- Home
- /
- സാധാരണ ഫോണിലും ഇ...
Summary
ഈ സംവിധാനത്തിലൂടെ 200 രൂപയോ അതില്‍ കുറഞ്ഞ തുകയ്ക്കോ ഇടപാടുകള്‍ നടത്താം.
വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു...
വിവിധ ബാങ്കിംഗ് സേവനങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഒരു സംവിധനമാണ് യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യു പി ഐ). ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് മൊബൈല്‍ ആപ്പിലൂടെ പണം കൈമാറാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. ഈ സംവിധാനം ഉയോഗിച്ച് ഇ വാലറ്റിലൂടെ പണമിടപാടുകള്‍ നടത്താം.
പണമിടപാടുകള്‍ നടത്തുതിന് ഇ വാലറ്റ് വ്യക്തിയുടെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യണം. ഇ വാലറ്റുകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാമെന്നത് കൊണ്ട് തന്നെ ആളുകള്‍ ദൈനംദിന പണമിടപാടുകള്‍ക്ക് ഇത് കൂടുതലായി ഉപയോഗിക്കുന്നുണ്ട്. വൈദ്യുതി, ഗ്യാസ് സിലിണ്ടര്‍ ബില്ലുകള്‍ അടയ്ക്കല്‍, കോളേജ് ഫീസ്, മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യല്‍ തുടങ്ങി ഏത് തരത്തിലുള്ള പണം വിനിമയങ്ങളും ഇ വാലറ്റിലൂടെ നടത്താം.
കുറഞ്ഞ തുകയ്ക്കും ഇത്തരം യുപിഐ ഇടപാടുകള്‍ നടത്താനുള്ള സംവിധാനമൊരുക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കീ പാഡ് മൊബൈല്‍ ഫോണ്‍ (സാധാരണ മൊബൈല്‍ ഫോണ്‍) ഉപയോഗിക്കുന്ന ആളുകള്‍ക്കും ഇനി യു പി ഐ ഇടപാടുകള്‍ സാധ്യമാകും. *99# എന്ന കോഡ് ഉപയോഗിച്ച് നാഷണല്‍ യൂണിഫൈഡ് യു എസ് എസ് ഡി പ്ലാറ്റ്ഫോമിലൂടെയാണ് നിലവില്‍ ഇത്തരം ഫോണുകളിലൂടെ പണമിടപാടുകള്‍ നടത്തുന്നത്. എന്നാല്‍ ഇത് വിജയകരമല്ല.
ലഭ്യമായ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ 118 കോടിയോളം വരുന്ന മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളില്‍ ഏകദേശം 74 കോടിയോളം ആളുകള്‍ മാത്രാമണ് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കുറഞ്ഞ തുകയ്ക്കും യുപിഐ ഇടപാടുകള്‍ നടത്താന്‍ സാധാരണ ഫോണുകളേയും പ്രാപ്തമാക്കുന്നത്. ഇതിലൂടെ ബാങ്കിംഗ് സേവനങ്ങള്‍ക്ക് പുറത്തുള്ള മേഖലയിലെ ഗ്രാമീണരെ ഡിജിറ്റല്‍ ഇക്കോണമിയുടെ ഭാഗമാക്കാനാവും എന്നാണ് പ്രതീക്ഷ.
ഈ സംവിധാനത്തിലൂടെ 200 രൂപയോ അതില്‍ കുറഞ്ഞ തുകയ്ക്കോ ഇടപാടുകള്‍ നടത്താം. ഉപഭോക്താക്കള്‍ക്ക് വാലറ്റില്‍ ഇടാവുന്ന തുക ഏകദേശം 2,000 രൂപയായി പരിമിതപ്പെടുത്തും. ഈ സംവിധാനം പേപ്പര്‍രഹിത പണമിടപാടുകളെ പ്രോത്സാഹിപ്പിക്കും. യു പി ഐ ഇടപാടുകള്‍ വളരെ സുരക്ഷിതമായ എന്‍ക്രിപ്ഷന്‍ ഫോര്‍മാറ്റ് ഉപയോഗിക്കുന്നു. അതിനാല്‍ ഇത് വളരെ സുരക്ഷിതമാണ്. ആകെയുള്ള യു പി ഐ ഇടപാടുകളില്‍ 50 ശതമാനവും 200 രൂപയില്‍ താഴെയാണ് എന്നാണ് കണക്ക്. ആ നിലയ്ക്ക് പുതിയ സംവിധാനത്തിലേക്ക് കൂടുതല്‍ ആളുകള്‍ വരും എന്നാണ് പ്രതീക്ഷ.