ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഷില്ലോംഗ് മുമ്പ് രാജീവ് ഗാന്ധി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്...
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഷില്ലോംഗ് മുമ്പ് രാജീവ് ഗാന്ധി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് എന്നറിയപ്പെട്ടിരുന്നു. ഇന്ത്യയില്‍ സ്ഥാപിതമായ ഏഴാമത്തെ ഐഐഎം ആണിത്. മേഘാലയയിലെ ഷില്ലോംഗ് നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. 2007 ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് വിദ്യാഭ്യാസത്തില്‍ ബിരുദാനന്തര ബിരുദം, ഡോക്ടറല്‍, എക്സിക്യൂട്ടീവ് പ്രോഗ്രാമുകളും മാനേജ്മെന്റിന്റെ വിവിധ സ്ട്രീമുകളില്‍ വ്യാപിച്ചുകിടക്കുന്ന ഡെവലപ്മെന്റ് പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു.
കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലും (ക്യാറ്റ്), ഗ്രൂപ്പ് ഡിസ്‌കഷനിലും, വ്യക്തിഗത അഭിമുഖത്തിലും ലഭിച്ച സ്‌കോറുകളെ അടിസ്ഥാനമാക്കിയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കുള്ള പ്രവേശനം. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ടിന് ഒരു സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ ഉണ്ട്. ഇത് പ്രാദേശിക സമൂഹത്തിന് ആവശ്യമായ പ്രോഗ്രാമുകള്‍ ചെയ്യുന്നതിനായി രൂപീകരിച്ചതാണ്.
വടക്കുകിഴക്കന്‍ മേഖലയില്‍ ഒരു ഐഐഎം തുടങ്ങാനുള്ള നിര്‍ദ്ദേശം 2004 ജൂണില്‍ ഷില്ലോഗില്‍ നടന്ന അവലോകന യോഗത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോടൊപ്പം ഏകകണ്ഠമായി സ്വീകരിച്ചു. നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയന്‍ വികസന മന്ത്രാലയവും, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ഷില്ലോഗിനെ തിരഞ്ഞെടുത്തത്. ഒഡീഷയിലെ മയൂര്‍ഭഞ്ച് രാജാക്കന്മാരുടെ വേനല്‍ക്കാല വിശ്രമ കേന്ദ്രമായ മയൂര്‍ഭഞ്ച് കൊട്ടാരത്തിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.