6 Jan 2025 10:34 AM GMT
വായ്‌പ എടുത്തവർക്ക് വമ്പൻ ഗുണം, പലിശയിൽ 50 % വരെ ഇളവ്, സഹകരണ ബാങ്ക് വായ്പ കുടിശിക ഇനി ഒറ്റത്തവണ തീർപ്പാക്കാം
MyFin Desk
സഹകരണ ബാങ്കുകളിലെ വായ്പാകുടിശ്ശിക ഒഴിവാക്കുന്നതിനായുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. ഫെബ്രുവരി 28വരെയാണ് നവകേരളീയം കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഏർപ്പെടുത്തിയിരിക്കുന്നത്.
സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുള്ള പ്രാഥമികസഹകരണ സംഘങ്ങൾക്കും ബാങ്കുകൾക്കുമാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ബാധകം. മരണപ്പെട്ടവർ, മാരകരോഗങ്ങൾ ബാധിച്ചവർ എന്നിവരുടെ വായ്പകൾ തീർപ്പിക്കാനും, വരുമാനദാതാവ് മരിച്ച സംഭവങ്ങൾ ഉണ്ടെങ്കിൽ അത്തരം വായ്പകളിലടക്കം പ്രത്യേക ഇളവുകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിലൂടെ നിരവധിയായ കുടിശ്ശികകാർക്ക് ആശ്വാസവും, ബാങ്കുകളിലെ കുടിശ്ശിക കുറയ്ക്കുവാനും മുൻകാലങ്ങളിൽ കഴിഞ്ഞിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചപ്പോൾ അതിന്റെ ഗുണം ലഭിക്കാത്തവർക്ക് വേണ്ടിയാണ് ഇപ്പോൾ പദ്ധതി ഏർപ്പെടുത്തുന്നതെന്നും പരാമവധി സഹകാരികൾ ഈ അവസരം ഉപയോഗിക്കണമെന്നും മന്ത്രി വി.എൻ.വാസവൻ അറിയിച്ചു.
ഈ പദ്ധതി പ്രകാരം പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. അതിദരിദ്ര സർവ്വേ പ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ടവരുടെ 2 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് ഇളവ് നൽകുന്നതിനുള്ള പ്രത്യേകം വ്യവസ്ഥകൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണ പണയ വായ്പ, നിക്ഷേപത്തിന്മേലുളള വായ്പ, എന്നിവ ഒഴികെയുള്ള എല്ലാതരം കുടിശ്ശികയുള്ള വായ്പകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.