28 Feb 2022 1:03 AM GMT
Summary
രാജ്യത്തെ ബാങ്കിംഗ് രംഗത്തെ ഒരു മികച്ച ചുവടുവെപ്പായിരുന്നു പേയ്‌മെന്റ്‌സ് ബാങ്ക് എന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പല പരിമിതികള്‍ ഉണ്ടെങ്കിലും ചെറിയ വരുമാനമുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതാണ് ഇത്തരം സേവിംഗ്‌സ് അക്കൗണ്ടുകള്‍. ബാങ്കിംഗ് സേവനം ലഭിക്കാത്ത പ്രദേശങ്ങളില്‍ അവ എത്തിക്കുക എന്ന ലക്ഷ്യത്തിനൊപ്പം ചെറികിട സംരംഭകര്‍, കുറഞ്ഞ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് പ്രയോജനകരമാകുന്നതിനും വേണ്ടിയാണ് പേയ്മെന്റ്സ് ബാങ്കുകള്‍ ആരംഭിച്ചത്. കുറഞ്ഞ നിക്ഷേപ തുകയ്ക്ക് കൂടുതല്‍ പലിശ ലഭിക്കുമെങ്കിലും ഈ സേവനത്തെ പറ്റി പലര്‍ക്കും അറിയില്ല. മിക്ക പേയ്മെന്റ്സ് […]
രാജ്യത്തെ ബാങ്കിംഗ് രംഗത്തെ ഒരു മികച്ച ചുവടുവെപ്പായിരുന്നു പേയ്‌മെന്റ്‌സ് ബാങ്ക് എന്നത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ പല പരിമിതികള്‍ ഉണ്ടെങ്കിലും ചെറിയ വരുമാനമുള്ളവര്‍ക്ക് ഗുണം ചെയ്യുന്നതാണ് ഇത്തരം സേവിംഗ്‌സ് അക്കൗണ്ടുകള്‍. ബാങ്കിംഗ് സേവനം ലഭിക്കാത്ത പ്രദേശങ്ങളില്‍ അവ എത്തിക്കുക എന്ന ലക്ഷ്യത്തിനൊപ്പം ചെറികിട സംരംഭകര്‍, കുറഞ്ഞ വരുമാനമുള്ളവര്‍ എന്നിവര്‍ക്ക് പ്രയോജനകരമാകുന്നതിനും വേണ്ടിയാണ് പേയ്മെന്റ്സ് ബാങ്കുകള്‍ ആരംഭിച്ചത്. കുറഞ്ഞ നിക്ഷേപ തുകയ്ക്ക് കൂടുതല്‍ പലിശ ലഭിക്കുമെങ്കിലും ഈ സേവനത്തെ പറ്റി പലര്‍ക്കും അറിയില്ല. മിക്ക പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകളും ആരംഭിക്കുന്നതിന് ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ (ഒടിപി ലഭിക്കുവാന്‍), ആധാര്‍ നമ്പര്‍, പാന്‍ കാര്‍ഡ് നമ്പര്‍ എന്നിവ നല്‍കിയാല്‍ മതി. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്, ഫിനോ പേയ്മെന്റ്സ് ബാങ്ക്, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, പേടിഎം പേയ്മെന്റ്സ് ബാങ്ക്, എന്‍എസ്ഡിഎല്‍ പേയ്മെന്റ്സ് ബാങ്ക്, ജിയോ പേയ്മെന്റ്സ് ബാങ്ക് എന്നിവയാണ് നിലവില്‍ ഇന്ത്യയിലുള്ള പ്രധാന പേയ്‌മെന്റ്‌സ് ബാങ്കുകള്‍.
ഇന്ത്യയില്‍ നിലവിലുള്ള 6 പേയ്മെന്റ്സ് ബാങ്കുകളെ അറിയാം
1. എയര്‍ടെല്‍ പേയ്മെന്റ്സ് ബാങ്ക്
രാജ്യത്ത് ആദ്യം പ്രവര്‍ത്തനമാരംഭിച്ച പേയ്മെന്റ്സ് ബാങ്കാണ് എയര്‍ടെല്ലിന്റേത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെല്ലിന്റെ ഉടമസ്ഥതയിലുള്ളതാണിത്. ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് 6 ശതമാനവും അതിനേക്കാള്‍ കുറവുള്ള നിക്ഷേപത്തിന് 2.5 ശതമാനവും വാര്‍ഷിക പലിശ ലഭിക്കും.
2. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി)
കേന്ദ്ര പോസ്റ്റല്‍ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പേയ്മെന്റ്സ് ബാങ്കാണിത്. മിനിസ്ട്രി ഓഫ് കമ്മ്യൂണിക്കേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഐപിപിബിയില്‍ നിക്ഷേപിക്കുന്നതിന് ആളുകള്‍ക്ക് ഭയമില്ല. ഐപിപിബിയുടെ മൊബൈല്‍ ബാങ്കിംഗ് ആപ്പ് വഴി അക്കൗണ്ട് തുറക്കാന്‍ സാധിക്കും. ഒരു ലക്ഷം വരെയുള്ള നിക്ഷേപത്തിന് 2.25 ശതമാനം പലിശ ലഭിക്കും (2022 ഫെബ്രുവരി 1 മുതല്‍). ഒരു ലക്ഷത്തിനും രണ്ട് ലക്ഷത്തിനും ഇടയിലുള്ള തുകയ്ക്ക് 2.50 ശതമാനം പലിശയും ലഭിക്കും.
3. ഫിനോ പേയ്മെന്റ്സ് ബാങ്ക്
രാജ്യത്ത് മൂന്നാമത് പ്രവര്‍ത്തനം ആരംഭിച്ചതാണ് ഫിനോ പേയ്മെന്റ്സ് ബാങ്ക് അഥവാ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ നെറ്റ്വര്‍ക്ക് ആന്‍ഡ് ഓപ്പറേഷന്‍സ് പേയ്മെന്റ്സ് ബാങ്ക്. സൂര്യോദയാ ബാങ്കുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കായി സ്വീപ്പ് അക്കൗണ്ടും ഫിനോ പേയ്മെന്റ്സ് ബാങ്ക് ആരംഭിച്ചിരുന്നു. രണ്ട് ലക്ഷം വരെയുള്ള നിക്ഷേപത്തിന് 2.75 ശതമാനം പലിശ ലഭിക്കും.
4. ജിയോ പേയ്മെന്റ്സ് ബാങ്ക്
മുന്‍നിര ടെലികോം സേവന ദാതാവായ റിലയന്‍സ് ജിയോയുടെ പേയ്മെന്റ്സ് ബാങ്ക്. 2018ലാണ് ഈ ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് ലക്ഷം വരെയുള്ള നിക്ഷേപത്തിന് 3.50 ശതമാനം പലിശ ഈ ബാങ്കിലൂടെ ലഭ്യമാകും.
5. പേടിഎം പേയ്മെന്റ്സ് ബാങ്ക്
അതിവേഗം പ്രചാരം ലഭിച്ച പേയ്മെന്റ്സ് ബാങ്കുകളിലൊന്നാണിത്. ഓണ്‍ലൈനായി അക്കൗണ്ട് തുടങ്ങാമെങ്കിലും കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നിങ്ങള്‍ക്ക് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന പേടിഎം ബാങ്ക് കെവൈസി സെന്ററില്‍ നേരിട്ട് ചെല്ലണം. രണ്ട് ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് 2.50 ശതമാനം പലിശയാണ് ബാങ്ക് നല്‍കുന്നത്. ഇന്‍ഡസ്ഇന്‍ഡ് ബാങ്കുമായി ചേര്‍ന്ന് സ്ഥിര നിക്ഷേപത്തിനുള്ള സംവിധാനവും പേടിഎം പേയ്മെന്റ്സ് ബാങ്ക് ആരംഭിച്ചിരുന്നു.
6. എന്‍എസ്ഡിഎല്‍ പേയ്മെന്റ്സ് ബാങ്ക്
2018ല്‍ ആരംഭിച്ച മറ്റൊരു പേയ്മെന്റ്സ് ബാങ്കാണ് എന്‍എസ്ഡിഎല്‍ (നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ്) പേയ്മെന്റ്സ് ബാങ്ക്. ഓഹരികള്‍, ബോണ്ടുകള്‍ മുതലായവ കൈകാര്യം ചെയ്യുന്ന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് എന്‍എസ്ഡിഎല്‍. രണ്ട് ലക്ഷം വരെയുള്ള നിക്ഷേപത്തിന് 5 ശതമാനം പലിശയാണ് എന്‍എസ്ഡിഎല്‍ പേയ്മെന്റ്സ് ബാങ്ക് നല്‍കുന്നത്.