ഇന്ത്യയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ 'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍' എന്ന...
ഇന്ത്യയില്‍ ബാങ്കിംഗ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ 'ഒരു രാജ്യം-ഒരു ഓംബുഡ്സ്മാന്‍' എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഏകീകൃത ഓംബുഡ്സ്മാന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. വിവിധ ബാങ്കിംഗ് പണമിടപാടുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിന് ഈ ഓംബുഡ്സ്മാന്‍ സംവിധാനം സഹായിക്കും. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പരാതികള്‍ രേഖപ്പെടുത്താന്‍ ഇനി ഒരു പോര്‍ട്ടലും ഒരു ഇ മെയില്‍ വിലാസവുമാണുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) നിയന്ത്രണത്തിലുള്ള എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കെതിരെയും ഉപഭോക്താക്കള്‍ക്ക് ഇനി ഈ സംവിധാനം വഴി എളുപ്പത്തില്‍ പരാതി നല്‍കാം.
ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഡിജിറ്റല്‍ പണമിടപാട് സ്ഥാപനങ്ങള്‍ ഇവയ്‌ക്കെല്ലാം പ്രത്യേകം ഓംബുഡ്‌സ്മാന്‍ സംവിധാനമാണ് നിലവിലുണ്ടായിരുന്നത്. ഇവയെ ഏകീകരിച്ചുകൊണ്ടുള്ളതാണ് പുതിയ ഓംബുഡ്സ്മാന്‍ സംവിധാനം.
പരാതി നല്‍കാം
ഏകീകൃത ഓംബുഡ്സ്മാന്‍ സംവിധാനത്തിന് കീഴില്‍ പരാതി നല്‍കുവാന്‍ പ്രധാനമായും നാല് രീതികളാണുള്ളത്. 14448 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ബാങ്കിംഗ് പരാതികള്‍ നല്‍കാം. രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:15 വരെയാണ് ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ crpc@rbi.org.in എന്ന ഇ മെയിലിലൂടെയും പരാതി അയക്കാമെന്നതാണ് മറ്റൊരു രീതി. കൂടാതെ 'സെന്‍ട്രലൈസ്ഡ് റസീറ്റ് ആന്‍ഡ് പ്രോസസ്സിംഗ് സെന്റര്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ഫോര്‍ത്ത് ഫ്ലോര്‍, സെക്ടര്‍ 17, ചണ്ഡീഗഡ് 160017' എന്ന വിലാസത്തിലേക്ക് പരാതികള്‍ എഴുതി അയക്കാം. മാത്രമല്ല https://cms.rbi.org.in എന്ന വെബ്സൈറ്റിലൂടെയും പരാതി അയക്കാം.
വെബ്സൈറ്റിലൂടെ പരാതി അയക്കാം
ബാങ്കിംഗ് പരാതികള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ https://cms.rbi.org.in എന്ന വെബ്സൈറ്റില്‍ കയറി 'ഫയല്‍ എ കംപ്ലയിന്റ്' ഓപ്ഷന്‍ ക്ലിക് ചെയ്യുക. ഇനി കാണുന്ന കോഡ് കൃത്യമായി രേഖപ്പെടുത്തുക. ശേഷം നിങ്ങളുടെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കി 'ഗെറ്റ് ഒ ടി പി' ക്ലിക് ചെയ്യുക. ലഭിക്കുന്ന ഒ ടി പി ഉയോഗിച്ച് അടുത്ത ഘട്ടത്തിലേക്ക് കടന്ന ശേഷം നിങ്ങളുടെ ഇ മെയില്‍ ഐ ഡി, വയസ്സ്, പരാതിയുടെ വിഭാഗം എന്നിവ രേഖപ്പെടുത്തുക. ഇനി നിങ്ങളുടെ സംസ്ഥാനം, ജില്ല, വിലാസം എന്നിവ നല്‍കുക. ആര്‍ക്കെതിരെയാണ് പരാതി ഉന്നയിക്കുന്നതന്നും ഇവിടെ നല്‍കണം.
പരാതിയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇനി ചേര്‍ക്കണം. ശേഷം പരാതിയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതോടെ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ആകും. ഇനി വരുന്ന ടാബില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ പരാതി എഴുതിയ കോപ്പി സ്‌കാന്‍ ചെയ്ത് ചേര്‍ക്കാവുന്നതാണ്. ഇനി പരാതിയുടെ സബ് കാറ്റഗറി തിരഞ്ഞെടുക്കുകയും പരാതിയിലുള്ള പണ ഇടപാടിന്റെ തുക, ആവശ്യമായ നഷ്ടപരിഹാര തുക എന്നിവയും സഹിതം പരാതിയുടെ എല്ലാ വിശദാംശങ്ങളും നല്‍കുക. അവസാന ടാബില്‍ ആവശ്യമെങ്കില്‍ പരാതിയുമായി ബന്ധപ്പെട്ട അധിക രേഖകള്‍ എന്തെങ്കിലും ചേര്‍ക്കുന്നതോടെ പരാതി നല്‍കുന്ന പ്രക്രിയ പൂര്‍ത്തിയാകും. ഈ വെബ്സൈറ്റിലൂടെ തന്നെ നല്‍കിയ പരാതിയുടെ നിലവിലെ സ്ഥിതി പരിശോധിക്കാം.