അത്യാവശ്യത്തിനായി നമ്മള്‍ പലപ്പോഴും വായ്പകളെയാണ് ആശ്രയിക്കുന്നത്. വായ്പകള്‍ പല വിധത്തിലുണ്ട്. നമ്മുടെ ആവശ്യവും സാഹചര്യങ്ങളും അനുസരിച്ചാവും...
അത്യാവശ്യത്തിനായി നമ്മള്‍ പലപ്പോഴും വായ്പകളെയാണ് ആശ്രയിക്കുന്നത്. വായ്പകള്‍ പല വിധത്തിലുണ്ട്. നമ്മുടെ ആവശ്യവും സാഹചര്യങ്ങളും അനുസരിച്ചാവും ഏത് വേണമെന്ന് തിരഞ്ഞെടുക്കുക. ചെലവ് കുറഞ്ഞ വായ്പയാണ് ഉദേശിക്കുന്നതെങ്കില്‍ പ്രോവിഡന്റ് ഫണ്ട് തിരഞ്ഞെടുക്കാവുന്നതാണ്. അത്യാവശ്യഘട്ടങ്ങളില്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പെട്ടെന്ന് സഹായകമാകുമെങ്കിലും വ്യക്തിഗത വായ്പയ്ക്ക് പലിശനിരക്ക് വളരെ കൂടുതലാണ്. ശരിയായ സാമ്പത്തിക ആസൂത്രണം ഉണ്ടെങ്കിലും, എപ്പോള്‍ വേണമെങ്കിലും പണം ആവശ്യമായി വന്നേക്കാം. അവശ്യഘട്ടങ്ങളില്‍ വ്യക്തിഗത വായ്പയ്ക്കാണോ പി എഫ് വായ്പയ്ക്കാണോ നിങ്ങള്‍ പ്രഥമ പരിഗണന നല്‍കുക?
ഏതാണ് മെച്ചം?
വ്യക്തിഗത വായ്പ വേഗത്തില്‍ ലഭിക്കുമെന്നതാണ് വലിയ ആകര്‍ഷണം. നിങ്ങളുടെ വരുമാനം, പ്രായം, ക്രെഡിറ്റ് സ്‌കോര്‍ എന്നിവയെല്ലാം ഇതിന് മാനദണ്ഡമായിരിക്കും. എന്നാല്‍ പ്രോവിഡന്റ് ഫണ്ടില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് കാലതാമസം നേരിടും. അഞ്ച് വര്‍ഷം തുടര്‍ച്ചയായി അടച്ചുവരുന്നതായിരിക്കണം ഇത്. അതായിത് ആറാം വര്‍ഷം മുതലേ വായ്പയ്ക്ക് അപേക്ഷിക്കാനാവൂ. ഇവിടെ നടപടിക്രമങ്ങളും വ്യക്തിഗത വായ്പകളുടെ അത്ര ലളിതമല്ല. അക്കൗണ്ടില്‍ ഉള്ള തുകയുടെ 25 ശതമാനം മാത്രമേ പിഎഫില്‍ നിന്ന് വായ്പയായി ലഭിക്കുകയുള്ളൂ എന്ന പരിമിതിയും ഇവിടെയുണ്ട്. വ്യക്തിഗത വായ്പകള്‍ക്ക് ഓരോ ധനകാര്യസ്ഥാപനങ്ങള്‍ക്കും തങ്ങളുടേതായ പരിധി നിശ്ചയിച്ചിട്ടുണ്ട്.
തിരിച്ചടവ്
ആറ് വര്‍ഷക്കാലാവധി വരെ വ്യക്തിഗത വായ്പ തിരിച്ചടവിനായി സമയം ലഭിക്കും. പൊതുമേഖലാ ബാങ്കുകല്‍ 10 ശതമാനം വരെയാണ് വ്യക്തിഗത വായ്പക്ക്് പലിശ ഈടാക്കുക. സ്വകാര്യ ബാങ്കുകളുടെ പലിശ 20 ശതമാനം വരെ ആകാം. എന്നാല്‍ പി എഫ് വായ്പയുടെ തിരിച്ചടവ് കാലാവധി മൂന്ന് വര്‍ഷമാണ്. ഇവിടെ പലിശ ഒരു ശതമാനം ആണ്. അതായിത് നമ്മുടെ പി എഫ് അക്കൗണ്ടിലെ തുകയ്ക്ക് ലഭിക്കുന്ന പലിശ എത്രയാണോ അതിന് പുറമേ ഒരു ശതമാനം അധികം നല്‍കണം. നിലവില്‍ പി എഫ് പലിശ 8.5 ശതമാനമാണ്. ഇപ്പോള്‍ നിങ്ങള്‍ പി എഫ് വായ്പ എടുക്കുകയാണെങ്കില്‍ എടുക്കുന്ന തുകയ്ക്ക് നിങ്ങള്‍ക്ക് നഷ്ടമാകുന്ന പലിശയ്ക്ക്് പുറമേ ഒരു ശതമാനം നല്‍കണം എന്ന് സാരം. കുറഞ്ഞ കാലയളവില്‍ ചെറിയ തുക മാത്രമാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പി എഫ് വായ്പ തിരഞ്ഞെടുക്കുക. എന്നാല്‍ കൂടുതല്‍ തുകയും കൂടുതല്‍ തിരിച്ചടവ് കാലാവധിയും ആവശ്യമെങ്കില്‍ വ്യക്തിഗത വായ്പ പരിഗണിക്കാം.