ഏത് നിക്ഷേപ രീതിയേയും പോലെ ഗുണദോഷ സമ്മിശ്രമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും (എസ് ജി ബി). സ്വര്‍ണത്തിന്റെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളായി ഇഷ്യു...
ഏത് നിക്ഷേപ രീതിയേയും പോലെ ഗുണദോഷ സമ്മിശ്രമാണ് സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളും (എസ് ജി ബി). സ്വര്‍ണത്തിന്റെ മൂല്യമുള്ള സര്‍ട്ടിഫിക്കറ്റുകളായി ഇഷ്യു ചെയ്യുന്ന എസ് ജി ബിയുടെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് മനസിലാക്കാം. താരതമ്യേന ദോഷങ്ങള്‍ കുറവായതിനാല്‍ എസ് ജി ബിയില്‍ നിന്നും നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുന്നില്ല.
ഗുണം
പലിശയുടെ ലഭ്യതയാണ് എസ് ജി ബിയുടെ പ്രധാന ഗുണങ്ങളിലൊന്ന്. നിക്ഷേപത്തിന്മേല്‍ പ്രതിവര്‍ഷം കൃത്യമായ പലിശ സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കും. രണ്ട് ഭാഗങ്ങളായിട്ടാണ് പലിശ ലഭ്യമാവുക. ആറ് മാസം കൂടുമ്പോള്‍ ലഭിക്കുന്ന തരത്തിലാണിത്. സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനയോ ഇടിവോ ഉണ്ടായാലും പലിശ ലഭ്യതയെ ബാധിക്കില്ല. ഇവിടെ നിക്ഷേപത്തിന് 2.5 ശതമാനം പലിശയാണ് ലഭ്യമാകുക.
പേപ്പറിലും ഡിമാറ്റ് രൂപത്തിലും എസ് ജി ബി ലഭ്യമാകും. ഭൗതികമായ സ്വര്‍ണം സൂക്ഷിക്കുന്നത് സംബന്ധിച്ച ചെലവോ ടെന്‍ഷനോ ഒന്നും ഇതില്‍ ഉണ്ടാകുന്നില്ല. സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും നിക്ഷേപകന്റെ പേരില്‍ തന്നെയാണ് ലഭിക്കുന്നത്.
നിങ്ങളുടെ നിക്ഷേപത്തിന് ലഭിക്കുന്ന പലിശയ്ക്ക് ടി ഡി എസ് ബാധകമല്ല. കാലാവധി പൂര്‍ത്തിയാകും മുന്‍പ് ബോണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുവാനും സാധിക്കും.
ആഭരണ രൂപത്തിലുള്ള സ്വര്‍ണത്തിന്റെ കാര്യത്തില്‍ നിക്ഷേപകന് പണിക്കൂലി, മായം അതായത് പരിശുദ്ധി തുടങ്ങിയ നൂലാമാലകളുണ്ട്. എന്നാല്‍ എസ് ജി ബിയില്‍ അതില്ല. ബോണ്ടുകള്‍ ആര്‍ബിഐയുടെ ബുക്കിലോ, ഡീമാറ്റ് രൂപത്തിലോ സൂക്ഷിക്കുന്നതുകൊണ്ട് ഇത് കൈമോശം വരുമെന്ന ഭയവും വേണ്ട.
ബാങ്ക്, ധനകാര്യ സ്ഥാപനങ്ങള്‍, നോണ്‍- ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ എന്നിവയില്‍ നിന്നുള്ള വായ്പകള്‍ക്ക് ഈടായി എസ് ജി ബികള്‍ സമര്‍പ്പിക്കാം. ഇത്തരത്തില്‍ വായ്പ അനുവദിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം അതാത് സ്ഥാപനങ്ങള്‍ക്ക് എടുക്കാം. ബോണ്ടിന്റെ മെച്യൂരിറ്റിയ്ക്ക് ഒരു മാസം മുന്‍പ് തന്നെ നിക്ഷേപകന് ഇത് സംബന്ധിച്ച വിവരം ലഭിക്കും.
ദോഷം
എട്ടു വര്‍ഷമാണ് ഇതിന്റെ നിക്ഷേപ കാലാവധി. എട്ടു വര്‍ഷ കാലാവധി എന്നത് അല്‍പം ദൈര്‍ഘ്യമേറിയതായത് കൊണ്ട് ചില നിക്ഷേപകര്‍ എസ് ജി ബിയോട് മികച്ച താല്‍പര്യം കാട്ടുന്നില്ല. സ്വര്‍ണത്തിന്റെ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം മൂലം നിക്ഷേപകന് നഷ്ടം ഉണ്ടാകരുതെന്ന ചിന്തയിലാണ് മെച്യൂരിറ്റി കാലയളവിന് ഇത്ര ദൈര്‍ഘ്യം കൊടുത്തിരിക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ വിലയുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ മൂലധന നഷ്ടം സംഭവിക്കാന്‍ ഇടയുണ്ട്. ബോണ്ട് വാങ്ങുന്ന സമയത്തെ സ്വര്‍ണ വില മെച്യുരിറ്റി കാലത്തെക്കാള്‍ അധികമാണെങ്കില്‍ നഷ്ട സാധ്യതയുണ്ട്. നിക്ഷേപകന്‍ ആഗ്രഹിക്കുന്ന സമയത്ത് എസ് ജി ബിയില്‍ നിക്ഷേപം നടത്താന്‍ സാധിക്കില്ല. ആര്‍ ബി ഐ കലണ്ടര്‍ പ്രകാരം ഇവ ഇഷ്യു ചെയ്യുന്ന സയത്ത് മാത്രമേ ബോണ്ട് വാങ്ങാന്‍ സാധിക്കൂ. ടി ഡി എസ് ബാധകമല്ലെങ്കിലും 1961ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ബോണ്ടുകളുടെ പലിശയ്ക്ക് നികുതി അടയ്ക്കേണ്ടി വരും.