ലോകം സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ച കാലം മുതല്‍ സോഷ്യല്‍ മീഡിയാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ സ്ഥാപനമാണ്...
ലോകം സ്മാര്‍ട്ട് ഫോണ്‍ രംഗത്തേക്ക് പ്രവേശിച്ച കാലം മുതല്‍ സോഷ്യല്‍ മീഡിയാ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയ സ്ഥാപനമാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫേയ്സ്ബുക്ക്. ആളുകള്‍ തമ്മിലുള്ള അകലം കുറയ്ക്കാന്‍ സാധിച്ചു എന്നതാണ് കമ്പനി കൈവരിച്ച പ്രധാന നേട്ടം. ആശയവിനിമയം എളുപ്പത്തിലാക്കിയതോടെ അതിവേഗം ജനപ്രിയമാവാനും ഫേസ്ബുക്കിന് കഴിഞ്ഞു. എങ്കിലും വര്‍ഷങ്ങള്‍ കഴിയുന്നതോടെ 'ഫേസ്ബുക്ക് യുഗം അവസാനിക്കുന്നുവോ' എന്ന സംശയം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ ആശങ്കയ്ക്കുള്ള മറുപടിയുമായാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ ബര്‍ഗ് മെറ്റയുമായി എത്തിയത്.
ഫേസ്ബുക്ക് കമ്പനി പൂര്‍ണ്ണമായും മെറ്റാവേഴ്സിലേക്ക് ചുവടുറപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം കമ്പനിയിലുടനീളമുള്ള ആളുകളെ വിളിച്ച് ചേര്‍ത്ത് (ഓള്‍-ഹാന്‍ഡ് മീറ്റിംഗ്) നടത്തിയ മീറ്റിങ്ങിലാണ് സക്കര്‍ ബര്‍ഗ് കമ്പിനിയുടെ പുതിയ നയം വ്യക്തമാക്കിയത്.
"ഭാവിയില്‍ ജീവിക്കുക, അതിവേഗം മുന്നേറുക, ആകര്‍ഷകമായവ നിര്‍മ്മിക്കുക" എന്നതാണ് മെറ്റയുടെ പ്രധാനമൂല്യങ്ങള്‍. ഫേസ്ബുക്ക് അടുത്ത തലമുറയിലേക്ക് പൂര്‍ണ്ണമായും കടക്കുകയാണ്. വിര്‍ച്വല്‍ റിയാലിറ്റിയേയും മെറ്റാവേഴ്സിനേയും നയിക്കാനാനുളള ശ്രമങ്ങളിലാണ് കമ്പനി. ഭാവിയിലേക്കുള്ള പദ്ധതികളാണ് മെറ്റയിലൂടെ അവതരിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ നിലവില്‍ കമ്പനി വലിയ നഷ്ടങ്ങള്‍ സഹിക്കണമെങ്കിലും ഭാവിയില്‍ ഇത് നികത്താന്‍ സാധിക്കുമെന്ന ഉറപ്പാണ് സക്കര്‍ ബര്‍ഗ് മീറ്റിങിലൂടെ കമ്പനി ജീവനക്കാര്‍ക്ക് നല്‍കിയത്.
ഫേസ്ബുക്ക് എന്ന പേരില്‍ നിന്നും മെറ്റയിലേക്കുള്ള മാറ്റം വെറുമൊരു പേരുമാറ്റം മാത്രമല്ല. ഇത് കമ്പനിയുടെ ബാഹികവും ആന്തരികമായ മാറ്റത്തിനുള്ള തുടക്കമാണെന്നും സക്കര്‍ ബര്‍ഗ് പറഞ്ഞു. കമ്പനിക്ക് അകത്ത് വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് മാത്രമല്ല, നിലവിലെ ഫേസ്ബുക്ക് നേരിടുന്ന നിക്ഷേപക പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയമായി.
"മെറ്റ ഇപ്പോള്‍ ഒരു മെറ്റാവേഴ്സ് കമ്പനിയാണ്. ഭാവിയിലേക്കുള്ള സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ പടുത്തുയര്‍ത്തുക എന്ന ആശയമാണ് മെറ്റ വിഭാവനം ചെയ്യുന്നത്. ഞങ്ങള്‍ ഇതുവരെ കൈവരിച്ച വേഗത്തിലും പുരോഗതിയിലും ഞാന്‍ സന്തുഷ്ടനാണ്. മുന്നോട്ട് പോകുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ശരിയായ നിക്ഷേപമാണ് മെറ്റ എന്നതില്‍ എനിക്ക് ഉറപ്പുണ്ട്," സക്കര്‍ ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്കിനെ ഇപ്പോള്‍ മെറ്റാമേറ്റ്സ് (metamates) എന്നാണ് ജീവനക്കാര്‍ വിളിക്കുന്നത്. ദീര്‍ഘകാലത്തേക്കുള്ള ഒരു ഇംപാക്ട് സമൂഹത്തില്‍ ഉണ്ടാക്കണം എന്നതാണ് ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. മെറ്റയ്ക്ക് സജീവമായി നിലനില്‍ക്കാന്‍ ഇതുവഴി സാധിക്കും.
2007-ന് ശേഷം ആദ്യമായാണ് ഇത്തമൊരു മാറ്റം് നടത്തിയിരിക്കുന്നത്. അതിനാല്‍ തന്നെ ഉടനടി ഫലങ്ങള്‍ കാണുന്നില്ലങ്കിലും പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുക എന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം.
ഇന്‍സ്റ്റാഗ്രാമിലും ഫേയ്സ്ബുക്കിലും പ്രവര്‍ത്തിക്കുന്ന എഞ്ചിനിയര്‍മാരെ ഇപ്പോള്‍ മെറ്റാവേഴ്സിന്റെ പ്രവര്‍ത്തന മേഖലയിലേക്ക് സ്വീകരിക്കുന്നുണ്ട്. കൂടാതെ പ്രധാന എതിരാളികളികളായ ആപ്പിള്‍, മൈക്രോസോഫ്റ്റില്‍ നിന്നും ആയിരക്കണക്കിന് എഞ്ചിനീയര്‍മാരെയും മെറ്റയിലേക്കെടുക്കുന്നുണ്ട്. ഇതിനോടകം തന്നെ 10 ബില്ല്യണ്‍ നിക്ഷേപമാണ് മെറ്റാവേഴ്സില്‍ നടത്തിയിരിക്കുന്നത്. ഒരു തലമുറയെ ഒന്നടങ്കം ഫേയ്സ്ബുക്കിനുള്ളില്‍ ആകര്‍ഷിപ്പിച്ച അതേ കമ്പനി 'മെറ്റ'-യിലൂടെ അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുന്നു.