ബാങ്ക് അക്കൗണ്ടിനെ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകള്‍ നടത്തുകയും ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യു പി...
ബാങ്ക് അക്കൗണ്ടിനെ മൊബൈല്‍ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകള്‍ നടത്തുകയും ചെയ്യാന്‍ സഹായിക്കുന്ന സംവിധാനമാണ് യു പി ഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ്. പണം തല്‍ക്ഷണം അയയ്ക്കാനും സ്വീകരിക്കാനും, വിവിധ ബില്ലുകള്‍ അടയ്ക്കാനും, റീചാര്‍ജ് ചെയ്യാനും തുടങ്ങി ഇത്തരത്തിലുള്ള ഏത് ആവശ്യത്തിനും ഇന്ന് യു പി ഐ സംവിധാനം ഉപയോഗിക്കുന്നു. എന്നാല്‍ സാമ്പത്തിക തട്ടിപ്പുകള്‍ പെരുകി വരുന്ന ഈ കാലത്ത് യു പി ഐ ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികളും ഉയരുന്നുണ്ട്. ഈ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നത് വിവിധ ആപ്പുകളെ അനുസരിച്ചിരിക്കും. എങ്ങനെ ഇത്തരം പരാതികള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നോക്കാം.
പരാതികള്‍ റെജിസ്റ്റര്‍ ചെയ്യാം
നാഷണല്‍ പേയ്മെന്റസ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) വികസിപ്പിച്ചെടുത്ത ഭീം യു പി ഐ ആപ്പില്‍ ഉപയോക്താവിന് പണമിടപാടുമായി ബന്ധപ്പെട്ട വിശദാംശങ്ങളുടെ കീഴില്‍ പരാതി ഉന്നയിക്കുന്നതിനായി 'റേയ്സ് എ കംപ്ലയിന്റ്' എന്ന ഓപ്ഷന്‍ കാണാം. അവിടെ പരാതി ഉന്നയിക്കാന്‍ ആഗ്രഹിക്കുന്ന ഇടപാട് തിരഞ്ഞെടുക്കുക. ഇനി സ്‌ക്രീനില്‍ കാണുന്ന രണ്ട് ഓപ്ഷനുകളായ 'റേയ്സ് എ കണ്‍സേണ്‍' അല്ലെങ്കില്‍ 'കോള്‍ ബാങ്ക്' എന്നിവയില്‍ നിന്നും ഏതെങ്കിലും ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ഓണ്‍ലൈന്‍ ഫോമില്‍ പരാതി ചേര്‍ക്കുകയും അത് സമര്‍പ്പിക്കുകയും ചെയ്യണം. കോള്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് കസ്റ്റമര്‍ കെയര്‍ ഏജന്റുമായി സംസാരിക്കാം. മാത്രമല്ല 1800-120-1740 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാം.
ഗെറ്റ് ഇന്‍ ടച്ച്
യു പി ഐ പരാതികള്‍ ഉന്നയിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഒരു കസ്റ്റമര്‍ കെയര്‍ പ്ലാറ്റ്‌ഫോമാണ് 'ഗെറ്റ് ഇന്‍ ടച്ച്'. രജിസ്ട്രേഷന്‍, ലോഗിന്‍, ക്യാഷ്ബാക്ക്, ഇടപാട്, ബാങ്ക് അക്കൗണ്ട്, പിന്‍ മുതലായവയുമായി ബന്ധപ്പെട്ട ഏത് പ്രശ്നങ്ങളും ഇതില്‍ രേഖപ്പെടുത്താം. ഇതിനായി ഭീം യു പി ഐ ആപ്പില്‍ 'ഗെറ്റ് ഇന്‍ ടച്ച്' എന്ന ഓപ്ഷന്‍ ക്ലിക് ചെയ്യുക. അതില്‍ ക്വയറി, കംപ്ലയിന്റ്, ഫീഡ്ബാക്ക് എന്നീ വിഭാഗങ്ങളില്‍ 'കംപ്ലയിന്റ്' ഓപ്ഷന്‍ ക്ലിക് ചെയ്യുക. ശേഷം ഇടപാട്, ക്യാഷ്ബാക്ക്, ലോഗിന്‍ തുടങ്ങിയവയില്‍ നിന്നും പരാതി വിഭാഗം തിരഞ്ഞെടുക്കുക. ഇനി പ്രശ്നത്തിന്റെ രീതി, വിര്‍ച്വല്‍ പേയ്മെന്റ് അഡ്രസ്, ഇമെയില്‍ ഐഡി, രജിസ്ട്രേഡ് മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കുക. ശേഷം വരുന്ന കോഡ് ചേര്‍ത്ത്കൊണ്ട് 'സബ്മിറ്റ്' ബട്ടണ്‍ ക്ലിക് ചെയ്യുക. കംപ്ലയിന്റ് രജിസ്റ്റര്‍ ചെയ്തതായി നിങ്ങള്‍ക്ക് ഇ മെയില്‍ ലഭിക്കും.
പേടിഎം ആപ്പില്‍
നാഷണല്‍ പേയ്മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍ പി സി ഐ) വികസിപ്പിച്ചെടുത്ത മറ്റൊരു ആപ്പായ പേടിഎം ആപ്പില്‍ ഇടപാടിന്റെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ആപ്പിന്റെ '24*7 ഹെല്‍പ് ആന്‍ഡ് സപ്പോര്‍ട്ട്' ഓപ്ഷന്‍ ക്ലിക് ചെയ്യുക. അതില്‍ 'വ്യൂ ഓള്‍ സര്‍വീസസ്' ഓപ്ഷനില്‍ 'യു പി ഐ പേയേമെന്റ് ആന്‍ഡ് മണി ട്രാന്‍സ്ഫര്‍' ക്ലിക് ചെയ്ത്കൊണ്ട് പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. മാത്രമല്ല കസ്റ്റമര്‍ കെയര്‍ നമ്പറിലൂടെ ബന്ധപ്പെട്ടും നിങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം.