്കും ശുദ്ധമായ സ്വര്‍ണത്തിന്റെ സാന്നിധ്യം. ബാക്കി 25 ശതമാനം ചെമ്പ്, വെള്ളി മുതലായ ലോഹങ്ങള്‍ കയ്യടക്കും. കല്ലു പതിപ്പിച്ച സ്വര്‍ണാഭരണങ്ങളിലും വജ്രാഭരണങ്ങളിലും 18 കാരറ്റ് സ്വര്‍ണമാണ് ഉപയോഗിച്ച് വരുന്നത്. 24, 22 കാരറ്റ് സ്വര്‍ണത്തെ അപേക്ഷിച്ച് 18 കാരറ്റ് സ്വര്‍ണത്തിന് താരതമ്യേന വില കുറവാണ്.