നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടവ് തുടരാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ക്കുണ്ടോ? ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ...
നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടവ് തുടരാനാവാത്ത വിധം സാമ്പത്തിക പ്രതിസന്ധി നിങ്ങള്‍ക്കുണ്ടോ? ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ പ്രീമിയം അടയ്ക്കുന്നത് നിര്‍ത്തിയാല്‍ പോളിസി തനിയെ നഷ്ടപ്പെടും. എന്നാല്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ പണം നഷ്ടമാകാതെ പ്രശ്‌നം പരിഹരിക്കാം. പോളിസി നഷ്ടമാകുന്നതിന് പകരം ഇത് ഒരു 'പെയ്ഡ്-അപ്' പോളിസിയിലേക്ക് മാറ്റിക്കോളൂ.
എന്‍ഡോവ്മെന്റ് അല്ലെങ്കില്‍ മണി-ബാക്ക് പോലുള്ള പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസി അതിന്റെ കാലാവധി പൂര്‍ത്തിയാകുന്നതുവരെ തുടര്‍ന്നാല്‍ സാധാരണയായി 4-6 ശതമാനമാകും റിട്ടേണ്‍. എന്നാല്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഒരു ദീര്‍ഘകാല കരാറായതിനാല്‍ കാലാവധിക്ക് മുമ്പേ പ്രീമിയം അടവ് നിര്‍ത്തുകയാണെങ്കില്‍, യഥാര്‍ത്ഥ മെച്യൂരിറ്റി തുക ഇന്‍ഷുറന്‍സ് കമ്പനി കുറയ്ക്കും. അതുകൊണ്ട് എടുക്കുന്നതിന് മുന്‍പ് തന്നെ പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുടെ ലക്ഷ്യവും പ്രവര്‍ത്തന രീതികളും നന്നായി മനസ്സിലാക്കുന്നത് നല്ലതാണ്.
പരമ്പരാഗത ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ഉണ്ടെങ്കില്‍, അത് നിര്‍ത്തലാക്കണമെങ്കില്‍ രണ്ട് വഴികളുണ്ട്. ഒന്ന് പോളിസി നിര്‍ത്തലാക്കാതെ തന്നെ പണമടച്ചുള്ള പോളിസി അഥവാ പെയ്ഡ് അപ് പോളിസിയാക്കി മാറ്റുക. രണ്ട് പോളിസി സറണ്ടര്‍ ചെയ്യുക. സാധാരണഗതിയില്‍ 10 വര്‍ഷമോ അതില്‍ കൂടുതലോ കാലാവധിയുള്ള പോളിസികള്‍ക്കായി ഒരാള്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രീമിയം അടച്ചിരിക്കണം, അതിനുശേഷം പെയ്ഡ് അപ് പോളിസിയോ പോളിസി സറണ്ടര്‍ ചെയ്യുന്നതോ തിരഞ്ഞെടുക്കാം. കുറഞ്ഞ കാലാവധിയുള്ള പോളിസികള്‍ക്ക്, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രീമിയം അടവ് നിര്‍ബന്ധമാണ്.
പെയ്ഡ് അപ് പോളിസി
മൂന്ന് വര്‍ഷത്തെ പ്രീമിയം അടയ്ക്കുകയും ഭാവിയില്‍ പ്രീമിയം അടയ്ക്കാനാവാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്താല്‍ ഇവിടെ 'പെയ്ഡ് അപ്' പോളിസിയായി മാറ്റും. ഇങ്ങനെ മാറ്റുമ്പോള്‍ അതേ വര്‍ഷത്തില്‍ നിങ്ങള്‍ക്ക് അടച്ച പണം തിരികെ ലഭിക്കില്ല, അതിനായി പോളിസിയുടെ യഥാര്‍ത്ഥ കാലാവധി വരെ കാത്തിരിക്കേണ്ടിവരും.
പോളിസിയോടൊപ്പമുള്ള ബോണസുകള്‍ തുടരുമെങ്കിലും പോളിസിയുടെ സം അഷ്വേര്‍ഡ് കുറയുകയും അത് പെയ്ഡ് അപ് സം അഷ്വേര്‍ഡ് ആയി മാറുകയും ചെയ്യും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, പോളിസിയില്‍ ചേര്‍ത്തിട്ടുള്ള ബോണസ് തുക സഹിതം പോളിസി ഉടമയ്ക്കോ നോമിനിക്കോ നല്‍കും. പോളിസി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് പോളിസി ഹോള്‍ഡര്‍ മരിക്കുകയാണെങ്കില്‍ പെയ്ഡ്-അപ് സം അഷ്വേര്‍ഡിന്റെ ഉയര്‍ന്ന തുക അല്ലെങ്കില്‍ പ്രീമിയത്തിന്റെ 105 ശതമാനം നോമിനികള്‍ക്ക് നല്‍കും. ഒരാള്‍ക്ക് തന്റെ പോളിസി പെയ്ഡ് അപ് പോളിസിയാക്കുവാന്‍ താത്പര്യമില്ലെങ്കില്‍ പോളിസി സറണ്ടര്‍ ചെയ്യാവുന്നതാണ്.
പോളിസി സറണ്ടര്‍
പോളിസി സറണ്ടര്‍ ചെയ്യണമെന്ന് പോളിസിയുടമ ആവശ്യപ്പെടുകയാണെങ്കില്‍ ഇന്‍ഷുറര്‍ സറണ്ടര്‍ മൂല്യം കണക്കാക്കും. ഇങ്ങനെ കണക്കാക്കുമ്പോള്‍ നിങ്ങള്‍ പ്രീമിയമായി അടച്ചതും പലിശയും ഉള്‍പ്പെടെയുള്ളതിന് തുല്യമായ തുക തിരികെ ലഭിക്കില്ല ഇവിടെ. സറണ്ടര്‍ മൂല്യം കണക്കാക്കുന്നതിന് വ്യത്യസ്ത മാനദണ്ഡങ്ങളുണ്ട്.
ആദ്യത്തെ ഏഴ് വര്‍ഷത്തേക്കുള്ള സറണ്ടര്‍ മൂല്യം ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പമെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിശ്ചയിച്ചിട്ടുണ്ട്. ഏഴാം വര്‍ഷം മുതല്‍ ഇത് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്പമെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ കമ്പനിക്ക് തന്നെ തീരുമാനിക്കാം. സറണ്ടര്‍ മൂല്യം പോളിസിയുടെ മൂന്നാം വര്‍ഷത്തില്‍ അടച്ച പ്രീമിയത്തിന്റെ 30 ശതമാനവും നാലാമത്തെയും ഏഴാമത്തെയും വര്‍ഷത്തിനിടയില്‍ അടച്ച പ്രീമിയത്തിന്റെ 50 ശതമാനവുമാണ്.
പെയ്ഡ് അപ് പോളിസിയാക്കുകയോ സറണ്ടര്‍ ചെയ്യുകയോ, ചെയ്യുന്നതിനു മുമ്പുതന്നെ, നിങ്ങള്‍ക്ക് മതിയായ ലൈഫ് കവര്‍ ഉണ്ടെന്ന് ഉറപ്പാക്കണം. ലൈഫ് കവര്‍ എടുത്ത ശേഷം ഒരാള്‍ക്ക് ഒന്നുകില്‍ പബ്ലിക് പ്രോവിഡന്റ് ഫണ്ട് പോലുള്ളവയില്‍ നിക്ഷേപം ആരംഭിക്കാം അല്ലെങ്കില്‍ ദീര്‍ഘകാലത്തേക്ക് ബാലന്‍സ്ഡ് അല്ലെങ്കില്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ വഴി നിക്ഷേപിക്കുന്നതും പരിഗണിക്കാം.