- Home
- /
- Learn & Earn
- /
- Banking
- /
- ബാങ്ക് പൊളിഞ്ഞാല്‍ 5...
Summary
പരമാവധി ഒരു അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പരിരക്ഷ 5 ലക്ഷം രൂപയാണ്
നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കിന് എന്തെങ്കിലും സംഭവിച്ചാല്‍നഷ്ടപരിഹാരത്തിന് വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ അതിന് എത്ര താമസം...
നിങ്ങള്‍ നിക്ഷേപം നടത്തിയിരിക്കുന്ന ബാങ്കിന് എന്തെങ്കിലും സംഭവിച്ചാല്‍
നഷ്ടപരിഹാരത്തിന് വകുപ്പുണ്ടോ? ഉണ്ടെങ്കില്‍ അതിന് എത്ര താമസം എടുക്കും? നഷ്ട പരിഹാരം അക്കൗണ്ട് ഒന്നിന് നിക്ഷേപത്തുകയനുസരിച്ച് പരമാവധി അഞ്ച് ലക്ഷം രൂപയാക്കി നേരത്തെ വര്‍ധിപ്പിച്ചിരുന്നുവെങ്കിലും സമയം സംബന്ധിച്ച് വ്യക്തയില്ലായിരുന്നു. പരമാവധി 90 ദിവസത്തിനകം നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഇതു സംബന്ധിച്ച് വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ് വരുത്തിയത്.
ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ്
ബാങ്കുകളില്‍ നിങ്ങള്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പരിരക്ഷയാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. അതായത് ബാങ്കുകള്‍ക്ക് എന്തു സംഭവിച്ചാലും നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ടാകും. പക്ഷെ ഇവിടെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ ബാങ്കിലെയും എല്ലാ നിക്ഷേപങ്ങളും ഇതിന്റെ പരിധിയില്‍ വരില്ല.
എന്താണ് ഡി ഐ സി ജി സി ?
ആര്‍ ബി ഐ യ്ക്ക് കീഴിലുള്ള സ്ഥാപനമാണിത്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാനാവാത്ത അവസ്ഥയിലേക്ക് ബാങ്കുകള്‍ തകര്‍ച്ചയിലായാല്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും.
ഏതെല്ലാം അക്കൗണ്ടുകള്‍
ബാങ്കുകളില്‍ വിവിധ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുന്ന തുക ഇത്തരം ഇന്‍ഷുറന്‍സ് പരിധിയില്‍ വരും. സേവിംഗ്‌സ്, കറണ്ട്, റിക്കറിംഗ്, ഫിക്‌സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകളിലുള്ള നിക്ഷേപങ്ങള്‍ക്കെല്ലാം പരിരക്ഷയുണ്ടാകും. പരമാവധി ഒരു അക്കൗണ്ടിലെ നിക്ഷേപത്തിന് ലഭിക്കുന്ന പരിരക്ഷ 5 ലക്ഷം രൂപയാണ്. ഇത് ഒരു ലക്ഷമായിരുന്നു. അഞ്ച് ലക്ഷമാക്കി വര്‍ധിപ്പിക്കുകയായിരുന്നു. ഇവിടെ നിങ്ങളുടെ ബാങ്ക് പാപ്പരായാല്‍ പലിശയും തുകയും ചേര്‍ത്ത് പരമാവധി അഞ്ച് ലക്ഷം രൂപ നല്‍കും. ഒരു അക്കൗണ്ടിനാണ് അഞ്ച് ലക്ഷം രൂപ പരിധി.
ഏതെല്ലാം ബാങ്കുകള്‍
എല്ലാ ബാങ്കുകളിലെയും നിക്ഷേപം ഇവിടെ പരിരക്ഷയുടെ കീഴില്‍ വരില്ല. പൊതുമേഖലാ ബാങ്കുകള്‍, സെട്രല്‍, സ്റ്റേറ്റ്, അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്ക്, കൂടാതെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ വിദേശ ബാങ്കുകള്‍ എന്നിവയിലെ നിക്ഷേപമാണ് ഇന്‍ഷുറന്‍സ് പരിധിയില്‍ വരിക. ഡി ഐ സി ജി സി കവറേജ് എടുത്തിട്ടുള്ള പ്രാദേശിക ബാങ്കുകളും ഇതിന്റെ പരിധിയില്‍ വരും.
എത്ര പണം ലഭിക്കും
അഞ്ച് ലക്ഷം രൂപ പരിരക്ഷയുണ്ട് എന്ന് കരുതി രണ്ട് ലക്ഷം രൂപ നിക്ഷേപമുള്ളയാള്‍ക്ക് ബാങ്ക് പാപ്പരായാല്‍ ആ തുക മാത്രമേ ലഭിക്കൂ. അഞ്ച് ലക്ഷം രൂപയാണ് നിങ്ങളുടെ നിക്ഷേപമെങ്കില്‍ അഞ്ച് ലക്ഷം രൂപ ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെ എത്രയാണോ നിക്ഷേപ തുക അത്ര തന്നെയേ ലഭിക്കൂ. അതിന് മുകളിലാണെങ്കിലും പരമാവധി ലഭിക്കുന്ന തുക അഞ്ച് ലക്ഷം തന്നെയായിരിക്കും. ഉദാഹരണത്തിന് 10 ലക്ഷം രൂപയാണ് നിങ്ങളുടെ
നിക്ഷേപമെന്നിരിക്കട്ടെ. ബാങ്ക് പാപ്പരായി എന്നും കരുതുക. ഇപ്പോള്‍ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കവറേജായി ലഭിക്കുന്നത് അഞ്ച് ലക്ഷം രൂപയായിരിക്കും.
നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കാം
അതുകൊണ്ട് നിക്ഷേപം നടത്തുമ്പോള്‍ വിവിധ അക്കൗണ്ടുകളിലായി അഞ്ച് ലക്ഷം രൂപ വീതം നിക്ഷേപിക്കുക. വിവിധ ബാങ്കുകളിലും നിക്ഷേപമാകാം. ഒരോ നിക്ഷേപത്തിനുമാണ് ഇന്‍ഷുറന്‍സ്.
സഹകരണ സംഘങ്ങള്‍
കേരളത്തില്‍ സഹകരണ സംഘങ്ങളിലെ അഴിമതിക്കഥകള്‍ ധാരാളമായി പുറത്തു വരുന്നുണ്ട്. നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ട സംഭവങ്ങളും തുടര്‍ച്ചയാകുന്നു. ഈ സാഹചര്യത്തില്‍ ഇങ്ങനെ ഡി ഐ സി ജി സിയില്‍ കവറേജ് എടുത്തിട്ടുള്ള സ്ഥാപനമാണോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്താം. അതിന് ശേഷം മാത്രം നിക്ഷേപിക്കാം. കാരണം അധ്വാനിച്ചുണ്ടാക്കിയ പണമാണ്. നഷ്ടം നിങ്ങള്‍ക്ക് മാത്രമായിരിക്കും.