image

17 Jan 2022 1:40 AM

Learn & Earn

സാമ്പത്തിക ഞെരുക്കത്തിലോ? അറിയാം വ്യക്തിഗത വായ്പയെ

MyFin Desk

സാമ്പത്തിക ഞെരുക്കത്തിലോ?  അറിയാം വ്യക്തിഗത വായ്പയെ
X

Summary

വിദ്യാഭ്യാസം, വിവാഹം, യാത്ര, ആശുപത്രി ചെലവുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍.


ജീവിതത്തില്‍ നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ് നാം. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗമാണ് വായ്പകള്‍. വിവിധതരം...

 

ജീവിതത്തില്‍ നിരവധി സാമ്പത്തിക പ്രശ്നങ്ങള്‍ നേരിടുന്നവരാണ് നാം. ഇത്തരം സാഹചര്യങ്ങളില്‍ നമ്മുടെ മുന്നിലുള്ള മാര്‍ഗ്ഗമാണ് വായ്പകള്‍. വിവിധതരം വായ്പകള്‍ ഇന്ന് ലഭ്യമാണ്. വിദ്യാഭ്യാസം, വിവാഹം, യാത്ര, ആശുപത്രി ചെലവുകള്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് നമ്മെ സഹായിക്കുന്ന ഒന്നാണ് വ്യക്തിഗത വായ്പകള്‍. ഇവയ്ക്ക് ഈടോ സെക്യൂരിറ്റിയോ ആവശ്യമില്ല. വേഗത്തില്‍ ലഭിക്കുന്നതിനാലും ഏതു കാര്യത്തിനായും ഉപയോഗിക്കാന്‍ കഴിയുന്നതിനാലും സാധാരണയായി ആളുകള്‍ വ്യക്തിഗത വായ്പയെ ആണ് കൂടുതല്‍ ആശ്രയിക്കുന്നത്.

പ്രത്യേകതകള്‍

വ്യക്തിഗത വായ്പ എടുക്കുന്നതിനുള്ള പ്രക്രിയ വളരെ എളുപ്പമുള്ളതാണ്. നടപടി കാലയളവ് വളരെ കുറവാണിവിടെ. ഈ വായ്പയ്ക്ക് ഓണ്‍ലൈനായോ ബാങ്കില്‍ നേരിട്ട് ചെന്നോ അപേക്ഷിക്കാം. വളരെ കുറച്ച് രേഖകള്‍ മാത്രമേ വ്യക്തിഗത വായ്പ എടുക്കാന്‍ ആവശ്യമുള്ളൂ. സ്ഥിര വരുമാനമില്ലാത്തവര്‍ക്ക് വ്യക്തിഗത വായ്പ ലഭിക്കാന്‍ പ്രയാസമാണ്.

യോഗ്യതകള്‍

സ്വന്തമായി സമ്പാദിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് വ്യക്തിഗത വായ്പകള്‍ എടുക്കാന്‍ കഴിയും. സ്വകാര്യ കമ്പനികളിലെ ജീവനക്കാര്‍, കേന്ദ്ര, സംസ്ഥാന, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെല്ലാം ഈ വായ്പ എടുക്കാവുന്നതാണ്. പ്രതിമാസം കുറഞ്ഞത് 15,000 രൂപ വരുമാനം വേണമെന്ന് മാത്രം. 21 മുതല്‍ 60 വയസ്സ് വരെ പ്രായപരിധിയുള്ളവരായിരിക്കണം.

പലിശനിരക്കും വായ്പാ കാലാവധിയും

വ്യക്തിഗത വായ്പയുടെ കാര്യത്തില്‍ പലിശനിരക്ക് ശരാശരി 9 മുതല്‍ 24 ശതമാനം വരെയാണ്. ഈടുകളില്ലാത്തതുകൊണ്ടു തന്നെ വ്യക്തിഗത വായ്പയ്ക്ക് പലിശനിരക്ക് കൂടുതലാണ്. ലഭിച്ച വായ്പ തിരിച്ചടയ്ക്കാനുള്ള നിശ്ചിത സമയത്തെയാണ് വായ്പാ കാലാവധി എന്ന് പറയുന്നത്. വ്യക്തിഗത വായ്പയ്ക്ക് ഒന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ കാലാവധിയുണ്ട്. ഇ എം ഐയിലൂടെയാണ് തിരിച്ചടവ്.

വായ്പ നല്‍കുമ്പോള്‍ ഉപഭോക്താവിന് ഒരു നിശ്ചിത പ്രതിമാസ തിരിച്ചടവ് തുക വായ്പ നല്‍കുന്നവര്‍ നിശ്ചയിച്ച് അറിയിക്കുന്നു. നിങ്ങളുടെ ഇ എം ഐ നിര്‍ണ്ണയിക്കുന്ന മൂന്ന് ഘടകങ്ങളാണ് വായ്പ തുകയും, പലിശ നിരക്കും, വായ്പ കാലാവധിയും. നിങ്ങള്‍ക്ക് കുറഞ്ഞ തിരിച്ചടവ് കാലാവധിയാണ് സൗകര്യപ്രദമെങ്കില്‍ തിരഞ്ഞെടുക്കാവുന്ന ഒന്നാണ് വ്യക്തിഗത വായ്പ.