image

16 Jan 2022 12:26 AM GMT

Lifestyle

ഭക്ഷ്യ കാര്‍ഷിക സംഘടന

MyFin Desk

ഭക്ഷ്യ കാര്‍ഷിക സംഘടന
X

Summary

വിദ്യാഭ്യാസ പരിശീലന പരിപാടികളും കാര്‍ഷിക ഉത്പാദനം, വികസനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.


ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) രൂപീകരിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഏജന്‍സിയാണിത്. യുഎന്‍...

ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (എഫ്എഒ) രൂപീകരിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഒരു പ്രത്യേക ഏജന്‍സിയാണിത്. യുഎന്‍ അനൗദ്യോഗികമായി ചില പ്രോഗ്രാമുകള്‍, പ്രത്യേക ഏജന്‍സികള്‍ എന്നിവ അവരുടേതായ നേതൃത്വവും ബജറ്റും ഉപയോഗിച്ച് നിര്‍മിച്ചിട്ടുണ്ട്. ഓരോ പ്രത്യേക ഏജന്‍സികളും സ്വന്തമായുള്ള സാമ്പത്തിക സ്രോതസ്സുകള്‍ വഴി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര അന്താരാഷ്ട്ര സംഘടനകളാണ്.

ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനമായി ആചരിക്കപ്പെടുന്നു. പട്ടിണി ഇല്ലാതാക്കുവാന്‍ വേണ്ടി അന്താരാഷ്ട്രതലത്തിലുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന പ്രധാന സംഘടനയാണിത്. വികസിതരാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും എഫ്.എ.ഒ.യുടെ സേവനങ്ങള്‍ ലഭ്യമാണ്. കാര്‍ഷിക സംഘടനയില്‍ 194 അംഗരാജ്യങ്ങളാണുള്ളത്. ഇറ്റലിയിലെ റോമിലാണ് സംഘടനാ ആസ്ഥാനം. കൂടാതെ 130 ലധികം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, ലോകമെമ്പാടുമുള്ള പ്രാദേശിക, ഫീല്‍ഡ് ഓഫീസുകള്‍ ഈ സംഘടനയ്ക്കുണ്ട്.

കൃഷി, വനം, മത്സ്യബന്ധനം, കര-ജല സ്രോതസ്സുകള്‍ എന്നീ മേഖലകള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാരുകളെയും വികസന ഏജന്‍സികളെയും ഇത് സഹായിക്കുന്നു. ഗവേഷണം നടത്തുകയും പദ്ധതികള്‍ക്ക് സാങ്കേതിക സഹായം നല്‍കുകയും ചെയ്യുന്നു. വിദ്യാഭ്യാസ പരിശീലന പരിപാടികളും കാര്‍ഷിക ഉത്പാദനം, വികസനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യുന്നു.

ഗുജറാത്ത് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (ജെഇഎംഐ) നടത്തുന്ന ജല സംയോജന പദ്ധതിയുടെ പങ്കാളിയാണ് എഫ്എഒ. ഈ പദ്ധതിയി ജല ഉപയോഗക്ഷമത, ജലക്ഷാമം, മലിനജല സംസ്‌കരണം, പുനരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വൈദഗ്ധ്യം നല്‍കുന്നു. കന്നുകാലികളില്‍ മാരകമായ വൈറല്‍ രോഗമായ റൈന്‍ഡര്‍പെസ്റ്റ് (rinderpest) ഇല്ലാതാക്കിയതും എല്ലാവര്‍ക്കും സുരക്ഷിതവും നല്ലതുമായ ഭക്ഷണം ഉറപ്പാക്കാന്‍ അന്താരാഷ്ട്ര നിലവാരം (codex alimentarius) സൃഷ്ടിച്ചതും ഭക്ഷ്യ ഏജന്‍സിയുടെ നേട്ടങ്ങളില്‍ പെടുന്നു. അനധികൃത മീന്‍പിടുത്തം ചെറുക്കുന്നതിനുള്ള ആദ്യത്തെ അന്താരാഷ്ട്ര ഉടമ്പടിയായ പോര്‍ട്ട് സ്റ്റേറ്റ് മെഷേഴ്സ് കരാര്‍ സൃഷ്ടിച്ചത് യുഎന്‍ ഭക്ഷ്യ ഏജന്‍സിയായിരുന്നു. സംഘടനയുടെ റെഗുലര്‍ പ്രോഗ്രാം ബജറ്റിനായി അംഗങ്ങള്‍ അവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള ധനസഹായം നല്‍കുന്നു.