image

25 May 2023 4:00 PM GMT

Banking

ബാങ്ക് ലോക്കര്‍ ചട്ടം പരിഷ്‌കരിച്ചു;ഈ കാര്യങ്ങള്‍ മനസില്‍ വേണം

MyFin Desk

bank locker rules
X

എസ്ബിഐ ബാങ്കിന്റെ ലോക്കര്‍ ചട്ടം പരിഷ്‌കരിച്ചു. ഇക്കാര്യം അറിയിച്ച് ഇപ്പോള്‍ തന്നെ പല ഉപഭോക്താക്കള്‍ക്കും ബാങ്കിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ലോക്കര്‍ കാലാവധി പുതുക്കാന്‍ സമയമായിട്ടില്ലെങ്കിലും ഒരു അനുബന്ധ കരാര്‍ കൂടി ഇപ്പോള്‍ ഒപ്പുവെക്കേണ്ടതുണ്ടെന്ന് അറിയിച്ചാണ് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇതിനായി അക്കൗണ്ടുള്ള ബ്രാഞ്ചിനെ സമീപിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. എസ്ബിഐ പോലെ ബാങ്ക് ഓഫ് ബറോഡയും 2023 ജൂണ്‍ മുപ്പതിനകം പുതുക്കിയ ലോക്കര്‍ കരാറില്‍ ഒപ്പുവെക്കാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. താമസിയാതെ തന്നെ എല്ലാ ബാങ്കുകളും ഈ നടപടി പിന്തുടര്‍ന്നേക്കുമെന്നാണ് വിവരം.

ആര്‍ബിഐ നിബന്ധന

ആര്‍ബിഐ ഇക്കഴിഞ്ഞ ജനുവരിയിലാണ് ബാങ്ക് ലോക്കര്‍ കരാറുകള്‍ ഘട്ടംഘട്ടമായി പുതുക്കാനുള്ള സമയം നീട്ടി നല്‍കിയത്. ഡിസംബര്‍ 31നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ആര്‍ബിഐ ആവശ്യപ്പെട്ടിരുന്നത്. അമ്പത് ശതമാനം കരാറുകളും ഈ വരുന്ന ജൂണ്‍ മുപ്പതിന് മുമ്പ് പുതുക്കാനാണ് നിര്‍ദേശിച്ചിരുന്നത്. അതിന് ഇനി വെറും ഒരു മാസം മാത്രമാണ് ബാക്കി. രണ്ടാംഘട്ടത്തില്‍ ബാക്കി 75 ശതമാനവും പുതുക്കിയിരിക്കണമെന്നും അതിനായി സെപ്തംബര്‍ മുപ്പത് വരെ സമയവും നല്‍കിയിട്ടുണ്ട്. സുപ്രിംകോടതിയുടെ 2021 ഫെബ്രുവരിയിലെ ഉത്തരവ് പ്രകാരമാണ് ആര്‍ബിഐയുടെ നീക്കം. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനാണ് ലോക്കര്‍ കരാറിന്റെ മോഡല്‍ തയ്യാറാക്കി നല്‍കയിരുന്നത്. ഇതില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയശേഷമാണ് കരാറിന്റെ അന്തിമ രൂപം തയ്യാറാക്കിയത്.

സ്റ്റാമ്പ് പേപ്പറിലുള്ള കരാര്‍

സ്റ്റാമ്പ് പേപ്പറിലാണ് പുതുക്കിയ ലോക്കര്‍ കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ബാങ്കുകള്‍ സ്റ്റാമ്പ് പേപ്പറിന് ചാര്‍ജ് ഈടാക്കില്ല. ലോക്കര്‍ ഉടമകളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന നിബന്ധനകളോടെയാണ് പുതുക്കിയ കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഒപ്പുവെച്ച കരാറിന്റെ കോപ്പി ലോക്കര്‍ ഉടമയ്ക്ക് നല്‍കും. ഇത് കൈവശം സൂക്ഷിക്കണം. ചില ബാങ്കുകള്‍ സ്റ്റാമ്പ് പേപ്പറുകള്‍ വാങ്ങാന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെടുന്നതായി വിവരമുണ്ട്.


എന്നാല്‍ എത്ര രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് വാങ്ങേണ്ടതെന്ന് ഇപ്പോഴും ആര്‍ബിഐ വ്യക്തമാക്കിയിട്ടില്ല. പൊതുമേഖലാ ബാങ്കുകള്‍ 20 രൂപയുടെ സ്റ്റാമ്പ് പേപ്പറാണ് നിര്‍ദേശിക്കുന്നത്. സ്വകാര്യ ബാങ്കുകള്‍ നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറുകളാണ് ആവശ്യപ്പെടുന്നത്.

ലോക്കറിനുള്ള എഫ്ഡി

ലോക്കര്‍ അനുവദിക്കുന്ന സമയത്ത് ആര്‍ബിഐ ഒരു സ്ഥിര നിക്ഷേപം ഉപഭോക്താവിനോട് ആവശ്യപ്പെടാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കുന്നുണ്ട്. ഇതില്‍ മൂന്ന് വര്‍ഷത്തെ വാടകയും ആവശ്യമെങ്കില്‍ ലോക്കര്‍ തുറക്കാനുള്ള ചാര്‍ജും ഉള്‍ക്കൊള്ളുന്ന തുകയായിരിക്കണം എഫ്ഡിയായി ചോദിക്കേണ്ടത്. ലോക്കര്‍ ഉടമ ലോക്കര്‍ ഉപയോഗിക്കുകയോ വാടക നല്‍കാതിരിക്കുകയോ ചെയ്താല്‍ അത് ഈടാക്കാനാണ് ഈ അക്കൗണ്ട് എടുപ്പിക്കുന്നത്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഉപഭോക്താക്കളുടെ ലോക്കര്‍ തുറക്കുന്നത് നിരസിക്കാന്‍ ബാങ്കുകള്‍ക്ക് സാധിക്കില്ല.

ബാങ്ക് ലോക്കര്‍ വാടക മുന്‍കൂറായി ശേഖരിക്കുകയും എന്നാല്‍ ലോക്കര്‍ ഉടമ ലോക്കര്‍ മീഡിയം കാലയളവില്‍ സറണ്ടര്‍ ചെയ്താല്‍ ശേഖരിച്ച അഡ്വാന്‍സ് വാടകയുടെ ആനുപാതികമായ തുക ബാങ്ക് തിരികെ നല്‍കേണ്ടിവരും.

ബാധ്യത ഒഴിവാകും

മഴ, വെള്ളപ്പൊക്കം, ഭൂകമ്പം, മിന്നല്‍, ആഭ്യന്തര കലഹം, കലാപം, തീവ്രവാദി ആക്രമണം, ഉപഭോക്താവിന്റെ അശ്രദ്ധ എന്നിവ കാരണം ലോക്കറിന്റെ ഉള്ളടക്കം നശിക്കുന്നതിനോ കേടുപാടുകള്‍ വരുത്തുന്നതിനോ ബാങ്ക് ബാധ്യസ്ഥനായിരിക്കില്ല.

തീപിടുത്തവും മോഷണവും

ബാങ്കില്‍ തീപിടിത്തം മൂലമോ മോഷണം കാരണമോ ലോക്കറിലുള്ളത് നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ നഷ്ടം നികത്തി നല്‍കാന്‍ ബാധ്യസ്ഥനാണ്. ലോക്കറുകളുടെ സുരക്ഷ ബാങ്കിന്റെ ഉത്തരവാദിത്തമാണ്. കെട്ടിടം തകരുക,ബാങ്കിന്റെ അശ്രദ്ധ,ജീവനക്കാരുടെ വഞ്ചനാപരമായ പ്രവര്‍ത്തികള്‍ തുടങ്ങിയ സംഭവങ്ങളില്‍ ലോക്കര്‍ ഉടമയ്ക്ക് നഷ്ടം സംഭവിച്ചാലും ബാങ്ക് നഷ്ടപരിഹാരം നല്‍കണം. ലോക്കറിന്റെ വാര്‍ഷിക വാടകയുടെ നൂറ് മടങ്ങ് അധികമാണ് നല്‍കേണ്ടി വരിക.

ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചാല്‍ മുന്നറിയിപ്പ്

ലോക്കര്‍ എടുക്കുമ്പോള്‍ ഉടമസ്ഥന്‍ ഇ-മെയില്‍ അഡ്രസ്സും മൊബൈല്‍ നമ്പറും ബാങ്കില്‍ രജിസ്ട്രര്‍ ചെയ്യണം. ഓരോ തവണ ലോക്കര്‍ തുറക്കുമ്പോഴും ബാങ്ക് പ്രവര്‍ത്തന തീയതിയും സമയവും അറിയിച്ച് കൊണ്ട് ഇ-മെയില്‍ സന്ദേശവും മെസേജും അയക്കുന്നതാണ്. അനധികൃതമായി ആരെങ്കിലും ലോക്കര്‍ തുറന്നാല്‍ നഷ്ടപരിഹാരം ബാങ്ക് നല്‍കേണ്ടി വരും.