15 Feb 2023 6:24 AM GMT
ആർബിഐ റിപ്പോ നിരക്ക് വീണ്ടുമുയർത്തിയതിനു പിന്നാലെ എസ്ബിഐ അവരുടെ വായ്പകളുടെയും നിരക്കുയർത്തി. വ്യക്തിഗത വായ്പ, ഭവന വായ്പ, വാഹന വായ്പ, എന്നിങ്ങനെയുള വിവിധ വായ്പകൾക്ക് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കഴിഞ്ഞയാഴ്ചയാണ് ആറാം വട്ടം ആർബി െഎ റിപ്പോ നിരക്ക് ഉയർത്തിയത്. ഇതോടെ നിരക്ക് 6 . 5 ആയി.
ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിവയുൾപ്പെടുന്ന ഫണ്ട് അധിഷ്ഠിത വായ്പ നിരക്ക് (എംസിഎൽആർ) 10 ബേസിസ് പോയിന്റ് ആണ് ഉയർത്തിയിട്ടുള്ളത്. ഇതോടെ ഒരു മാസം മുതൽ മൂന്ന് മാസം വരെയുള്ള എംസിഎൽആർ 8 ശതമാനത്തിൽ നിന്ന് 8.10 ശതമാനമായി. ആറ് മാസം മുതൽ ഒരു വർഷം വരെ കാലാവധിക്ക് 8 .40 ശതമാനത്തിൽ നിന്ന് 8 .50 ശതമാനമായി. രണ്ട് വർഷത്തേക്കുള്ളതിന് 8.50 ശതമാനത്തിൽ നിന്ന് 8.60 ശതമാനമായി. മൂന്ന് വർഷത്തേക്ക് പലിശ നിരക്ക് 8.70 ശതമാനമായി. മുൻപ് 8.60 ശതമാനമായിരുന്നു.
എക്‌സ്‌റ്റേണല്‍ ബഞ്ച് മാര്‍ക്ക് അടിസ്ഥാനമാക്കിയുള്ള വായ്പ നിരക്ക് (ഇബിഎൽആർ) 8.90 ശതമാനത്തിൽ നിന്ന് 9.15 ശതമാനമായി. റിപ്പോ അധിഷ്ഠിത വായ്പ നിരക്ക് (ആർഎൽഎൽആർ ) 8.50 ശതമാനത്തിൽ നിന്ന് 8.75 ശതമാനമായി. ബെഞ്ച്മാർക്ക് അധിഷ്ഠിത വായ്പ നിരക്ക് പ്രതിവർഷം 14.15 ശതമാനമായി തന്നെ തുടരും. ഡിസംബർ 15 നാണ് ഈ നിരക്ക് അവസാനമായി പുതുക്കിയത്. നിലവിൽ ഈ നിരക്കിൽ മാറ്റമില്ല.