image

17 Jan 2022 4:50 AM GMT

Banking

എന്താണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍?

MyFin Desk

എന്താണ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍?
X

Summary

  രാജ്യത്തെ കമ്പനിനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (എന്‍ബിഎഫ്സി) അഥവാ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ എന്‍ബിഎഫ്സി ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവയ്ക്ക് വായ്പ, നിക്ഷേപം, ലീസിങ് തുടങ്ങിയ ബിസിനസുകള്‍ ചെയ്യാം. കാര്‍ഷിക പ്രവര്‍ത്തനം, വ്യാവസായിക പ്രവര്‍ത്തനം, ഏതെങ്കിലും സ്ഥാവര വസ്തുവിന്റെ വില്‍പന, വാങ്ങല്‍, നിര്‍മ്മാണം എന്നീ സേവനങ്ങള്‍, സെക്യൂരിറ്റികള്‍ ഒഴികെയുള്ള ഏതെങ്കിലും സാധനങ്ങളുടെ വാങ്ങല്‍, […]


രാജ്യത്തെ കമ്പനിനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ് നോണ്‍ ബാങ്കിംഗ്...

 

രാജ്യത്തെ കമ്പനിനിയമ പ്രകാരം രജിസ്റ്റര്‍ ചെയ്തതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ളതുമായ കമ്പനികളാണ് നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികള്‍ (എന്‍ബിഎഫ്സി) അഥവാ ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍. ഈ കമ്പനികള്‍ക്ക് റിസര്‍വ് ബാങ്കിന്റെ എന്‍ബിഎഫ്സി ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഇവയ്ക്ക് വായ്പ, നിക്ഷേപം, ലീസിങ് തുടങ്ങിയ ബിസിനസുകള്‍ ചെയ്യാം. കാര്‍ഷിക പ്രവര്‍ത്തനം, വ്യാവസായിക പ്രവര്‍ത്തനം, ഏതെങ്കിലും സ്ഥാവര വസ്തുവിന്റെ വില്‍പന, വാങ്ങല്‍, നിര്‍മ്മാണം എന്നീ സേവനങ്ങള്‍, സെക്യൂരിറ്റികള്‍ ഒഴികെയുള്ള ഏതെങ്കിലും സാധനങ്ങളുടെ വാങ്ങല്‍, വില്‍പ്പന എന്നിവ പ്രധാനമായി ചെയ്യുന്ന സംരംഭങ്ങള്‍ ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പരിധിയില്‍ പെടില്ല.

എന്‍ബിഎഫ്സികള്‍ വിവിധ തരം

അസറ്റ് ഫിനാന്‍സ് കമ്പനി, ഇന്‍വെസ്റ്റ്മെന്റ് കമ്പനി, വായ്പ കമ്പനി, ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫിനാന്‍സ് കമ്പനി, കോര്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനി, മൈക്രോ ഫിനാന്‍സ് കമ്പനി, ഹൗസിംഗ് ഫിനാന്‍സ് കമ്പനി, മോട്ട്ഗേജ് ഗ്യാരണ്ടി കമ്പനി എന്നിങ്ങനെ വിവിധ തരത്തില്‍ എന്‍ബിഎഫ്സികളെ തരം തിരിച്ചിട്ടുണ്ട്. നൂറ് കോടി രൂപയ്ക്ക് താഴെ ആസ്തിയുള്ള കമ്പനികള്‍, മെര്‍ച്ചന്റ് ബാങ്കിംഗ് കമ്പനികള്‍, ഹൗസ്ംഗ് ഫിനാന്‍സ് കമ്പനികള്‍, വെന്‍ച്വര്‍ ക്യാപിറ്റില്‍ കമ്പനികള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ചിറ്റ്ഫണ്ട് കമ്പനികള്‍ തുടങ്ങി ചില എന്‍ബിഎഫ്സികള്‍ക്ക് ആര്‍ബിഐ രജിസ്ട്രേഷന്‍ ആവശ്യമില്ല.

എങ്ങനെ എന്‍ബിഎഫ്സി ലൈസന്‍സ് എടുക്കാം

എന്‍ബിഎഫ്സി ആരംഭിക്കുന്നതിന് ചില നടപടിക്രമങ്ങളുണ്ട്. ആദ്യം കമ്പനീസ് ആക്റ്റ് 2013 പ്രകാരമോ അല്ലെങ്കില്‍ കമ്പനി ആക്റ്റ് 1956 പ്രകാരമോ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായോ അഥവാ പബ്ലിക് ലിമിറ്റഡ് കമ്പനിയായോ രജിസ്റ്റര്‍ ചെയ്യണം. മാത്രമല്ല കമ്പനിയുടെ മൊത്ത ഉടമസ്ഥതയിലുള്ള തുക ഏറ്റവും കുറഞ്ഞത് 2 കോടി രൂപ ആയിരിക്കണം. കമ്പനിയുടെ മൂന്നിലൊന്ന് ഡയറക്ടര്‍മാര്‍ക്ക് സാമ്പത്തിക രംഗത്ത് പരിചയം ഉണ്ടായിരിക്കണം. കൂടാതെ കമ്പനിയുടെ സിബില്‍ രേഖകള്‍ കൃത്യമായിരിക്കണം. അഞ്ച് വര്‍ഷത്തേക്ക് ഇത്തരം കമ്പനികള്‍ക്ക് വിശദമായ ബിസിനസ് പ്ലാന്‍ ഉണ്ടായിരിക്കണം. ഇത്തരത്തിലുള്ള എല്ലാ വ്യവസ്ഥകളും പാലിക്കുന്ന കമ്പനികള്‍ക്ക് ആര്‍ബിഐയുടെ വെബ്‌സൈറ്റില്‍് ആവശ്യമായ രേഖകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ അസല്‍ പതിപ്പ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീജിയണല്‍ ബ്രാഞ്ചിലേക്കും അയയ്ക്കണം. അപേക്ഷ കൃത്യമായി പരിശോധിച്ച ശേഷം കമ്പനിക്ക് ലൈസന്‍സ് നല്‍കും.

എന്‍ബിഎഫ്സികള്‍ പാലിക്കേണ്ടത്

നിക്ഷേപകന്‍ തിരിച്ച് ആവശ്യപ്പെട്ടാല്‍ ഉടന്‍ തിരികെ നല്‍കുന്ന നിക്ഷേപങ്ങള്‍ എന്‍ബിഎഫ്സികള്‍ക്ക് സ്വീകരിക്കാനാകില്ല. അതായത് കമ്പനിക്ക് എടുക്കാവുന്ന പൊതു നിക്ഷേപങ്ങളുടെ കാലാവധി കുറഞ്ഞത് 12 മാസവും പരമാവധി 60 മാസവും ആയിരിക്കണം. മാത്രമല്ല കമ്പനി ഈടാക്കുന്ന പലിശ റിസര്‍വ് ബാങ്ക് കാലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന പരിധിയേക്കാള്‍ കൂടുതലാകരുത്. എന്‍ബിഎഫ്സികള്‍ എടുക്കുന്ന തുകയുടെ തിരിച്ചടവിന് റിസര്‍വ് ബാങ്ക് ഗ്യാരണ്ടി നല്‍കുന്നതല്ല. നിയമപ്രകാരം കമ്പനിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും കമ്പനിയുടെ ഘടനയില്‍ വരുന്ന മാറ്റങ്ങളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കണം. കൂടാതെ കമ്പനി എല്ലാ വര്‍ഷവും ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കണം. ലൈസന്‍സ് ലഭിച്ചുകഴിഞ്ഞാല്‍ ഇത്തരത്തില്‍ നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്പനി പാലിക്കേണ്ടതുണ്ട്.