പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടുടമയാണോ? താരതമ്യേന പലിശ നിരക്കു കൂടുതൽ ലഭിക്കുന്ന നിക്ഷേപ പദ്ധതിയായ പിപിഎഫ് (പബ്ലിക് പ്രോവിഡന്റ്...
പഞ്ചാബ് നാഷണൽ ബാങ്കിന്റെ അക്കൗണ്ടുടമയാണോ? താരതമ്യേന പലിശ നിരക്കു കൂടുതൽ ലഭിക്കുന്ന നിക്ഷേപ പദ്ധതിയായ പിപിഎഫ് (പബ്ലിക് പ്രോവിഡന്റ് ഫണ്ട്) അക്കൗണ്ട് എടുക്കാൻ താത്പര്യമുണ്ടോ? എങ്കിൽ ഇതിനായി ബാങ്കിൽ പോകേണ്ടതില്ല. നെറ്റ് ബാങ്കിംഗിലൂടെ ഇ-പിപിഎഫ് സംവിധാനം ബാങ്ക് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ടുടമകൾക്ക് യൂസർ ഐഡിയും, പാസ് വേർഡും ഉപയോഗിച്ച് 24 മണിക്കൂറും ഈ സേവനം ഉപയോഗിക്കാം.
പിപിഎഫ്
പലിശ നിരക്ക് താരതമ്യേന കൂടുതലുള്ള ഈ നിക്ഷേപ പദ്ധതിയിൽ ആർക്കും അംഗമാകാം. നിലവിൽ 8.5 ശതമാനമാണ് പലിശ നിരക്ക്. ബാങ്ക് സ്ഥിര നിക്ഷേപ പലിശ ഇപ്പോൾ ശരാശരി 5.5 ശതമാനമാണെന്നോർക്കണം. എന്നാൽ മാർച്ച് 12 മുതൽ പിഎഫ് പലിശ നിരക്ക് 8.1 ശതമാനമായി കേന്ദ്ര സർക്കാർ കുറച്ചിട്ടുണ്ട്.
ഇ-പിപിഎഫ് തുറക്കാം
പിഎൻബിയുടെ ഇന്റർനെറ്റ് ബാങ്കിംഗ് സംവിധാനത്തിൽ പ്രവേശിച്ച് 'മൈ ഷോർട്ട് കട്ട്' 'പിപിഎഫ് അക്കൗണ്ട്' ൽ പോയി 'ഓപ്പൺ എ പിപിഎഫ് അക്കൗണ്ടിൽ' ക്ലിക്ക് ചെയ്യുക. പിന്നീട് ഡ്രോപ് മെനുവിൽ പോയി സെൽഫ് അക്കൗണ്ട്/ മെനർ അക്കൗണ്ട് ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് നൽകുക. പിപിഎഫ് അക്കൗണ്ട് തുടങ്ങി പരിരക്ഷിക്കാൻ ഉദേശിക്കുന്ന ബാങ്കിന്റെ ശാഖ തിരഞ്ഞെടുക്കുക. 'സബ്മിറ്റ്' ചെയ്തതിന് ശേഷം കൺഫർമേഷൻ സ്‌ക്രീൻ തെളിയും. അവിടെ ട്രാൻസാക്ഷൻ പാസ് വേർഡ് നൽകി വീണ്ടും 'സബ്മിറ്റ്' ചെയ്യുക. ഉടൻ സൈബർ റിസിറ്റ് റഫറൻസ് നമ്പറടക്കം ലഭിക്കും. ശേഷം 'ഒകെ' നൽകി അക്കൗണ്ട് തുറന്ന ഫോം ഡൗൺലോഡ് ചെയ്‌തെടുക്കാം. പിന്നീട് ഇതോടൊപ്പം ഫോട്ടോയും ബന്ധപ്പെട്ട കെ വൈ സി രേഖകളും സഹിതം ഏത് ബാങ്ക് ശാഖയാണോ തിരഞ്ഞെടുത്തത് അവിടെ ഹാർഡ് കോപ്പിയായി നൽകാം.