സ്ഥിര നിക്ഷേപം (എഫ് ഡി) എന്നത് സുരക്ഷിതവും റിസ്‌ക് കുറഞ്ഞതുമായ നിക്ഷേപമാണ്. നിക്ഷേപിച്ച പണത്തിന് സുരക്ഷിതത്വവും മോശമല്ലാത്ത പലിശ നിരക്കും...
സ്ഥിര നിക്ഷേപം (എഫ് ഡി) എന്നത് സുരക്ഷിതവും റിസ്‌ക് കുറഞ്ഞതുമായ നിക്ഷേപമാണ്. നിക്ഷേപിച്ച പണത്തിന് സുരക്ഷിതത്വവും മോശമല്ലാത്ത പലിശ നിരക്കും ലഭിക്കുന്നതിനാല്‍ സാധാരണക്കാരില്‍ ഭൂരിഭാഗവും സ്ഥിര നിക്ഷേപത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്. ഏത് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും എഫ് ഡി ഇടാം. പക്ഷെ, വ്യവസ്ഥകളും നിബന്ധനകളും വ്യത്യസ്തമാണ്. ഇവ മനസിലാക്കി വേണം നിക്ഷേപം നടത്താന്‍. നിങ്ങള്‍ക്ക് അനുയോജ്യമായ സ്ഥിര നിക്ഷേപ രീതി ഏതാണെന്ന് മനസിലാക്കിയ ശേഷം അതില്‍ ചേരുന്നതാണ് എപ്പോഴും നല്ലത്. നിക്ഷേപത്തിന്റെ കാലാവധി, സ്ഥാപനത്തെ കുറിച്ചുള്ള ധാരണ ,വായ്പയുടെ ലഭ്യത, പലിശ എത്രത്തോളം ലഭിക്കും തുടങ്ങിയ കാര്യങ്ങളാണ് സ്ഥിര നിക്ഷേപം നടത്തും മുന്‍പ് പ്രാഥമികമായി നാം അറിഞ്ഞിരിക്കേണ്ടത്.
കാലാവധിയും റേറ്റിംഗും
ദീര്‍ഘകാല ആവശ്യം മുന്നില്‍ കണ്ടാണ് പലരും സ്ഥിര നിക്ഷേപം നടത്തുന്നത്. ഗൃഹ നിര്‍മ്മാണം, വിവാഹം, വാഹനം വാങ്ങല്‍, ഉന്നത വിദ്യാഭാസം തുടങ്ങി പല ആവശ്യങ്ങളും നടത്തുന്നതിന് കൂടിയാണിത്. റിട്ടയര്‍മെന്റ് കാലത്തെ ആവശ്യത്തിനായി നേരത്തെ തന്നെ ഉള്ള സമ്പാദ്യം സ്ഥിര നിക്ഷേപമാക്കി മാറ്റുന്നവരുമുണ്ട്. എന്നാല്‍ ഇവയിലെല്ലാം കാലാവധി എന്ന ഘടകം മുന്നിട്ട് നില്‍ക്കുന്നുണ്ട്. സ്ഥിര നിക്ഷേപത്തിന്റെ കാലാവധിയും പലിശയും തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. ഒരു വര്‍ഷത്തേക്കുള്ള നിക്ഷേപത്തെക്കാള്‍ 10 വര്‍ഷം ദൈര്‍ഘ്യമുള്ള നിക്ഷേപത്തിന് കൂടുതല്‍ പലിശ ലഭിക്കും. നിങ്ങളുടെ ആവശ്യമനുസരിച്ച് നിക്ഷേപ കാലയളവ് തിരഞ്ഞെടുക്കാം. ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ ഷോര്‍ട്ട് ടേം, മൂന്നു മുതല്‍ അഞ്ച് വരെ മിഡ് ടേം, അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ലോംങ് ടേം എന്നിങ്ങനെയാണ് സാധാരണയായി നിക്ഷേപ കാലാവധികളുള്ളത്.
ക്രിസില്‍ - ഐ സി ആര്‍ എ റേറ്റിംഗ്
സ്ഥാപനത്തിന്റെ റേറ്റിംഗ് എന്നത് വളരെ പ്രധാനമാണ്. നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും. ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ചരിത്രം പരിശോധിച്ച ശേഷമാണ് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികള്‍ റേറ്റിംഗ് നല്‍കുന്നത്.
സ്ഥിര നിക്ഷേപ പലിശ, വായ്പാ ലഭ്യത, ഇളവുകള്‍, മൂല്യ വര്‍ധിത സേവനങ്ങള്‍ ഇതൊക്കെ ഓരോ സ്ഥാപനത്തിനും വ്യത്യസ്തമായിരിക്കും. നിക്ഷേപ കാലാവധി പൂര്‍ത്തിയാകും മുന്‍പ് തന്നെ പണം പിന്‍വലിക്കാന്‍ അനുവദിക്കുന്ന ബാങ്കുകളുമുണ്ട്. ഓണ്‍ലൈന്‍ - മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നത് നല്ലതാണ്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി മനസിലാക്കി നിക്ഷേപം നടത്തുക.
വായ്പാ ലഭ്യത
സ്ഥിര നിക്ഷേപം നടത്തുന്നത് ഒരു നിശ്ചിത കാലയളവിലേക്കാണെങ്കിലും ഇതിനിടയില്‍ പണത്തിന്റെ ആവശ്യം പല തവണ ഉണ്ടാകും. നിങ്ങളുടെ പേരില്‍ സ്ഥിര നിക്ഷേപം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകില്ല. നിക്ഷേപം നടത്തിയ തുകയുടെ 75 ശതമാനം വരെ വായ്പയായി ലഭിക്കും എന്ന കാര്യം ഓര്‍ക്കുക. എന്നാല്‍ സ്ഥിര നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാള്‍ അല്‍പം കൂടുതലാണ് ഇത്തരം വായ്പകളിന്മേല്‍ ബാങ്ക് ഈടാക്കുന്ന പലിശ. സ്ഥിര നിക്ഷേപം എത്ര കാലത്തേക്കാണോ അതേ കാലയളവിനുള്ളില്‍ തന്നെ വായ്പ അടച്ചു തീര്‍ക്കാനുള്ള സൗകര്യവുമുണ്ട്.