19 Dec 2022 5:54 AM GMT
ഡെല്‍ഹി: രാജ്യത്തെ മൈക്രോഫിനാന്‍സ് വായ്പകള്‍ 2023 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ 11 ശതമാനം ഉയര്‍ന്ന് 71,916 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 64,899 കോടി രൂപയായിരുന്നു വായ്പയായി വിതരണം ചെയ്തത്. 2022-23 വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ 1.81 കോടി വായ്പകളാണ് വിതരണം ചെയ്തത്. എന്നാല്‍, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 1.85 കോടിയായിരുന്നുവെന്നാണ് മൈക്രോഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് നെറ്റ് വര്‍ക്ക് (എംഎഫ്ഐഎന്‍) റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എംഫിന്‍ മൈക്രോമീറ്റര്‍ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ഈ വര്‍ഷം സെപ്റ്റംബര്‍ 30 വരെ മൂന്ന് ലക്ഷം കോടി രൂപയുടെ വായ്പകളാണ്, 12 കോടി വായ്പ അക്കൗണ്ടുകളിലൂടെ 6.2 കോടി വായ്പക്കാര്‍ക്കായി വിതരണം ചെയ്തത്.
മൊത്തം മൈക്രോഫിനാന്‍സ് വായ്പകളില്‍ 37.7 ശതമാനവും 13 ബാങ്കുകളുടേതാണ്. ഇവ വിതരണം ചെയ്തിരിക്കുന്നത് 1,13,565 കോടി രൂപയാണ്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ 36.7 ശതമാനം വായ്പകളാണ് വിതരണം ചെയ്തിരിക്കുന്നത്. വായ്പയായി നല്‍കിയിരിക്കുന്ന തുക 1,10,418 കോടി രൂപയാണ്. സ്മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ 50,029 കോടി രൂപയാണ് വായ്പയായി വിതരണം ചെയ്തിരിക്കുന്നത്. ഇത് മൊത്തം വായ്പ വിതരണത്തിന്റെ 16.6 ശതമാനത്തോളം വരും. വായ്പ അക്കൗണ്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 30 ന് ഒരു വര്‍ഷം മുന്‍പുണ്ടായിരുന്നതില്‍ നിന്നും 14.2 ശതമാനം ഉയര്‍ന്ന് 12 കോടിയായി.