വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ പലപ്പോഴും ബാങ്കുകള്‍ ജാമ്യാക്കാരെ ആവശ്യപ്പെടാറുണ്ട്. ബാങ്കുകള്‍ മാത്രമല്ല ബാങ്ക് ഇതര ധനകാര്യ...
വായ്പകള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ പലപ്പോഴും ബാങ്കുകള്‍ ജാമ്യാക്കാരെ ആവശ്യപ്പെടാറുണ്ട്. ബാങ്കുകള്‍ മാത്രമല്ല ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും ഇത് ചോദിക്കാറുണ്ട്. അപേക്ഷകന്‍ ആവശ്യപ്പെടുന്ന തുക, ക്രെഡിറ്റ് സ്‌കോര്‍ തുടങ്ങിയവ പരിഗണച്ചാവും ഇത്. പലരും പരസ്പര വിശ്വാസത്തിന്റെയും ബന്ധങ്ങളുടെയും പേരില്‍ വായ്പകള്‍ക്ക് ജാമ്യം നില്‍ക്കാറുണ്ട്. മാസ അടവുകള്‍ കൃത്യമാണെങ്കില്‍ ആര്‍ക്കും തലവേദനയില്ലാതെ കഴിക്കാം. എന്നാല്‍ ഭവന വായ്പകള്‍ അടക്കമുളളവ ദീര്‍ഘകാലയളവില്‍ ഉള്ളതായതിനാല്‍ എപ്പോഴെങ്കിലും അടവ് മുടങ്ങിയാല്‍ ആ ബാധ്യത ജാമ്യക്കാരനു കൂടി ഏല്‍ക്കേണ്ടി വരും. നിങ്ങള്‍ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി ജാമ്യം നില്‍ക്കുന്നുവെങ്കില്‍ അത് വലിയ സാമ്പത്തിക ബാധ്യതയാകും പിന്നീട് വരുത്തി വയ്ക്കുക.
എന്തുകൊണ്ട് ജാമ്യം?
ഭവന, വാഹന, വിദ്യാഭ്യാസ വായ്പകള്‍ക്കെല്ലാം ബാങ്കുകള്‍ ഇത് ആവശ്യപ്പെടാറുണ്ട്. ഇത്തരം വായ്പകളുടെ തുകയും അതനുസരിച്ച് റിസ്‌കും കൂടുതലായതിനാലാണ് ഇത്. അതേസമയം വായ്പ അപേക്ഷകന്റെ തിരിച്ചടവ് ചരിത്രം മോശമാവുകയും ക്രെഡിറ്റ് സ്‌കോറില്‍ അത് പ്രകടമാവുകയും ചെയ്താല്‍ ബാങ്കുകള്‍ക്ക് അധിക ബലത്തിന് ജാമ്യക്കാരനെ നല്‍കേണ്ടി വരും. ഇനി ജാമ്യക്കാരെ നല്‍കാന്‍ ഇവിടെ അപേക്ഷകന്‍ പരാജയപ്പെട്ടാല്‍ ബാങ്കുകള്‍ അധിക ഉറപ്പ് എന്ന നിലയ്ക്ക് മറ്റ് ഈട് വസ്തുക്കള്‍ ആവശ്യപ്പെടാം.
വില്‍ഫുള്‍ ഡീഫോള്‍ട്ട്
സാധാരണ ഭവന വായപ് എടുക്കുമ്പോള്‍ ആസ്തി ബാങ്കിന് ഈട് വയ്‌ക്കേണ്ടതുണ്ട്. ഇവിടെ അടവ് തുടര്‍ച്ചയായി മുടങ്ങുകയും വായ്പ തിരിച്ച് പിടിക്കാനാവാതിരിക്കുകയും ചെയ്താല്‍ സ്വാഭാവികമായും ജാമ്യമക്കാരനാകും ഈ ബാധ്യത. കുടിശ്ശികയായി ഉടനെ ബാങ്കുകള്‍ ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കും. അങ്ങനെ വരികയും അപേക്ഷകന്‍ വായ്പ അടയ്ക്കാന്‍ കൂട്ടാക്കാതെ ഇരിക്കുകയും ചെയ്താല്‍ നീക്കി ബാക്കി തുക മുഴുവന്‍ അടച്ച് തീര്‍ക്കേണ്ട ബാധ്യത ജാമ്യക്കാരന് ആയിരിക്കും. ഇത് നല്‍കാനാവുന്നില്ലെങ്കില്‍ ജാമ്യക്കാരനെ ബോധപൂര്‍വം കുടിശ്ശിക വരുത്തിയ ആള്‍ എന്ന കാറ്റഗറിയിലേക്ക് മാറ്റും.
വിദ്യാഭ്യാസ വായ്പ
സാധാരണ നിലയില്‍ 4 ലക്ഷം രൂപയില്‍ താഴെയാണ് തുകയെങ്കില്‍ ഇവിടെ ജാമ്യം വേണ്ടതില്ല. അതില്‍ കൂടുതലായാല്‍ ഏഴ് ലക്ഷം രൂപ വരെ മൂന്നാം കക്ഷി ജാമ്യം നില്‍ക്കാന്‍ ബാങ്കുകള്‍ ആവശ്യപ്പെടും. ഏഴ് ലക്ഷത്തിനും മുകളിലാണ് വായ്പയെങ്കില്‍ ആകെ മൂല്യത്തിന് തുല്യമായ ഈട് ചോദിക്കാറുണ്ട്. ഒപ്പം വിദ്യാര്‍ഥിയുടെ ഭാവി വരുമാനം വായ്പ അടവിലേക്ക് ഉറപ്പാക്കുകയും ചെയ്യും. എന്നാല്‍ വായ്പ എടുക്കുന്ന മാതാപിതാക്കളുടെ ആസ്തി അനുസരിച്ച് ഇതില്‍ വിട്ടുവീഴ്ച ചെയ്യാറുണ്ട്. ഇവിടെ ഐ ഐ ടി, ഐ ഐ എം പോലുള്ള ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളാണെങ്കില്‍ ബാങ്കുകള്‍ നിബന്ധനകള്‍ ലളിതമാക്കും. തൊഴില്‍ സാധ്യത കൂടുതലായതിനാല്‍ ഇവിടെ റിസ്‌ക് കുറവാണ് എന്നതാണ് കാരണം.
വെട്ടിലാവാതെ നോക്കണം
സുഹൃത്തുക്കളും ബന്ധുക്കളും വായ്പകള്‍ക്ക് ജാമ്യം നില്‍ക്കാന്‍ ക്ഷണിക്കുമ്പോള്‍ അതുകൊണ്ട് രണ്ട് വട്ടം ആലോചിക്കേണ്ടതുണ്ട്. അപേക്ഷകന്‍ അടവ് മുടക്കിയാല്‍ സ്വന്തം സാമ്പത്തിക പ്രതിസന്ധിയില്‍ കൂനിന്‍മേല്‍ കുരുവായി മറ്റൊരു ബാധ്യത കൂടി തലയിലേറ്റേണ്ടി വരും. മാത്രമല്ല ഇത് ജാമ്യക്കാരന്റെ ക്രെഡിറ്റ് സ്‌കോറിനെയും വലിയ തോതില്‍ പിന്നോട്ട് വലിക്കും. പിന്നീട് കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കാനുള്ള നിങ്ങളുടെ യോഗ്യതയെയാകും ഇത് ഇല്ലാതാക്കുക.