Summary
അനാവശ്യവുമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതാക്കികൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില സ്ഥിരത ഉറപ്പാക്കാനും ഒപെക് ലക്ഷ്യമിടുന്നു
പെട്രോളിയം കയറ്റുമതി ചെയ്യുന്ന 13 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്)....
പെട്രോളിയം കയറ്റുമതി ചെയ്യുന്ന 13 രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ദി പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്). ആദ്യത്തെ അഞ്ച് അംഗങ്ങളായ ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ, വെനിസ്വേല എന്നിവയുടെ നേതൃത്വത്തില്‍ 1960 സെപ്റ്റംബര്‍ 14 ന് ഒപെക് ബാഗ്ദാദില്‍ സ്ഥാപിതമായി.
1962 നവംബര്‍ ഒന്നിന് യു എന്‍ സെക്രട്ടേറിയറ്റില്‍ രജിസ്റ്റര്‍ ചെയ്ത ഇതിന്റെ ആസ്ഥാനം 1965 മുതല്‍ ഓസ്ട്രിയയിലെ വിയന്നയിലാണ്. അള്‍ജീറിയ, അംഗോള, ഇക്വഡോര്‍, ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, കുവൈറ്റ്, ലിബിയ, നൈജീരിയ, ഖത്തര്‍, സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകള്‍, വെനിസ്വേല എന്നിവയാണ് ഇപ്പോഴത്തെ 13 അംഗങ്ങള്‍.
എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും ലഭിക്കേണ്ട വരുമാനം ഉറപ്പാക്കേണ്ടതിനുമായി ഒപെക് ശ്രമിക്കുന്നു. അതോടൊപ്പം അനാവശ്യവുമായ ഏറ്റക്കുറച്ചിലുകള്‍ ഇല്ലാതാക്കികൊണ്ട് അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില സ്ഥിരത ഉറപ്പാക്കാനും ഒപെക് ലക്ഷ്യമിടുന്നു.
ഉപഭോഗ രാജ്യങ്ങള്‍ക്ക് കാര്യക്ഷമവും ക്രമാനുഗതവുമായ പെട്രോളിയം വിതരണവും പെട്രോളിയം വ്യവസായത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് മൂലധനത്തിന്റെ ന്യായമായ വരുമാനവും ഉറപ്പാക്കുന്നതില്‍ ഒപെക്കിന്റെ പങ്ക് ഒരുപോലെ പ്രധാനമാണ്.
ലോകത്തിലെ പെട്രോളിയം നിക്ഷേപത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും ഉത്പാദനത്തിന്റെ 35.6 ശതമാനവും ഒപെക് രാജ്യങ്ങളിലാണ്. വരുമാനം കുറയുകയും സാമ്പത്തിക കരുതല്‍ ധനം കുറയുകയും ചെയ്യുന്ന അവസ്ഥ ഓന്നിലധികം വര്‍ഷം തുടര്‍ന്നപ്പോള്‍ 2008 ല്‍ ഉത്പാദനം വെട്ടിക്കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചു. നിരവധി രാഷ്ട്രീയ തടസ്സങ്ങള്‍ ഉണ്ടായിരുന്നിട്ടും, 2016 സെപ്തംബറില്‍ പ്രതിദിനം ഏകദേശം ഒരു ദശലക്ഷം ബാരലുകള്‍ വെട്ടിക്കുറച്ചു. തുടര്‍ന്ന് 2016 അവസാനത്തോടെ ഒപെക് ഉത്പാദനം കുതിച്ചുയര്‍ന്നു.
2021 ജൂലൈയില്‍, ഒപെക് അംഗങ്ങള്‍, പ്രത്യേകിച്ച് സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റുകളും, എണ്ണ ഉത്പ്പാദനം വര്‍ധിപ്പിക്കാന്‍ ഒരു കരാറിലെത്തി. 2014 ന് ശേഷം എണ്ണവില ഏറ്റവും ഉയര്‍ന്ന നിലയിലെത്താന്‍ കാരണമായ തര്‍ക്കങ്ങള്‍ അതോടെ അവസാനിപ്പിച്ചു.
കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ച്, 2022 മെയ് മാസത്തോടെ റഷ്യ അതിന്റെ ഉതപാദനം 11 ദശലക്ഷം ബാരലില്‍ നിന്ന് 11.5 ദശലക്ഷമായി ഉയര്‍ത്തും. മറ്റ് അംഗങ്ങള്‍ ആഗസ്റ്റ് മുതല്‍ പ്രതിദിനം 400,000 ബാരലുകള്‍ വര്‍ധിപ്പിക്കും.