5 Jan 2023 4:54 AM GMT
Summary
കോവിഡിനുശേഷം സംരംഭ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 2020 മെയ് മാസത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായാണ് ഇസിഎല്‍ജിഎസ് ആരംഭിച്ചത്. പദ്ധതിക്ക് യോഗ്യതയുള്ള എംഎസ്എംഇകള്‍ക്ക് ഇത് പ്രകാരം നല്‍കുന്ന വായ്പകള്‍ക്ക് സമ്പൂര്‍ണ ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കി
കോവിഡ് പ്രതിസന്ധി തരണം ചെയ്യാൻ കൊണ്ടു വന്ന അടിയന്തര വായ്പാ ഗാരണ്ടി പദ്ധതി (എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗാരന്റി സ്‌കീം-ഇസിഎല്‍ജിഎസ്) യുടെ കീഴിൽ സൂക്ഷ്മ വ്യവസായങ്ങൾക്ക് നൽകിയ വായ്പകളിൽ കിട്ടാക്കടം 43 ശതമാനം . കോവിഡിന് ശേഷം സമ്പദ് വ്യവസ്ഥ തിരിച്ച് കയറാൻ തുടങ്ങിയെങ്കിലും സൂക്ഷ്മ- ചെറുകിട വ്യവസായ മേഖല ഇപ്പോഴും പ്രതിസന്ധിയാലാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ലക്ഷക്കണക്കിന് ചെറുകിട സംരംഭങ്ങളാണ് കോവിഡിൻറെ പശ്ചാത്തലത്തിൽ പൂട്ടി പോയത്. ആയിരക്കണക്കിന് തൊഴിലുകളും ഇവിടെ നഷ്ടമായി. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് സർക്കാർ തന്നെ ഗ്യാരണ്ടി നിന്ന് വായ്പകൾ നൽകിയത്. ഇൌ സ്കീമിലെടുത്ത വായ്പകളില്‍ ആറിലൊന്നും അല്ലെങ്കില്‍ 16.9 ശതമാനം വായ്പകളും നിഷ്‌ക്രിയ ആസ്തികളായി മാറിയെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് പറയുന്നു. 2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് ബാങ്കുകളും, മറ്റ് വായ്പാദാതാക്കളും 1.04 കോടി അക്കൗണ്ടുകളിലൂടെ എംഎസ്എംഇകള്‍ മറ്റ് ബിസിനസുകള്‍ എന്നിവയ്ക്കായി 2.82 ലക്ഷം കോടി രൂപയാണ് അടിയന്തര വായ്പാ ഗാരന്റി പദ്ധതി വഴി വായ്പയായി നല്‍കിയത്. ഇതില്‍ 17.72 ലക്ഷം അക്കൗണ്ടുകള്‍ നിഷ്‌ക്രിയ ആസ്തി വിഭാഗത്തിലേക്ക് മാറിയെന്നാണ് 2022 സെപ്റ്റംബറിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
കോവിഡിനുശേഷം സംരംഭ മേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ 2020 മെയ് മാസത്തില്‍ ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ ഭാഗമായാണ് ഇസിഎല്‍ജിഎസ് ആരംഭിച്ചത്. പദ്ധതിക്ക് യോഗ്യതയുള്ള എംഎസ്എംഇകള്‍ക്ക് ഇത് പ്രകാരം നല്‍കുന്ന വായ്പകള്‍ക്ക് സമ്പൂര്‍ണ ക്രെഡിറ്റ് ഗ്യാരണ്ടി നല്‍കി. പദ്ധതിക്ക് കീഴിലുള്ള അനുവദനീയമായ ഗ്യാരണ്ടി പരിധി കഴിഞ്ഞ വര്‍ഷം ആദ്യം 4.5 ലക്ഷം കോടി രൂപയില്‍ നിന്ന് അഞ്ച് ലക്ഷം കോടി രൂപയായി ഉയര്‍ത്തിയിരുന്നു. ഹോസ്പിറ്റാലിറ്റി, സിവില്‍ ഏവിയേഷന്‍ മേഖല ഉള്‍പ്പെടെയുള്ള അനുബന്ധ സംരംഭങ്ങള്‍ക്ക് മാത്രമായി 50,000 കോടി രൂപയുടെ അധിക ഗ്യാരന്റി കവറേജ് നീക്കിവെച്ചിരുന്നു.
വായ്പ തുകയുടെ കാര്യത്തില്‍ 2022 സെപ്റ്റംബറിലെ കണക്കനുസരിച്ച് വിതരണം ചെയ്ത 4.5 ശതമാനം നിഷ്‌ക്രിയ ആസ്തിയായി മാറി.സൂക്ഷ്മ സംരംഭങ്ങള്‍ക്ക് നല്‍കിയ വായപയുടെ 43 ശതമാനം, ചെറുകിട സംരംഭങ്ങള്‍ക്ക് വിതരണം ചെയ്ത വായ്പയുടെ 25 ശതമാനം, ഇടത്തരം സംരംഭങ്ങളുടെ 10 ശതമാനം, മറ്റ് ബിസിനസുകള്‍ക്ക് വിതരണം ചെയ്ത വായ്പകളുടെ 22 ശതമാനം എന്നിങ്ങനെയാണ് നിഷ്‌ക്രിയ ആസ്തി കണക്ക്.
സൂക്ഷ്മ സംരംഭ വിഭാഗം ഇസിഎല്‍ജിഎസിന് കീഴില്‍ വിതരണം ചെയ്ത വായ്പയുടെ നാലിലൊന്ന് പ്രയോജനപ്പെടുത്തിയിട്ടുണ്ടെങ്കിലും, മൊത്തത്തിലുള്ള നിഷ്‌ക്രിയ ആസ്തിയില്‍ അവരുടെ വിഹിതം 93.5 ശതമാനമാണ്. സേവന ബിസിനസുകള്‍ക്ക് മൊത്തംനിഷ്‌ക്രിയ ആസ്തിയില്‍ 28 ശതമാനം വിഹിതമുണ്ടെങ്കില്‍, വ്യാപാരികള്‍ക്ക് 23 ശതമാനമാണ് വിഹിതം. ടെക്‌സ്‌റ്റൈല്‍, ഫുഡ് പ്രോസസിംഗ് വിഭാഗങ്ങള്‍ക്ക് യഥാക്രമം അഞ്ച് ശതമാനവും, ആറ് ശതമാനവും നിഷ്‌ക്രിയ ആസ്തി വിഹിതമുണ്ട്. മറ്റ് വ്യവസായങ്ങളുടേത് 11 ശതമാനമാണ്.