ഏറ്റവും സുരക്ഷിതമായ നിക്ഷേപ പദ്ധതി എന്ന നിലയില്‍ സ്ഥിര നിക്ഷേപത്തെ ആശ്രയിക്കാനാണ് മിക്കവര്‍ക്കും താല്‍പര്യം. നഷ്ടം ഉണ്ടാകാനുള്ള സാധ്യതയില്ല എന്നതിനാലും നിക്ഷേപ ശേഷം കാലവധി പൂര്‍ത്തിയാകുന്നത് വരെ മറ്റ് നൂലാമാലകള്‍ നേരിടേണ്ടി വരില്ല എന്നതുമാണ് ഇത് നല്‍കുന്ന ആശ്വാസം. എന്നാല്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നത് വലിയ അബദ്ധമായി മാറാം. അവ ഒഴിവാക്കി മുന്നോട്ട് പോയാല്‍ മാത്രമേ നിങ്ങള്‍ക്ക് മികച്ചൊരു സ്ഥിര നിക്ഷേപം ഉണ്ടെന്ന് പറയാന്‍ സാധിക്കൂ.
കൃത്യമായ ലക്ഷ്യം ഇല്ലാതെ നിക്ഷേപിക്കരുത്
ലക്ഷ്യബോധമില്ലാതെ നിക്ഷേപം നടത്തരുത്. നിങ്ങളുടെ മനസിലെ പ്ലാനിന് അനുയോജ്യമായ സ്‌കീം തിരഞ്ഞെടുക്കുക. നിങ്ങളുടെ സേവിംഗ്‌സ് പ്ലാനുകളും സ്ഥിര നിക്ഷേപവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്നത് നല്ലതാണ്. വൈവിധ്യമാര്‍ന്ന ഒരു നിക്ഷേപ പോര്‍ട്ട്‌ഫോളിയോ നിങ്ങള്‍ക്ക് സൃഷ്ടിക്കുവാന്‍ സാധിക്കും. സ്ഥിര നിക്ഷേപം നല്‍കുന്ന ഏത് ആനുകൂല്യമാണ് നിങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്നത് എന്ന് കൃത്യമായി പഠിക്കുക. ഫ്‌ളെക്‌സിബിളായ കാലാവധി, ഹ്രസ്വ കാല നേട്ടം, അത്യാവശ്യ ഘട്ടത്തില്‍ പണം ലഭിക്കാനുള്ള സൗകര്യം, നിക്ഷേപത്തിന്റെ സ്ഥിരത എന്നിവയൊക്കെ സ്ഥിര നിക്ഷേപങ്ങള്‍ നല്‍കുന്ന ആനുകൂല്യങ്ങളാണ്. ഭാവിയില്‍ ഉണ്ടാകാനിടയുള്ള ചെലവുകള്‍ക്കായി തയാറെടുപ്പ് നടത്തുന്നതും സ്ഥിര നിക്ഷേപം നടത്തുന്ന വേളയില്‍ ഉപകരിക്കും.
പഠനം നടത്താതെ നിക്ഷേപം പാടില്ല
നിക്ഷേപ പദ്ധതിയെ ആഴത്തില്‍ പഠിക്കുക തന്നെ വേണം. പലിശ നിരക്ക് ഉള്‍പ്പടെ കൃത്യമായി പഠിക്കാം. കൃത്യമായ പഠനം വഴി നിങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന സ്‌കീം കണ്ടെത്തി നിക്ഷേപം നടത്താന്‍ സാധിക്കും. നിക്ഷേപ രംഗത്തെ വിദഗ്ധരില്‍ നിന്നും വിവരങ്ങള്‍ തേടാം.
ഒറ്റ സ്‌കീമില്‍ മാത്രം ആശ്രയിക്കേണ്ട
ഒറ്റ സ്‌കീമില്‍ നിന്ന് മാത്രമായി വലിയ നേട്ടം പ്രതീക്ഷിക്കേണ്ടതില്ല. വിവിധ സ്‌കീമുകളില്‍ നിക്ഷേപങ്ങള്‍ നടത്തിയാല്‍ അതിന്റേതായ ഗുണവും ലഭിക്കും. ദീര്‍ഘകാല സ്ഥിര നിക്ഷേപം, ഹ്രസ്വകാല സ്ഥിര നിക്ഷേപം എന്നിവയ്‌ക്കൊക്കെ അതിന്റേതായ ഗുണങ്ങളുണ്ട്. ഉയര്‍ന്നൊരു തുകയാണ് സ്ഥിര നിക്ഷേപമായി ഇടാന്‍ നിങ്ങള്‍ക്കുള്ളതെങ്കില്‍ ഇത് ഉപകരിക്കും.
നിക്ഷേപത്തെ നിരീക്ഷിക്കാതിരിക്കരുത്
നിക്ഷേപത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായി നിരീക്ഷിക്കുക. അക്കൗണ്ട് വിവരങ്ങളും റിട്ടേണുകളുടെ രേഖയും കൃത്യമായി സൂക്ഷിക്കുക. സ്ഥിര നിക്ഷേപ അക്കൗണ്ടിലെ വിവരങ്ങള്‍ പാസ്ബുക്കില്‍ കൃത്യമായി എന്‍ട്രി നടത്തുക.
നാണ്യപ്പെരുപ്പത്തെയും അറിയാം
നാണ്യപ്പെരുപ്പം (ഇന്‍ഫ്‌ളേഷന്‍) എന്നത് കൃത്യമായി അറിഞ്ഞരിക്കേണ്ട ഒന്നാണ്. ഉല്‍പന്നങ്ങളുടേയും സേവനങ്ങളുടേയും വിലക്കയറ്റം പണത്തിന്റെ മൂല്യത്തെ ബാധിക്കും. നിക്ഷേപത്തിലും ഇത് പ്രതിഫലിക്കും എന്നതിനാല്‍ ഇതും ശ്രദ്ധിക്കുക.
പലിശ നിരക്ക് താരതമ്യം ചെയ്യാം
നിലവില്‍ അക്കൗണ്ടുള്ള ബാങ്കിലേ സ്ഥിരമായി പണം നിക്ഷേപിക്കൂ എന്ന വാശി വേണ്ട. പല ബാങ്കുകളുടേയും ധനകാര്യ സ്ഥാപനങ്ങളുടേയും പലിശ നിരക്കുകള്‍ താരതമ്യം ചെയ്ത് മികച്ച പലിശ ലഭിക്കുന്നിടത്ത് നിക്ഷേപിക്കാം.
കാലാവധി മുഖ്യം
7 ദിവസം മുതല്‍ 10 വര്‍ഷം വരെ ലഭിക്കുന്ന കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുണ്ട്. നിങ്ങള്‍ക്ക് അനുയോജ്യമായത് തിരഞ്ഞെടുക്കാം. കാലാവധി തീരുന്നതിന് മുന്‍പ് സ്ഥിര നിക്ഷേപം ക്ലോസ് ചെയ്താല്‍ തുകയുടെ നിശ്ചിത ശതമാനം ബാങ്കിന് പിഴയായി നല്‍കേണ്ടി വരുമെന്നും ഓര്‍ക്കുക.
സേവിംഗ്‌സ് അക്കൗണ്ടിനെ മറക്കാതിരിക്കുക
സ്ഥിര നിക്ഷേപത്തില്‍ പണം ഇടുമ്പോള്‍ ഉയര്‍ന്ന പലിശ ലഭിക്കുന്നത് വഴി നിക്ഷേപം വളരും എന്നത് സത്യം തന്നെ. എന്നാലും അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കും വിധത്തില്‍ ഒരു തുക നിങ്ങളുടെ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ കരുതിയിരിക്കണം. കാലാവധി പൂര്‍ത്തിയാകാതെ സ്ഥിര നിക്ഷേപത്തില്‍ നിന്നും പിന്‍വലിച്ച് നഷ്ടം വരുത്തുന്നതിനേക്കാള്‍ നല്ലത് ആവശ്യങ്ങള്‍ക്കുള്ള തുക സേവിംഗ്‌സ് അക്കൗണ്ടില്‍ കരുതുന്നതാണ്.