image

22 Aug 2022 9:08 AM GMT

Technology

ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ആദ്യം 'ഹോള്‍സെയില്‍ ഇടപാടുകള്‍ക്കോ' ?

MyFin Desk

ആര്‍ബിഐയുടെ ഡിജിറ്റല്‍ കറന്‍സി ആദ്യം ഹോള്‍സെയില്‍ ഇടപാടുകള്‍ക്കോ ?
X

Summary

ഡെല്‍ഹി: ആര്‍ബിഐ ഇറക്കുന്ന വെര്‍ച്വല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഹോള്‍സെയില്‍ ഇടപാടുകള്‍ക്ക് വേണ്ടിയാകും ആദ്യമെത്തുക എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം സിബിഡിസി സംബന്ധിച്ച് അറിയിപ്പ് ഇറക്കിയിരുന്നത്. എന്നാല്‍ ഹോള്‍സെയില്‍ ഇടപാടുകള്‍ക്കായി സിബിഡിസി സജ്ജമാക്കുന്നത് സംബന്ധിച്ച പ്രായോഗിക വശങ്ങള്‍ കൂടി വ്യക്തമായി പഠിച്ച ശേഷമേ ആര്‍ബിഐ ഇത് പുറത്തിറക്കൂവെന്നും സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ പണമിടപാട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കായിട്ടാവും സിബിഡിസി ലഭ്യമാകുക. ഇവ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആര്‍ബിഐ വിപുലമായ […]


ഡെല്‍ഹി: ആര്‍ബിഐ ഇറക്കുന്ന വെര്‍ച്വല്‍ കറന്‍സിയായ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) ഹോള്‍സെയില്‍ ഇടപാടുകള്‍ക്ക് വേണ്ടിയാകും ആദ്യമെത്തുക എന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രം സിബിഡിസി സംബന്ധിച്ച് അറിയിപ്പ് ഇറക്കിയിരുന്നത്. എന്നാല്‍ ഹോള്‍സെയില്‍ ഇടപാടുകള്‍ക്കായി സിബിഡിസി സജ്ജമാക്കുന്നത് സംബന്ധിച്ച പ്രായോഗിക വശങ്ങള്‍ കൂടി വ്യക്തമായി പഠിച്ച ശേഷമേ ആര്‍ബിഐ ഇത് പുറത്തിറക്കൂവെന്നും സൂചനകളുണ്ട്. ആദ്യഘട്ടത്തില്‍ പണമിടപാട് സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ക്കായിട്ടാവും സിബിഡിസി ലഭ്യമാകുക.

ഇവ ഉപയോഗിക്കുമ്പോള്‍ ആവശ്യമായ സൈബര്‍ സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ആര്‍ബിഐ വിപുലമായ രീതിയില്‍ പരിശോധന നടത്തുന്നുണ്ട്. ഗ്രേഡഡ് സമീപനത്തിലൂടെയാകും കറന്‍സി ഇറക്കുക എന്ന് ഇക്കഴിഞ്ഞ ജൂണില്‍ ആര്‍ബിഐ അറിയിച്ചിരുന്നു. ഒരു പ്രക്രിയ അതിന്റെ പരാജയ സാധ്യത മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ മുമ്പോട്ട് കൊണ്ടുപോകുന്നതാണ് ഗ്രേഡഡ് സമീപനം എന്നത്. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സുസ്ഥിരത, പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് തടസമുണ്ടാകാത്ത രീതിയിലായിരിക്കും ഡിജിറ്റല്‍ കറന്‍സിയുടെ രൂപകല്‍പ്പന.

വെര്‍ച്വല്‍ കറന്‍സിയുടെ ഗുണ-ദോഷങ്ങളെ പറ്റി ആഴത്തില്‍ പഠിക്കുകയാണെന്നും ആര്‍ബിഐ വ്യക്തമാക്കി. ആര്‍ബിഐയുടെ നേതൃത്വത്തില്‍ നേരത്തെ ഇത് സംബന്ധിച്ച് പൈലറ്റ് പ്രോജക്ടുകള്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് ഡിജിറ്റല്‍ കറന്‍സി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. 1934 ലെ ആര്‍ബിഐ ചട്ടം ധനബില്ലില്‍ ഭേദഗതി വരുത്തുകയും ചെയ്തു.

ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കലിന് നിയമപരമായ ചട്ടക്കൂട് നല്‍കിക്കൊണ്ട് ധനകാര്യ ബില്‍ നടപ്പാക്കിയെന്നും ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. രാജ്യം സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ അടിസ്ഥാന മാതൃകകള്‍ സ്വീകരിക്കേണ്ടതും സമഗ്രമായി പരിശോധിക്കേണ്ടതും അത്യാവശ്യമാണെന്നും, ഇത് പണനയത്തിലും ബാങ്കിംഗ് സംവിധാനത്തിലും കുറഞ്ഞ സ്വാധീനം ചെലുത്തുമെന്നും ആര്‍ബിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.

2020-21 ല്‍ പുറത്തിറങ്ങിയ ബാങ്കിംഗ് മേഖലയിലെ പുത്തന്‍ പ്രവണതകളും പുരോഗതിയും എന്ന റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പേയ്മെന്റ് സംവിധാനങ്ങളിലെ ഇന്ത്യയുടെ പുരോഗതി അതിന്റെ പൗരന്മാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അത്യാധുനിക സിബിഡിസി ലഭ്യമാക്കുന്നതിന് ഉപയോഗപ്രദമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

റഷ്യ, കസാഖിസ്ഥാന്‍,യൂറോപ്യന്‍ യൂണിയന്‍, ചൈന, ഉള്‍പ്പടെയുള്ളവര്‍ സിബിഡിസി അവതരിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണ്. അറ്റ്ലാന്റിക് കൗണ്‍സിലിന്റെ കണക്കുകള്‍ അനുസരിച്ച് ലോകത്ത് 11 രാജ്യങ്ങളിലാണ് നിലവില്‍ സിബിഡിസി ഔദ്യോഗികമായി പുറത്തിറക്കിയിട്ടുള്ളത്. ഇക്കഡോര്‍, ഈസ്റ്റേണ്‍ കരീബിയന്‍ (8 രാജ്യങ്ങള്‍), സെനഗല്‍, നൈജീരിയ, ബഹ്മാസ്, ജമൈക്ക, എന്നിവയാണ് ഈ രാജ്യങ്ങള്‍.

നിലവില്‍ സ്വകാര്യ കമ്പനി നടത്തുന്ന ഇലക്ട്രോണിക് വാലറ്റുകളോട് സാമ്യമുള്ള സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി 2023ന്റെ തുടക്കത്തോടെ ഇന്ത്യയുടെ ഔദ്യോഗിക ഡിജിറ്റല്‍ കറന്‍സിയായി അവതരിപ്പിക്കനാണ് സാധ്യത. സര്‍ക്കാരിന്റെ പിന്തുണയുള്ള ഒരു ഡിജിറ്റല്‍ കറന്‍സിയായിരിക്കും സിബിഡിസി.